27 April Saturday

മടിക്കെെ കണിച്ചിറ എസ്‌ വളവിൽ ക്രാഷ് ബാരിയർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
മടിക്കൈ
വാഹനങ്ങളുടെ ശബ്ദം കേൾക്കുമ്പോഴെല്ലാം ഞെട്ടിയുണരുന്ന കണിച്ചിറ കാഞ്ഞിരക്കാൽ നാരായണന് ഇനി സ്വസ്ഥമായി ഉറങ്ങാം. വീട്ടിന് മുകളിലെ എസ് വളവിൽ ക്രാഷ് ബാരിയർ നിർമാണം തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരത്തെ സേഫ് സിറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം തുടങ്ങിയത്.
ലോറി പോലുള്ള വലീയ വാഹനങ്ങളെല്ലാം അടിക്കടി മറിഞ്ഞ് നാരായണന്റെ വീട്ടിന് പിന്നിലെ മുറിയും തൊഴുത്തും കുളിമുറിയുമൊക്കെ പല തവണ തകർന്നിരുന്നു. അസമയത്തൊക്കെ നടക്കുന്ന അപകടത്തെ തുടർന്ന് പ്രാണഭയത്തോടെ കഴിയുന്ന കുടുംബത്തെ കുറിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു.  ഇതോടെയാണ് അപകടം ഒഴിവാക്കാൻ ക്രാഷ് ബാരിയർ പണിയാൻ 10,40,000 രൂപ അനുവദിച്ചത്.
ദേശീയപാതയ്ക്ക് സമാന്തരമായി നീലേശ്വരം കോൺവെന്റ് ജം​ഗ്ഷനിൽ നിന്ന് കല്ല്യാൺ റോഡ് വരെ നീളുന്ന പാത സിആർഎഫ് പദ്ധതിയിൽ പെടുത്തിയാണ് നേരത്തെ നവീകരിച്ചത്. കണിച്ചിറയിലെ എസ് വളവ് നിലനിറുത്തിയായിരുന്നു നവീകരണം. നല്ല റോഡായതോടെ വാഹനങ്ങൾക്ക് വേ​ഗത കൂടി. ഇതോടെ വളവിന് താഴത്തെ വീട്ടിലേക്ക് വാഹനങ്ങൾ മറിയുന്നതും പതിവായി. 
എസ് വളവ് നികത്താനുള്ള രണ്ട് കോടി രൂപയുടെ നിർദ്ദേശം സർക്കാരിന് മുന്നിലുണ്ട്. കാലിച്ചാംപൊതി ​ഗ്രൗണ്ട് മുതൽ താഴ്‌ത്തുന്നതോടെ നിലവിലെ ആദ്യത്തെ വളവ് കാഞ്ഞങ്ങാട് ഭാ​ഗത്തേക്കുള്ള വൺവേയാകും. പത്ത് മീറ്റർ വീതിയിലാണ് പുതിയ റോഡിനായി 25 സെന്റോളം സ്ഥലം ഏറ്റെടുക്കുന്നത്. നിലവിലെ റോഡിന്റെ ഭാ​ഗവും ചേർത്ത് 140 മീറ്റർ നീളത്തിൽ കയറ്റം കുറക്കുന്നതോടെ ദേശീയപാതയിലൂടെ പോകേണ്ട വലിയ ട്രക്കുകൾക്കും ഇതുവഴി ​ഗതാ​ഗതം സു​ഗമമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top