25 April Thursday

കാട്ടിൽ തപ്പുമ്പോൾ അശോകൻ ടൗണിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

അശോകനെ ഹൊസ്ദുർഗ് ഡിവെെഎസ്പി ഓഫീസിൽ എത്തിച്ചപ്പോൾ

കാഞ്ഞങ്ങാട്‌
കൊച്ചിയിൽ പിടിയിലായ മോഷ്ടാവ്‌ കറുകവളപ്പിൽ അശോകനെ പൊലീസ് വാഹനത്തിൽ ഉച്ചയോടെ കാഞ്ഞങ്ങാട് കൊണ്ടുവന്നു. കൊച്ചി മറൈൻ ഡ്രൈവിൽ തിങ്കൾ വൈകിട്ടാണ്‌ പിടികൂടിയത്‌.
 ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ് ഐ സതീഷ് കുമാർ, എസ്എച്ച്ഒ കെ പി ഷൈൻ എന്നിവർ ചോദ്യം ചെയ്തു. ഹൊസ്ദുർഗ് കോടതി രണ്ടിൽ ഹാജരാക്കി. ബുധനാഴ്ച കസ്റ്റഡി അപേക്ഷ നൽകും. കാഞ്ഞിരപ്പൊയിലിലെ വിജിതയെ ആക്രമിച്ച ശേഷം കണ്ണൂരേക്കും അവിടെ നിന്ന്‌  തൃശൂരിലേക്കും കൊച്ചിയിലേക്കും പോയെന്നാണ്‌ മൊഴി നൽകിയത്‌.  നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും കൂടെയുണ്ടായിരുന്നയാളെ കൊച്ചിയിൽനിന്ന്‌ പരിചയപ്പെട്ടതാണെന്നും അശോകൻ പറഞ്ഞു. 
 
പിടിച്ചപ്പോൾ 
ചമ്മിയ ചിരി
മടിക്കൈ
മറൈൻ ഡ്രൈവിൽനിന്ന് അപ്രതീക്ഷിതമായി പിടിയിലായപ്പോൾ കള്ളൻ അശോകന്റെ മുഖത്ത് ചമ്മിയ ചിരിയായിരുന്നെന്ന് കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിൽനിന്ന് പോയ യാത്രാസംഘം പറയുന്നു. കൊച്ചി മറൈൻ ഡ്രൈവിൽ ഇരിക്കുമ്പോഴാണ് അശോകൻ ഇവരുടെ മുന്നിലൂടെ  പോയത്. സംശയം തോന്നി  രണ്ടു പേരോട് ഫോണിൽ പറഞ്ഞപ്പോൾ അവരും ശ്രദ്ധിച്ചു. പത്തംഗ സംഘത്തിലെ രണ്ടു പേർക്ക് അശോകനെ കണ്ടറിയാം. ഏതാണ്ട് ഉറപ്പായെങ്കിലും ക്ലബ്ബിന്റെ വാട്സാപ്പ് ഗ്രൂപ്പിലിട്ട് ഉറപ്പാക്കി. 
അതിനിടയിൽ അശോകന്റെ നീക്കം രണ്ട്‌ പേർ വീതം നിരീക്ഷിച്ചാണ്‌ പൊലീസിനെ ബന്ധപ്പെട്ടത്‌. മൊബൈൽ കടക്കാരനെ കാര്യം ധരിപ്പിച്ചപ്പോൾ അയാൾ അവരെ തിരിച്ച് വിളിച്ചു. അപ്പോൾ കൂടെയുണ്ടായിരുന്നയാൾ മാത്രമാണ്‌ വന്നത്‌. അപ്പോഴും അശോകൻ കെഎസ്ആർടിസി സ്റ്റാൻഡ് വഴി കറങ്ങി നടക്കുകയായിരുന്നു. നല്ല വേഗത്തിലായിരുന്നു അശോകന്റെ നടത്തം.  പിടിക്കപ്പെട്ടപ്പോൾ ഒന്നും മനസിലാകാത്തപോലെ ചമ്മിയ ചിരിയായിരുന്നു പ്രതികരണം. 
അൽപ്പം തടിച്ച അശോകനെ മൊബൈൽ കടയിൽനിന്ന് മാസ്‌ക്‌ ഊരിയപ്പോഴാണ്  ഉറപ്പിച്ചതെന്നും യുവാക്കൾ പറഞ്ഞു. ജിതിൻ, ശശി, അഭിജിത്ത്, ജയപ്രകാശ്, റോഷിൻ, നിധിൻ, അശ്വിൻ, ആനന്ദ്, വൈഷ്ണവ്, രജിത്ത് എന്നിവരാണ് കൂട്ടത്തിൽലുണ്ടായിരുന്നത്.
 
കോയമ്പത്തൂർ കറങ്ങി കൊച്ചിയിലെത്തി
കാഞ്ഞങ്ങാട്
കാഞ്ഞിരപ്പൊയിൽ പെരളത്ത് പൊലീസും നാട്ടുകാരും കാടടച്ച് പരതുമ്പോൾ താൻ കണ്ണൂരും തൃശൂരും കോയമ്പത്തൂരും ആയിരുന്നെന്ന് കള്ളൻ അശോകൻ. 
കാഞ്ഞിരപ്പൊയിലിൽ അനിലിന്റെ ഭാര്യ വിജിതയെ കൊല്ലാൻ ശ്രമിച്ചിട്ടില്ല. മൽപിടുത്തത്തിനിടെ വീണ് പരിക്കേറ്റതാണ്. സംഭവം നടന്ന അപ്പോൾ തന്നെ സ്ഥലം വിട്ടു. 20 ദിവസം മുൻപാണ് കൊച്ചിയിലെത്തിയത്. സ്വർണമെല്ലാം വിറ്റുതീർന്നു. ഇനി 100 രൂപ മാത്രമേയുള്ളൂവെന്ന്‌  പേഴ്സ് കാട്ടി അശോകൻ പറഞ്ഞു. പക്ഷേ, ഇതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. 
ചൊവ്വ വൈകീട്ട് ആറിന്‌ കോടതിയിൽ ഹാജരാക്കി. ഇനി കസ്റ്റഡിയിൽ വാങ്ങി മോഷണമുതൽ കണ്ടെത്താനാണ് നീക്കം. 
ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലായി എട്ടുകേസ്‌ അശോകനെതിരെയുണ്ട്‌. രണ്ട് മാസത്തിനിടെ മറ്റ് മോഷണം നടന്നതായി സൂചനകളില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top