25 April Thursday

നിർമാണം കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കാസർകോട്‌ നഗരത്തിൽ മേൽപ്പാലം നിർമിക്കുമ്പോൾ ഗതാഗതം വഴിതിരിച്ച്‌ വിടാനായി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സർവീസ്‌ റോഡ്‌ നിർമിക്കുന്നു

കാസർകോട്‌
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള റോഡ്‌ പണി ജില്ലയിൽ വേഗത്തിലായി. ജില്ലയിലുടെ കടന്നുപോകുന്ന തലപ്പാടി–- ചെങ്കള, ചെങ്കള–- നീലേശ്വരം, നീലേശ്വരം–- തളിപ്പറമ്പ്‌ റീച്ചുകളിൽ ദ്രുതഗതിയിലാണ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. കെട്ടിടങ്ങൾ പൊളിക്കലും മരങ്ങൾ മുറിച്ചുമാറ്റലും ഏകദേശം പൂർത്തിയായതോടെ മണ്ണ്‌ നിരപ്പാക്കി ആറു വരിയിൽ റോഡ്‌ നിർമിക്കാനുള്ള പ്രവൃത്തി തുടങ്ങി. 
     
ചട്ടഞ്ചാൽ–- ബേവിഞ്ച വളവ്‌ നികത്തും
ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ ഏറെ വളവുകളുള്ള റോഡ്‌ നിർമാണം അതിസാഹസികമാണെങ്കിലും പ്രവൃത്തി തുടങ്ങി. ഒരുഭാഗത്ത്‌ ഉയർന്നും മറ്റേഭാഗത്ത്‌ താഴ്‌ന്നും കിടക്കുന്ന സ്ഥലമായ ഇവിടെ റോഡ്‌ നിർമാണം പ്രയാസമാണ്‌. ബേവിഞ്ച പള്ളി, ചട്ടഞ്ചാൽ പൊലീസ്‌ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ വളവുകൾ ഒഴിവാക്കി കുന്നുകൾ  പരസ്‌പരം ബന്ധിപ്പിച്ചായിരിക്കും റോഡ്‌ നിർമാണം. തെക്കിൽ പാലം നിർമാണത്തിന്റെ അനുബന്ധ പ്രവൃത്തി തുടങ്ങി. 
പുല്ലൂരിലും വളവുകൾ ഒഴിവാക്കിയാണ്‌ റോഡ്‌ നിർമാണം. ചാലിങ്കാലിൽ ടോൾ പ്ലാസക്കായുള്ള  ഭൂമിയൊരുക്കൽ അവസാന ഘട്ടത്തിലാണ്‌. ചെർക്കള, മാവുങ്കാൽ പാണത്തൂർ ജങ്ഷൻ, കാഞ്ഞങ്ങാട്‌ സൗത്ത്‌ എന്നിവിടങ്ങളിൽ നിർമിക്കുന്ന മേൽപ്പാലങ്ങൾക്കായുള്ള അനുബന്ധ പ്രവൃത്തി ഉടൻ ആരംഭിക്കും. ഇവിടങ്ങളിൽ ഭൂമി നിരപ്പാക്കൽ പൂർത്തിയായി വരുന്നു.
 
കാര്യങ്കോടും പെരുമ്പയിലും 
6 വരി പാലം
നീലേശ്വരം തളിപ്പറമ്പ്‌ റീച്ചിൽ കാര്യങ്കോട്‌,  പയ്യന്നൂർ പെരുമ്പ, തളിപ്പറമ്പ്‌ കുപ്പം എന്നിവിടങ്ങളിൽ പാലം പണിക്കുള്ള പൈലിങ് തുടങ്ങി. 
കാര്യങ്കോട്‌ പുഴക്ക്‌ കുറുകേ ആറു വരിയിലാണ്‌ പാലം നിർമിക്കുക. പഴയപാലം നിലനിർത്തിയാണ്‌ നിർമാണം. പുതിയത്‌ പൂർത്തിയയാൽ പഴയ പാലം പൊളിക്കും. പെരുമ്പയിൽ നിലവിലുള്ള പാലം നിലനിർത്തും. മൂന്ന്‌ വരിയിൽ പുതുതായി രണ്ട്‌ പാലം നിർമിക്കും. ഇതുവഴിയാണ്‌ പയ്യന്നൂർ കോത്തായിമുക്ക്‌ മുതൽ എടാട്ട്‌ വരെയുള്ള അഞ്ചു കിലോമീറ്റർ ബൈപ്പാസ്‌ വരുന്നത്‌. തളിപ്പറമ്പ്‌ കുപ്പം പാലം പഴയത്‌ നിലനിർത്തും. സ്ഥലപരിമിതി കാരണമാണിത്‌. മറുഭാഗത്ത്‌ മൂന്ന്‌ വരിയിൽ പുതിയ പാലം നിർമിക്കും. 
 
 കാസർകോട്‌ നഗരത്തിൽ 
സർവീസ്‌ റോഡ്‌
കാസർകോട്‌ നഗരത്തിലൂടെയുള്ള മേൽപ്പാലം പണിക്ക്‌ കറന്തക്കാടും പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും പൈലിങ് പൂർത്തിയായി. 28 ദിവസത്തിന്‌ ശേഷം പരിശോധന കഴിഞ്ഞാണ്‌ തൂൺ നിർമാണം തുടങ്ങുക. 40  മീറ്റർ ഇടവിട്ട്‌ 30 തൂണുകളാണ്‌  നിർമിക്കുക. മേൽപ്പാലം നിർമാണത്തിന്‌ ഗതാഗതം വഴി തിരിച്ച്‌ വിടും. ഇതിനായുള്ള പുതിയ ബദൽ സർവീസ്‌ റോഡ്‌ പ്രവൃത്തി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടങ്ങി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top