20 April Saturday

ഇന്ധന വില കുറയ്‌ക്കൂ അഫ്‌സലുമാരുടെ പ്രതിഷേധം കശ്‌മീർ വരെ

കെ സി ലൈജുമോൻUpdated: Thursday Feb 25, 2021
കാസർകോട്‌
നിത്യേന ഇന്ധനവില വർധിപ്പിക്കുമ്പോൾ കണ്ണടച്ചിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി സൈക്കിളിൽ രാജ്യം ചുറ്റാനൊരുങ്ങി  യുവാക്കൾ. ആലുവ സ്വദേശി എം ജെ അഫ്‌സലും തിരൂർ സ്വദേശി കെ പി അഫ്‌സലുമാണ്‌ ബുധനാഴ്‌ച പകൽ രണ്ടോടെ കാസർകോട്ടുനിന്നും കശ്‌മീരിലേക്ക്‌ സൈക്കിളിൽ യാത്ര പുറപ്പെട്ടത്‌. 
രാജ്യാന്തര വിപണിയിൽ ഇന്ധനവില കുത്തനെ കുറയുമ്പോൾ ഇന്ത്യയിൽ ദിവസവും വർധിക്കുകയാണ്‌. എണ്ണക്കമ്പനികളുടെ ലാഭകൊയ്ത്തിൽ വലയുന്നത്‌ സാധാരണക്കാരാണ്‌. ഇതിന്‌ വളംവച്ചു കൊടുക്കുന്നവർക്കെതിരെയുള്ള പ്രതിഷേധമാണ്‌ രാജ്യതലസ്ഥാനം വഴി കശ്‌മീരിലേക്കുള്ള യാത്ര. ദിവസം 100 കിലോമീറ്റർ പിന്നിടാനാഗ്രഹിക്കുന്നത്‌.  
എം കെ അഫ്‌സൽ കേരളത്തിൽ മാത്രം യാത്ര നടത്താനുള്ള തയ്യാറെടുപ്പോടെ 19ന്‌ ആലുവയിൽനിന്നും പുറപ്പെട്ടു. 20ന്‌ തിരൂരുകാരൻ കെ പി അഫ്‌സലും യാത്രയാരംഭിച്ചു. പിറ്റേന്ന്‌ വടകര കുഞ്ഞിപ്പള്ളിയിൽവച്ച്‌ ഇരുവരും കണ്ടുമുട്ടിയതോടെയാണ്‌ ഒരുമിച്ചുള്ള യാത്രയെന്ന ആശയത്തിലെത്തിയത്‌. എണ്ണവില വർധനവിനെതിരെ കെ പി അഫ്‌സലിന്റെ യാത്ര കശ്‌മീരിലേക്കാണെന്നറിഞ്ഞപ്പോൾ എം ജെ അഫ്‌സലും ഒപ്പംചേർന്നു. ഫോൺ വിറ്റ്‌ കിട്ടിയ 5000 രൂപയാണ്‌ കെ പി അഫ്‌സലിന്റെ കൈവശമുള്ളത്‌. എം ജെ അഫ്‌സലിന്റെ കൈയിൽ 3200 രൂപയും. രാത്രി തങ്ങുന്നിടത്ത്‌ ചെറിയ പന്തലൊരുക്കാനുള്ള ഉപകരണങ്ങളും കൈവശമുണ്ട്‌. ജനങ്ങളുടെ സഹകരണം ലഭിച്ചതിനാൽ ഇതുവരെയും പന്തലിൽ കിടക്കേണ്ടി വന്നില്ലെന്ന്‌ ഇരുവരും പറഞ്ഞു. 
ഹോട്ടൽ തൊഴിലാളിയാണ്‌ ആലുവക്കാരൻ എം ജെ അഫ്‌സൽ. ഇരുപത്തിയൊന്നുകാരനായ തിരൂരിലെ കെ പി അഫ്‌സലാകട്ടെ മൊബൈൽ ടെക്‌നീഷ്യനും. കെ പി അഫ്‌സലിന്റെ യാത്രയ്‌ക്ക്‌ വീട്ടുകാരുടെ പിന്തുണയുണ്ടെങ്കിൽ എം ജെ അഫ്‌സലിന്റെ യാത്ര വീട്ടുകാർക്ക്‌ അറിയില്ല. കേരളത്തിൽ ചുറ്റിത്തിരിഞ്ഞ്‌ തിരിച്ചെത്തുമെന്ന്‌ പറഞ്ഞാണ്‌ ഈ ഇരുപത്തിനാലുകാരൻ വീട്ടിൽനിന്നും യാത്ര തിരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top