20 April Saturday

രക്തദാനവുമായി വർമ 
നടന്ന്‌ ഇവിടെയുമെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

കിരൺ വർമ

കാസർകോട്‌ 

ഡൽഹി മോജ്‌പൂർ സ്വദേശി  കിരൺ വർമക്ക്‌ കേരളത്തിലുള്ളവരുമായി രക്തബന്ധമുണ്ട്‌.  അതിനാലാണ്‌ അയാൾ നടന്നു ഇങ്ങ്‌ കാസർകോട്‌ എത്തിയതെന്ന്‌ കരുതുന്നവർക്ക്‌ തെറ്റും.  കാരണം കേരളം വിട്ടു മംഗളുരുവിലേക്ക്‌ പോകുമ്പോൾ അവിടെയുമുണ്ട്‌ രക്തബന്ധം.  ഈ ബന്ധം ഇന്ത്യയൊട്ടും എത്തിക്കാനാണ്‌ കിരൺ വർമയുടെ ശ്രമം. 
 രക്തം ലഭിക്കാതെ രാജ്യത്ത്‌ പന്ത്രണ്ടായിരം പേർ ദിനംപ്രതി മരിക്കുന്നു അതിന്‌ അറുതിവേണം എന്ന ആഗ്രഹമാണ്‌ മുപ്പത്തിയേഴുകാരനായ കിരൺ വർമയെ ദീർഘദൂര നടത്തത്തിന്‌ പ്രേരിപ്പിച്ചത്‌. എത്തുന്നിടത്തൊക്കെ രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ചു വചാലാനാവുന്ന ഇയാൾ രക്തം നൽകാനും തയ്യാർ. ഇതിനകം 45 തവണ നൽകി.  രണ്ടരവർഷം കൊണ്ട്‌ രാജ്യത്തെമ്പാടും എത്തി മടങ്ങാമെന്ന പ്രതീക്ഷയിലാണ്‌.  50 ലക്ഷം രക്താദനക്കാരെ അതുവഴി ഉണ്ടാക്കിയെടുക്കാമെന്ന്‌ കരുതുന്നു.  
 യാത്ര തുടങ്ങിയത്‌ ഡിസംബർ 28ന്‌ തിരുവനന്തപുരത്ത്‌ നിന്നാണ്‌.  കൊല്ലം, ആലപ്പുഴ വഴി കാസർകോട്‌ എത്തി. വഴിയിലുടനീളം  യുവജനങ്ങളോട്‌ നേരിട്ടും  സാമൂഹ്യ മാധ്യമങ്ങളിലൂടെയും സന്ദേശം പങ്കുവയ്‌ക്കുന്നു.  കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരായതിനാൽ ആശയവിനിമയം പ്രയാസമായില്ല.  
ആരോഗ്യവിഭാഗം ക്ലാസുകളിലും പങ്കെടുക്കാനായി.  ചേഞ്ച്‌ വിത് വൺ ഫൗണ്ടേഷൻ എന്ന്‌ സംഘടനയും   സിംപ്ലി ബ്ലെഡ്‌ ഡോട്ട്‌ കോം എന്ന ഓൺലൈനും  രക്തദാന സന്ദേശ പ്രചാരണത്തിനുണ്ട്‌.  ചത്തീസ്‌ ഗഢിൽ  അതീവദ്രരിദ്രയായ സ്‌ത്രീക്ക്‌  രക്തം നൽകിയപ്പോൾ ഇടനിലക്കാരൻ അവരിൽ നിന്ന്‌ പണം  വാങ്ങി പോയതും ഒരു ബംഗാളി സ്‌ത്രീ  ഭർത്താവിന്റെ ചികിത്സക്കും രക്തം വാങ്ങാനും വ്യഭിചാരത്തിനിറങ്ങേണ്ടിവന്നതുമായ നടുക്കുന്നസംഭവങ്ങളാണ്‌ രക്തദാന സന്ദേശവുമായി ഇറങ്ങാൻ പ്രേരണ നൽകിയത്‌ എന്ന്‌ കിരൺ വർമ പറഞ്ഞു. 
ഐടിഎസ്‌ എജുക്കേഷൻ സെല്ലിലെ ജോലി ഒഴിവാക്കിയാണ്‌  കാൽനടയാത്ര. നേരത്തെ പതിനാറായിരത്തോളം കിലോമീറ്റർ നടന്ന ആത്മവിശ്വാസവും കൂടെയുണ്ട്‌.  ഭാര്യ ജയന്തി നോയിഡയിൽ കെമിക്കൽ എൻജിനിയറാണ്‌. നാല്‌ വയസുകാരൻ മകനുമുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top