29 March Friday

കാസർകോട്‌ ബിജെപിക്കാരുടെ തമ്മിലടി തെരുവിൽ; സഹകാർ ഭാരതി നേതാവിനെ 
ബിഎംഎസുകാർ വളഞ്ഞിട്ട്‌ തല്ലി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കാസർകോട്‌ > ജില്ലയിൽ ബിജെപിയിലെ തമ്മിലടി തെരുവിലേക്ക്‌. സഹകരണ മേഖലയിലെ ബിജെപി സംഘടനയായ സഹകാർ ഭാരതി എംപ്ലോയീസ്‌  സംഘ്‌ ജില്ലാ സെക്രട്ടറി പ്രവീൺ കോടോത്തിനെ ബിഎംഎസ്‌ സംഘം അതി ക്രൂരമായി മർദിച്ചു.  കാസർകോട്‌ ടൗൺ പൊലീസ്‌ കേസെടുത്തു. ബിഎംഎസ്‌ നേതാവ്‌ അഡ്വ. പി മുരളീധരനെ അനുകൂലിക്കുന്നവരാണ്‌  അക്രമിച്ചതെന്നാണ്‌ പ്രവീൺ പൊലീസിൽ പരാതി നൽകി.
 
കഴിഞ്ഞ ശനിയാഴ്‌ച സഹകാർ ഭാരതി എംപ്ലോയീസ്‌  സംഘിന്റെ ജില്ലാ സമ്മേളനത്തിന്‌ എത്തിയപ്പോഴാണ്‌ നാല്‌ ബിഎംഎസുകാർ  മർദിച്ചതെന്ന്‌ പ്രവീൺ കാസർകോട്‌ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്തിനെയും ജനറൽ സെക്രട്ടറി സുധാമ ഗോസാഡയെയും എതിർക്കുന്ന സംസ്ഥാന സമിതി അംഗം പി രമേശന്റെ സഹോദരനാണ്‌ മുരളി.
 
ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ  സുധാമ ഗോസാഡയെ മർദിച്ചതിന്‌ സംസ്ഥാന സമിതിയിൽ നിന്ന്‌  നേരത്തെ പി രമേശനെ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. കാസർകോട്‌ ടൗൺ കോ ഓപ്പറേറ്റീവ്‌ ബാങ്കിനടുത്ത്‌ തന്നെ ബിഎംഎസുകാർ അക്രമിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രമേശൻ നോക്കി നിന്നുവെന്ന്‌ വിഎച്ച്‌പി ജില്ലാ നേതാവ്‌ കൂടിയായ പ്രവീൺ കോടോത്ത്‌, പാർട്ടി ജില്ലാ നേതൃത്വത്തിനോട്‌ പരാതിപ്പെട്ടിട്ടുണ്ട്‌. 
        
പണപ്പിരിവിനെ ചൊല്ലി 
മർദനം
 
ബിജെപി അനുകൂലികളായ സഹകരണ സംഘം ജീവനക്കാരുടെ കൂട്ടായ്‌മയാണ്‌  സഹകാർ ഭാരതി എംപ്ലോയീസ്‌  സംഘ്‌. തങ്ങളുടെ കീഴിൽ 400 ഓളം അംഗങ്ങളുണ്ടെന്ന്‌ അവകാശപ്പെടുന്നു. സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ ജീവനക്കാരുടെ വിഭാഗത്തിൽ വോട്ടിൽ രണ്ടാം സ്ഥാനം ഇവർക്കായിരുന്നു. 2016 ൽ കോൺഗ്രസ്‌ അനുകൂല സംഘടന വിട്ട്‌ രൂപീകരിച്ചതാണ്‌ ഇവരുടെ കൂട്ടായ്‌മ.
 
ബിഎംഎസിന്‌ കീഴിൽ കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ സംഘ്‌ എന്ന സംഘടനയുണ്ട്‌. കാസർകോട്‌ ടൗൺ ബാങ്കിൽ മാത്രമാണ്‌ ഇതിന്‌ യൂണിറ്റിനുള്ളതെന്ന്‌ എതിർപക്ഷം പറയുന്നു. ബിഎംഎസുകാർ തങ്ങളുടെ അംഗങ്ങളിൽ നിന്ന പണം പിരിക്കുന്നതിനെ എതിർത്തതാണ്‌ ജില്ലാ സെക്രട്ടറിയെ മർദിക്കാൻ കാരണമെന്ന്‌ പറയുന്നു. 
    
ഭീഷണിയിൽ ഭയന്ന്‌ 
ജില്ലാ നേതൃത്വം
 
പണ പിരിവിനെ ചൊല്ലി സാമൂഹ മാധ്യമ ഗ്രൂപ്പുകളിൽ ഇരു സംഘടനകളുടെ നേതാക്കളും വലിയ പോരായിരുന്നു. പ്രവീൺ കോടോത്തിന്‌ വധ ഭീഷണിയുമുണ്ടായി. ഇതിന്‌ പിന്നാലെയാണ്‌ മർദനം. ബിജെപി ജില്ലാ നേതൃത്വത്തിന്റെയും പെർളയിലെ ആർഎസ്‌എസ്‌ നേതാവിന്റെയും അറിവോടെയാണ്‌ പ്രവീൺ പൊലീസിൽ പരാതി നൽകിയത്‌.
 
ബിജെപി സംസ്ഥാന സമിതി അംഗം സഞ്‌ജീവ ഷെട്ടി പ്രസിഡന്റും  ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്തിനൊപ്പം നിൽക്കുന്ന സുധാമ ഗോസാഡ ഡയരക്ടറുമായ കുമ്പഡാജെ സഹകരണ ബാങ്കിൽ ജീവനക്കാരനാണ്‌ പ്രവീൺ. ബിഎംഎസ്‌ വിഭാഗത്തിന്റെ കായിക അക്രമത്തിനും ഭീഷണിക്കും മുന്നിൽ ബിജെപി, ആർഎസ്‌എസ്‌ നേതാക്കൾക്ക്‌  മുട്ടുവിറക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top