29 March Friday

ഓടി രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പൊലീസ്‌ ലഹരി ഉൽപ്പന്നങ്ങളുമായി 
4 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

 കാസർകോട്‌

ജില്ലയിൽ പൊലീസും എക്‌സൈസും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ  വിവിധ ഇടങ്ങളിൽനിന്നായി കഞ്ചാവും പാൻമസാലയും പിടിച്ചു.  പെര്‍ളയിൽ കാറില്‍ കടത്താൻ ശ്രമിച്ച  14 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു. പൈവളിഗെ ചിപ്പാറിലെ ഫയാസ് (26), ഉപ്പള പത്വാടി സിദ്ദിഖ് മന്‍സിലില്‍ അബൂബക്കര്‍ സിദ്ദിഖ് (24) എന്നിവരെയാണ് ബദിയടുക്ക എസ്ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.  സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെര്‍ള ടൗണില്‍ വാഹനപരിശോധനക്കിടെ കര്‍ണാടക ഭാഗത്തുനിന്ന് വന്ന കാര്‍ നിര്‍ത്താതെ പോയി. പൊലീസ് കാറിനെ പിന്തുടര്‍ന്നു. ഇരിയടുക്കയിൽ കാര്‍ നിര്‍ത്തിയിട്ടപ്പോള്‍ പൊലീസെത്തി തടഞ്ഞുവച്ചു. ഇതിനിടെ ഒരാള്‍ കാറില്‍ നിന്നിറങ്ങി ഓടി. 
ഫയാസിനും അബൂബക്കര്‍ സിദ്ദിഖിനും രക്ഷപ്പെടാനായില്ല. കാർ പരിശോധിച്ചപ്പോള്‍ പിറകിലെ ഡിക്കിയിലും സീറ്റിലുമായി കഞ്ചാവ് സൂക്ഷിച്ചനിലയില്‍ കണ്ടെത്തി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ സ്റ്റേഷനിൽനിന്ന്‌  യുവാവ് അറസ്‌റ്റിൽ
കാസർകോട്‌ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 1.350 കിലോ കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. കണ്ണൂർ പള്ളിക്കുന്ന് കക്കാട്ടെ അബ്ദുൽ റസാഖ് വാഴച്ചാലിലാ (36) ണ് അറസ്‌റ്റിലായത്. റെയിൽവേ സ്‌റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിന് സമീപത്തെ ലഘുഭക്ഷണശാലക്ക് മുൻവശം ഷോൾഡർ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്‌.  
നർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി  ബന്തടുക്ക എക്‌സൈസ് റേഞ്ചും കാസർകോട് റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി.  
ബൈക്കിൽ കടത്താൻ
ശ്രമിച്ച കഞ്ചാവ്‌ പിടിച്ചു
മിയാപ്പദവിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ്‌  പൊലീസ്‌ പിടിച്ചു.   ബാളിയൂരിലാണ് സംഭവം. 
ബൈക്കും ഒന്നേ മുക്കാൽ കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ കഞ്ചാവ്‌ കടത്ത് സംഘം ബൈക്കും കഞ്ചാവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top