19 April Friday

ഒടുവിൽ അശോകൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

അശോകൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ

മടിക്കൈ

ഒരു നാടുമുഴുവൻ ആഴ്ചകളോളം കാടിളക്കി പരിശോധിച്ചിട്ടും വഴുതിപ്പോയ കള്ളൻ കറുകവളപ്പിലെ അശോകൻ കൊച്ചി നഗരത്തിൽ കുടുങ്ങി. കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ടെ ചെഗുവേര ക്ലബ് പ്രവർത്തകരാണ് എറണാകുളം മറൈൻ ഡ്രൈവിൽ നിന്ന് തിങ്കൾ വൈകിട്ട് അഞ്ചിന്‌ അശോകനെ പൊക്കിയത്. 
പന്ത്രണ്ടംഗ സംഘം ശനിയാഴ്ചയാണ് തിരുവനന്തപുരവും കൊച്ചിയുമൊക്കെ കാണാൻ ഇറങ്ങിയത്. മറൈൻഡ്രൈവിലെ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ, സംശയ നിലയിൽ രണ്ട് യുവാക്കൾ സംഘത്തിന്റെ കണ്ണിലുടക്കി. സംഘത്തിലൊരാൾ അശോകനെന്ന് തീർച്ചയായി. പാന്റും  ഷർട്ടുമൊക്കെ ധരിച്ച്‌ കുട്ടപ്പനായ അശോകന്റെ ചിത്രം മൊബൈലിൽ പകർത്തി നാട്ടിലേക്ക് അയച്ചു. 
ഇതിനിടെ നടന്നു നീങ്ങിയ സംഘത്തിന് പിന്നാലെ ഇവരും കൂടി. അശോകനും കൂട്ടാളിയും മൊബൈൽ കടയിൽ കയറി മൊബൈൽ ഫോൺ വിറ്റു.  ഫോട്ടോ അശോകനെന്ന് സ്ഥിരീകരിച്ച് നാട്ടിൽ നിന്നും സന്ദേശമെത്തി. ചെറുപ്പക്കാർ കടക്കാരനെ കാര്യം ബോധ്യപ്പെടുത്തി തന്ത്രപൂർവം ഫോൺ നമ്പർ വാങ്ങി; പൊലീസിനെയും അറിയിച്ചു.   കടക്കാരനെ കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ചു. കൂട്ടാളി അകത്ത് കയറിയെങ്കിലും അശോകൻ റോഡരികിൽ കാത്തുനിന്നു. മഫ്ടിയിൽ പൊലീസ് വന്നതോടെ ചെറുപ്പക്കാർ അശോകനെ കാട്ടിക്കൊടുത്തു; കൈയോടെ പൊക്കി. 
ഇന്ന്‌ കാസർകോട്‌ പൊലീസിന്‌ കൈമാറും
കൊച്ചി
കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ടെ ചെഗുവേര ക്ലബ്‌ പ്രവർത്തകരുടെ കണിശമായ ഇടപെടലാണ്‌ അശോകനെ കുടുക്കാൻ ഇടയാക്കിയത്‌.  അവർ നൽകിയ വിവരപ്രകാരം കാസർകോട്‌ എസ് പി വൈഭവ്‌ സക്‌സേനയുടെ നിർദേശമനുസരിച്ച്‌  എറണാകുളം സെൻട്രൽ സിഐ എസ്‌ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പിടികൂടിയത്‌. ബലപ്രയോഗമൊന്നും വേണ്ടിവന്നില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. എറണാകുളത്ത്‌ കേസൊന്നുമില്ലാത്തതിനാൽ ചൊവ്വാഴ്‌ച അശോകനെ കാസർകോട്‌ പൊലീസിന്‌ കൈമാറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top