26 April Friday

കെപിസിസി: ജില്ലയിലെ നേതാക്കളെല്ലാം ഔട്ട്‌!

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
 കാസർകോട്‌
കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന്‌  ജില്ലയെ പൂർണമായും അവഗണിച്ചതിൽ നേതാക്കൾ പ്രതിഷേധത്തിൽ. ജില്ലയിലെ കോൺഗ്രസ്‌ സംഘടനയെ സ്വന്തം കൈപിടിയിലാക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഇടപെട്ടാണ്‌ ഈ കടുംകൈ ചെയ്‌തതെന്നാണ്‌ പ്രതിഷേധക്കാർ പറയുന്നത്‌. 
ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസലിനും പ്രത്യേക ക്ഷണിതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താനും  മുൻ പ്രസിഡന്റ്‌ ഹക്കീം കുന്നിലിനും മാത്രമാണ്‌ കെപിസിസി നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനാകുക. കഴിഞ്ഞ കമ്മിറ്റിയിൽ വൈസ്‌ പ്രസിഡന്റായിരുന്ന സി കെ ശ്രീധരൻ, നിർവാഹക സമിതി അംഗങ്ങളായി കെ കെ നാരായണൻ, കെ വി ഗംഗാധരൻ, എ ഗോവിന്ദൻ നായർ എന്നിവരെല്ലാം  പുറത്തായി. പുതിയ ആരെയും ഉൾപ്പെടുത്തിയുമില്ല. 
 കെപിസിസി സെക്രട്ടറിമാരായിരുന്ന കെ നീലകണ്‌ഠൻ, ബാലകൃഷ്‌ണൻ പെരിയ, എ സുബ്ബ റൈ, എം അസിനാർ എന്നിവരും ഇപ്പോൾ പുറത്താണ്‌.  മുഖ പരിചയമില്ലാത്തവരെ പൊലും കെപിസിസി ഭാരവാഹികളുടെ പട്ടികയിൽ  കാണാമന്നാണ്‌ ഒരു മുതിർന്ന നേതാവിന്റെ പരിഹാസം. കോഴിക്കോട്‌ നിന്നുള്ള ഭാരവാഹി 14 വർഷമായി രാഷ്‌ട്രീയ പ്രവർത്തനം നിർത്തിയതാണ്‌. ഇയാളെ ജനറൽ സെക്രട്ടറിയാക്കി. ദേശീയതലത്തിലേത്‌ പോലെ കെ വേണുഗോപാലനും കൂടെയുള്ളവരും ചേർന്ന്‌ കേരളത്തിലെ കോൺഗ്രസിനെയും തകർക്കും–- നേതാവ്‌ പറഞ്ഞു.
ബാലകൃഷ്‌ണൻ പെരിയയെ പരിഗണിക്കാത്തതിൽ കൂടെയുള്ളവരുടെ പ്രതിഷേധം ഉണ്ണിത്താനോടാണ്‌. എല്ലാ ജില്ലകളിലേയും എംപിമാരോടും കൂടിയാലോചിച്ചാണ്‌ കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചത്‌. കാസർകോട്‌ നിന്ന്‌ ആരുടെ പേര്‌ പറയാനും എംപി തയ്യാറായില്ലെന്നാണ്‌ ആക്ഷേപം. നേതാക്കളെ തമ്മിൽ തല്ലിച്ച്‌ തന്റെ അജണ്ട ജില്ലയിൽ നടപ്പാക്കാനാണത്രെ എംപിയുടെ ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top