കാഞ്ഞിരപ്പൊയിൽ
ജനാധിപത്യബോധവും മതനിരപേക്ഷതയും പുതുതലമുറയിലേക്ക് പകരാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂളിനുവേണ്ടി നിർമ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വസ്തുനിഷ്ഠമായി മനസ്സിലാക്കിക്കൊണ്ടല്ലാതെ വിദ്യാഭ്യാസപ്രക്രിയ പൂർണമാവില്ല. ചരിത്രബോധവും ശാസ്ത്രബോധവുമില്ലാത്ത തലമുറയ്ക്ക് രാഷ്ട്രത്തെ മുന്നോട്ടുനയിക്കാനുമാവില്ല. ഈ കാഴ്ചപ്പാടോടെയാണ് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. അതിനായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കുകയും ചെയ്തു. ഇവ പഠിക്കുന്നതിലൂടെ നമ്മുടെ വിദ്യാർഥികൾ ഉത്തമപൗരന്മാരും മൂല്യങ്ങളുള്ള മനുഷ്യരുമായിതീരും.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംഭവിച്ചമാറ്റം രാജ്യമാകെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. വൻകിട സ്വകാര്യ വിദ്യാലയങ്ങൾക്കുമാത്രം സ്വന്തമായിരുന്ന എല്ലാ സൗകര്യങ്ങളും ഇന്ന് പൊതുവിദ്യാലയങ്ങളിലുണ്ട്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തിൽ പൊതുവിദ്യാലയങ്ങൾ വഹിച്ച പങ്കിനെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ് പൊതുവിദ്യാഭ്യാസരംഗം നവീകരിക്കുന്നതിന് സർക്കാരിന് പ്രേരണയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ, മടിക്കെ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, വൈസ് പ്രസിഡന്റ് വി പ്രകാശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി പ്രഭാകരൻ, എം രാജൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, എം അബ്ദുൾ റഹ്മാൻ, ഡിഡിഇ എൻ നന്ദികേശൻ, ഡിഇഒ ബാലാദേവി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സ്വാഗതവും കെ വിജേഷ് നന്ദിയും പറഞ്ഞു. നബാർഡിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും രണ്ടുകോടിരൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..