26 April Friday

വലിയപറമ്പിലേക്ക് 
2 പാലങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

നിർദിഷ്ട തെക്കെകാട്– പടന്നകടപ്പുറം പാലം സമാന്തര റോഡ് പ്രദേശം കെആർഎഫ്ബി അധികൃതർ സന്ദർശിക്കുന്നു.

 തൃക്കരിപ്പൂർ 

കിഫ്ബിയിൽ വലിയപറമ്പിലേക്ക് രണ്ട് പാലങ്ങൾ കൂടി. തൂക്ക് പാലം തകർന്ന മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം വടക്കെവളപ്പ്, നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച തെക്കെകാടിനെ പടന്ന കടപ്പുറവുമായി ബന്ധിപ്പിക്കുന്ന കടവിലുമാണ് രണ്ട് പാലങ്ങൾ നിർമിക്കാൻ  തുക അനുവദിച്ചത്. കടത്തുതോണിയെ മാത്രം ആശ്രയിച്ചിരുന്ന വലിയപറമ്പിലെ തെക്കൻ മേഖലയുടെ സ്വപ്നസാക്ഷാത്‌കാരമായ തൂക്കുപാലത്തിന് രണ്ടുമാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 2013 ഏപ്രിൽ 28-ന് ഉദ്ഘാടനം ചെയ്ത് രണ്ടുമാസം പൂർത്തിയാവുന്നതിന്‌ മുമ്പ് ജൂൺ 27-ന് പാലം തകർന്നു.
വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം പ്രദേശത്തെ മാടക്കാലുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം 3.94 കോടി ചെലവിട്ടാണ് നിർമിച്ചത്. മാടക്കാലിനൊപ്പം പ്രവൃത്തി തുടങ്ങിയ തെക്കേകാട് തൂക്കുപാലം പണി മാടക്കാൽ പാലം തകർന്നതോടെ പാതിവഴിയിലായി. നിരാശയിലായ തീരദേശത്തെ ജനങ്ങൾ റോഡ് പാലം തന്നെ ലഭിച്ചതിൽ ഏറെ ആഹ്ലാദത്തിലാണ്. 
   ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിനോട് എം രാജഗോപാലൻ എംഎൽഎ തീരദേശത്തിന്റെ യാത്രാദുരിതം  ബോധ്യപ്പെടുത്തിയതോടെ  രണ്ട് പാലങ്ങൾ കിഫ്ബിയിൽ അനുവദിച്ചു. തൃക്കരിപ്പൂർ കടപ്പുറം 398 മീറ്ററും തെക്കെകാട് 392 മീറ്ററിലുമാണ് പാലം നിർമിക്കുക.  പടന്നകടപ്പുറത്ത് 350 ഉം തെക്കെകാട് 100 ഉം മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമായി സമാനപാതയും നിർമിക്കും. 
അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായി കേരള റോഡ് ഫണ്ട് വിഭാഗം (കെആർഎഫ്ബി) പടന്നകടപ്പുറത്തും മാടക്കാലിലും സമാന്തര റോഡ് കടന്ന് പോകുന്ന ഭാഗം പരിശോധിച്ചു. പടന്ന കടപ്പുറത്ത് നിലവിലെ റോഡിന്റെ ഇരുവശത്തും മൂന്ന് മീറ്റർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂവുടമകളുടെ സഹകരണം കൂടി വേഗത്തിലായാൽ ഒരുവർഷത്തിനകം പാലം നിർമാണം തുടങ്ങും.  
അസിസ്റ്റന്റ്‌  എക്സിക്യൂട്ടിവ് എൻജിനിയർ എം സജിത്ത്, അസിസ്റ്റന്റ്‌  എൻജിനിയർ പി എം മുഹമ്മദ് റഫീഖ്, പ്രോജക്ട് ഓഫീസർ ആർ കെ രാഹുൽ, പി അരുൺ, ജനപ്രതിനിധികളായ കെ മനോഹരൻ,  ഖാദർ പാണ്ട്യാല, വി മധു, പി കെ സുമതി, കെ വി തമ്പായി, സി നാരായണൻ, കെ പി ബാലൻ, ടി പി മുഹമ്മദ് കുഞ്ഞി എന്നിവർ സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top