കാസർകോട്
ബേക്കൽ രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിനെ വരവേൽക്കാൻ പള്ളിക്കര ബീച്ച് പാർക്ക് വീണ്ടും ഒരുങ്ങുന്നു. ഉത്തരകേരളത്തിലെ ടൂറിസം വികസനത്തിന് ശക്തിപകരാൻ ബഹുജന പങ്കാളിത്തത്തോടെ കഴിഞ്ഞ ഡിസംബർ 24 മുതൽ ജനുവരി രണ്ടുവരെ നടത്തിയ ഫെസ്‌റ്റിവലിന്റെ തുടർച്ചയായാണ് ഇത്തവണയും ഉത്സവം. ഡിസംബർ അവസാന വാരമാണ് ഈ വർഷവും ഫെസ്‌റ്റിവൽ.
സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ബിആർഡിസിയും കുടുംബശ്രീ മിഷനും മറ്റു സന്നദ്ധ ബഹുജന സംഘടനകളും നാട്ടുകാരും സഹകരിക്കും. കോവിഡ് മഹാമാരിയോടെ നിശ്ചലമായിരുന്ന ജില്ലയിലെ ജനജീവിതത്തെ ഉത്സവാരവങ്ങളുടെ ആഘോഷത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബീച്ച് ഫെസ്റ്റിവലായിരുന്നു.
അഭൂതപൂർവമായ ബഹുജന പങ്കാളിത്തമായിരുന്നു കഴിഞ്ഞതവണ. സംസ്ഥാനത്തെ ഏറ്റവും മികവാർന്ന ബീച്ച് ഫെസ്റ്റിവൽ കൂടിയായി ഇത് മാറി.
ഈ വർഷവും പത്തുദിവസം നീളുന്ന കലാമാമാങ്കമാണ് ഒരുങ്ങുന്നത്. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, സംഗീതനിശ, സാംസ്കാരിക സന്ധ്യ, സാഹസിക പ്രകടനങ്ങൾ, ഘോഷയാത്ര, അമ്യൂസ്മെൻറ് പാർക്ക്, കുടുംബശ്രീ മേള എന്നിവയെല്ലാമുണ്ടാകും. ശാസ്ത്ര, സാങ്കേതിക, വാണിജ്യ, വ്യാപാര, വിപണന മേളകളുമുണ്ട്. സെലിബ്രിറ്റികളെയും ഉത്സവത്തിന് ക്ഷണിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..