07 December Thursday

റാപ്പിഡ്‌ സ്‌റ്റീമർ: സ്‌കൂൾ 
അടുക്കളക്ക് പകിട്ടാകും

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
കാസർകോട്‌ 
പരിസ്ഥിതിസൗഹൃദവും ചെലവ്‌ കുറഞ്ഞതുമായ പൊതുപാചകസംവിധാനം സ്‌കൂളുകളിൽ സ്ഥാപിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന് കീഴിലെ 21 സ്‌കൂളുകളിലാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്‌. വിറക്, പരിസ്ഥിതി മലിനീകരണം, സാമ്പത്തിക ചെലവ്, സമയനഷ്ടം എന്നിവയ്ക്കെല്ലാം പരിഹാരമാകും. 
സോളാറിലോ പാചകവാതകത്തിലോ പ്രവർത്തിക്കുന്ന  സ്റ്റീമറിലൂടെ കുറഞ്ഞ ഇന്ധനചെലവിൽ ഒരേസമയം 250 മുതൽ 3000 പേർക്കുള്ള ഭക്ഷണം പാചകംചെയ്യാം.  റാപ്പിഡ് സ്റ്റീമറിലൂടെ പാചകത്തിന് കുറഞ്ഞസമയം മതി. ഒപ്പം കാർബൺ ബഹിർഗമനം കുറക്കും. ഒരുകോടി രൂപ വിഹിതമുള്ള പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണ്. 
സ്‌കൂളുകളിൽ സ്ത്രീ പാചകതൊഴിലാളികളാണ് ഏറെയുള്ളത്‌. അതുകൊണ്ടുതന്നെ  സ്ത്രീപക്ഷ കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പാചകത്തൊഴിലാളികളുടെ അധ്വാനഭാരം കുറക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി പറഞ്ഞു.
 വിറകടുപ്പുകൾക്ക് ബദൽ
 റാപ്പിഡ്‌  സ്റ്റീമറിന്റെ പ്രവർത്തനം അനെർട്ട്, കുടുംബശ്രീ ഏജൻസികൾ സാക്ഷ്യപ്പെടുത്തിയതാണ്. കുടുംബശ്രീയുടെ ഹോട്ടൽ, കാറ്ററിങ് സംവിധാനങ്ങൾക്ക് റാപ്പിഡ് സ്റ്റീമർ ഉപയോഗിക്കുന്നുണ്ട്. സാധാരണ സ്റ്റീമറുകളിൽ ഉത്പാദിപ്പിക്കുന്ന പരമാവധി ഊർജം ഉപയോഗിക്കാൻ കാര്യക്ഷമതയുണ്ടാവാറില്ല.  ഒപ്പം താപം, മലിനീകരണം തുടങ്ങിയ ഘടകങ്ങളും ബാധിക്കാറുണ്ട്. ഇതിനെല്ലാം ബദലാണ് റാപ്പിഡ് സ്റ്റീമർ. സോളാർ ഊർജം ഉപയോഗിക്കാൻ സ്‌കൂളിലെ ആവശ്യം കണക്കാക്കി  വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് സ്റ്റീമറിന്റെ ഘടനയിൽ മാറ്റംവരുത്താം.
21 സ്‌കൂളുകളിൽ പദ്ധതി
ബാര, ചന്ദ്രഗിരി, കക്കാട്ട്, ചായ്യോത്ത്, ചെർക്കള സെൻട്രൽ, മൊഗ്രാൽപുത്തൂർ, പൈവളികെ നഗർ,  കുട്ടമത്ത്, കുണ്ടംകുഴി, ഇളമ്പച്ചി,  മൊഗ്രാൽ,  കമ്പല്ലൂർ, ഉപ്പള, കോടോത്ത്, പെർഡാല,  ബളാന്തോട്, അംഗടിമൊഗർ, ഇരിയണ്ണി, ബേത്തൂർപാറ,ബംഗര ജിഎച്ച്‌എസ്‌എസ്സുകൾ, ജിവിഎച്ച്എസ്എസ് കാറഡുക്ക എന്നിവിടങ്ങളിലാണ്‌ പദ്ധതി.  
 
പ്രത്യേകതകൾ
1) ബോയിലർ- –-500 മുതൽ 1000 പേർക്കുവരെ പാചകംചെയ്യാം. ആളുകളുടെ എണ്ണം അനുസരിച്ച് പരമാവധി രണ്ട് മണിക്കൂർ പാചക സമയം.
2) അരി കുക്കർ –- 20 മുതൽ 40 മിനിറ്റ് സമയത്തിനുള്ളിൽ 25 കിലോ അരി വേവിക്കും.
3) സാമ്പാർ കുക്കർ–-- 25 ലിറ്റർ ശേഷി. പാചകത്തിനാവശ്യം 20 മിനിറ്റ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top