12 July Saturday

മേൽപ്പാലമേറി തൃക്കരിപ്പൂർ

പി മഷൂദ്Updated: Sunday Oct 24, 2021
തൃക്കരിപ്പൂർ 
കിഫ്ബിയിൽ 98 കോടി ചിലവിട്ട്‌ ഉദിനൂർ ഉൾപ്പെടെ തൃക്കരിപ്പൂരിൽ അഞ്ച് മേൽപ്പാലങ്ങൾ വരുന്നു. ബീരിച്ചേരി, വെള്ളാപ്പ് റോഡ്, ഉദിനൂർ, ഒളവറ ഉളിയം കടവ് ഗേറ്റ്‌, രാമവില്യം എന്നിവിടങ്ങളിലാണ്‌ മേൽപ്പാലം വരുന്നത്‌.
ബീരിച്ചേരി മേൽപ്പാലത്തിനായി റോഡ്സ് ആൻഡ് ബ്രിഡ‌ജസ്  കോർപറേഷൻ തയ്യാറാക്കിയ രൂപ രേഖ കിഫ്ബിക്ക് കൈമാറി. വെള്ളാപ്പ് റോഡും, ഉദിനൂരും ഉൾപ്പെടെ മൂന്ന് പാലങ്ങൾക്ക് കിഫ്ബി 98 കോടി രൂപ അനുവദിച്ചു.  ഭൂമി ഏറ്റെടുക്കുന്ന മുറക്ക് ടെൻഡർ നടപടി ആരംഭിക്കും.  ഭൂ ഉടമകളുടെ സഹകരണം കൂടിയായാൽ ടെൻഡർ  പൂർത്തിയാക്കി അടുത്ത വർഷം നിർമാണം ആരംഭിക്കും. റെയിൽവേ തുകക്ക് പുറമെ സംസ്ഥാന  സർക്കാരാണ് ഫണ്ട്‌ അനുവദിക്കേണ്ടത്.  സംസ്ഥാനമാകെ 38 മേൽപാലങ്ങൾക്കാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുക അനുവദിച്ചത്. അതിൽ വിശദ പദ്ധതി റിപ്പോർട്ട്‌ പൂർത്തിയായി ടെൻഡർ നടപടിയിലേക്ക് നീങ്ങിയത് ബീരിച്ചേരി മാത്രമാണ്.  ഇവിടെ പുതുതായി 95 സെന്റ് ഭൂമി ഏറ്റെടുക്കണം.  7.88 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ഈ വിഹിതം റവന്യു വകുപ്പ്  നൽകണം.  33 കോടി രൂപയാണ് നിർമാണ ചെലവ്.  18 കെട്ടിടങ്ങൾ പൊളിച്ച് സൗകര്യമൊരുക്കണം.  ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 10.2 മീറ്റർ വീതിയിലാണ് മേൽപ്പാലം പണിയുക. 50 മീറ്റർ ഭാഗം റെയിൽവേ നേരിട്ട് നിർമിക്കും.
അഞ്ച് മേൽപ്പാലങ്ങൾ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും  കുതിപ്പാകും.  പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂർ  പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റിൽ നിന്നുള്ള മോചനവും സാധ്യമാകും.  ബീരിച്ചേരി മേൽപ്പാലം 2023 ലും മറ്റ് നാല് പാലങ്ങളൾ 2025 ഓടെയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  ഒളവറ ഗേറ്റിൽ 15.9 ഉം, രാമവില്യം ഗേറ്റിൽ 15. 6 കോടിയുമാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചത്. ഒളവറ ഉളിയം ഗേറ്റിൽ മണ്ണ് പരിശോധന മൂന്ന് മാസം മുമ്പ് പൂർത്തിയായിരുന്നു.
 
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്‌ മേൽപാലത്തിനാവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുകയും കിഫ്ബിയിൽ വകയിരുത്തുകയും ചെയ്‌തത്‌. എന്നിട്ടും  റെയിൽവേ മുടന്തുകയാണ്‌.  ഗതാഗത കുരുക്ക് അനുഭവിക്കുന്ന തൃക്കരിപ്പൂരിന്റെ ഇന്നത്തെ അവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ എത്രയും പെട്ടെന്ന് മേൽപാലം പണി ആരംഭിക്കണം
പി എ റഹ്മാൻ, ഓട്ടോ തൊഴിലാളി 
യൂണിയൻ ഏരിയാ സെക്രട്ടറി
 
500 മീറ്ററിനുള്ളിൽ രണ്ട് മേൽപാലങ്ങൾ വരുമ്പോൾ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കും. ഈ വിഷയത്തിൽ ഇതേ വരെ റെയിൽവേ  അന്തിമ തീരുമാനമെടുത്തിട്ടില്ല. തീരുമാനം നീളുന്നത് കച്ചവടക്കാർക്ക് പ്രയാസമുണ്ട്. ബീരിച്ചേരിക്കും വെള്ളാപ്പിനുമിടയിൽ ഒറ്റ മേൽപാലമാക്കിയാൽ വികസനം  വേഗത്തിലാവും.
ഇ രാജേന്ദ്രൻ, റേഷൻ ഷാപ്പുടമ
 
വെള്ളാപ്പ് റെയിൽവേ  മേൽപ്പാലം തൃക്കരിപ്പൂരിന്റെ വികസന കുതിപ്പാകും. തീരദേശ റോഡിലെ ബസുകൾ കൂടി തൃക്കരിപ്പൂരിൽ എത്താൻ ഇടയാകും. രണ്ട് ഗേറ്റിലെ ഗതാഗത തടസ്സം മൂലം വലിയപറമ്പ്, പടന്ന മേഖലയിലുള്ളവർ ഒളവറ വഴി പയ്യന്നൂരിനെയാണ് ആശ്രയിക്കുന്നത്. വലിയപറമ്പിലൂടെ തീരദേശ ഹൈവേ കൂടി യാഥാർഥ്യമാകുമ്പോൾ ഈ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായി വെള്ളാപ്പ് ഇടയിലെക്കാട് റോഡ് മാറും. റെയിൽവെ സ്റ്റേഷൻ പരിസരത്തെ അടിപ്പാത കൂടി ഗതാഗത യോഗ്യമാക്കാൻ ഇടപെടൽ വേണം.
കെ വി കൃഷ്ണപ്രസാദ്
സാമൂഹ്യ പ്രവർത്തകൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top