ഉപ്പള
എസ്ഐയുടെ കൈ തല്ലിയൊടിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി, ഡോക്ടറെ ചീത്ത വിളിച്ച് കൈയേറ്റം ചെയ്തതായി പരാതി. ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെ മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ 19 ന് ഗോൾഡൻ റഹ്മാൻ മകളെയും കൊണ്ട് ആശുപത്രിയിൽ ചെന്നിരുന്നു. ആദ്യം ഫാർമസിസ്റ്റിനോട് തട്ടിക്കയറിയ ഇയാൾ ഉറക്കെ ശബ്ദവുമുണ്ടാക്കി. ബഹളം കേട്ടെത്തിയ ഡ്യൂട്ടി ഡോക്ടർ പ്രണവ് ലാൽ കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ, ഇയാൾ ഡോക്ടറോടും തട്ടിക്കയറി കെെയേറ്റം ചെയ്യുകയായിരുന്നു. താൻ ജില്ലാ പഞ്ചായത്തംഗമാണെന്നും തന്നോട് കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തി. ഫാർമസിസ്റ്റും സുരക്ഷാ ജീവനക്കാരനും അടക്കമുള്ളവരും ഭയപ്പാടിലാണുള്ളതെന്ന് മഞ്ചേശ്വരം പൊലീസിൽ ഡോക്ടർ നൽകിയ മൊഴിയിൽ പറഞ്ഞു. എസ്ഐ യുടെ കൈ തല്ലിയൊടിച്ച കേസിൽ ഒരാഴ്ച മുമ്പാണ് അബ്ദുൾ റഹ്മാൻ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയത്. ജാമ്യവ്യവസ്ഥക്ക് ലംഘനമുണ്ടാക്കിയ രീതിയിൽ ലീഗ് നേതാവിന്റെ പെരുമാറ്റം കോടതിയലക്ഷ്യം കൂടിയാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്താൽ വീണ്ടും ജാമ്യം കിട്ടാത്ത അവസ്ഥയുണ്ടാകും. അതിനിടെ കേസ് ലഘൂകരിക്കാനും പിൻ വലിപ്പിക്കാനും ലീഗിലെ ഉന്നത നേതാക്കൾ ഡോക്ടറിലും പൊലീസിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പരാതിയുണ്ട്.
ഉപ്പള ഹിദായത്ത് നഗറിൽ പൊലീസ് സംഘത്തെ അക്രമിച്ച് എസ്‌ഐയുടെ കൈ തല്ലിയൊടിച്ചകേസിൽ കാസർകോട് കോടതി റിമാൻഡ് ചെയ്തിരുന്നു. പട്രോളിങ്ങിനിറങ്ങിയ മഞ്ചേശ്വരം എസ്ഐ പി അനൂപ്, സിവിൽ പൊലീസ് ഓഫിസർ കിഷോർകുമാർ എന്നിവരെയാണ് ഗോൾഡനും സംഘവും അക്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..