18 April Thursday
പ്രതിഷേധം ഫലം കണ്ടു

കെഎസ്‌ആർടിസി ആസ്ഥാനം മാറ്റില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കാസർകോട്‌
കെഎസ്‌ആർടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയലിലേക്ക്‌ മാറ്റിയ തീരുമാനം പിൻവലിച്ച്‌ മാനേജിങ്‌ ഡയറക്ടർ ബിജു പ്രഭാകർ ഉത്തരവിറക്കി. മെയ്‌ 26നാണ്‌ ചെമ്മട്ടംവയലിലേക്ക്‌ മാറ്റി ഉത്തരവിറക്കിയത്‌. ഇതിനെതിരെ കെഎസ്‌ആർടിഇഎ (സിഐടിയു) ഉൾശപ്പടെയുള്ള തൊഴിലാളി സംഘടനകളും നാട്ടുകാരും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. 
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അന്തർസംസ്ഥാന ടെർമിനലാണ്‌ ജില്ലാ ആസ്ഥാനമായ കാസർകോട്‌ ബസ്‌ സ്‌റ്റേഷനിലുള്ളത്‌. ജില്ലയിലെ ഏക ദേശസാൽകൃത സെക്ടറായ ചന്ദ്രഗിരി റൂട്ട്‌ പൂർണമായും കാസർകോട്‌ ഡിപ്പോയുടെ കീഴിലാണ്‌. കെഎസ്‌ആർടിസിക്ക്‌ മാത്രമായി പരിമിതപ്പെടുത്തി ലഭിച്ച മംഗളൂരു അന്തർസംസ്ഥാന സർവീസുകൾ കൈകാര്യം ചെയ്യുന്നതും കാസർകോട്‌ ഡിപ്പോയാണ്‌.  
എഴുന്നൂറോളം ജീവനക്കാരുള്ളതും സംസ്ഥാനത്ത്‌ ഏറ്റവുമധികം വരുമാനം ലഭിക്കുന്നതുമായ ഡിപ്പോ കാഞ്ഞങ്ങാടേക്ക്‌ മാറ്റുന്നതിലൂടെ വിദ്യാർഥികളെയും ഇതരസംസ്ഥാന യാത്രക്കാരെയും ഡിപ്പോയിലെ ജീവനക്കാരെയും പെൻഷൻകാരെയും ഏറെ ദുരിതത്തിലാക്കുമെന്നതിനാലാണ്‌ പ്രതിഷേധം ശക്തമായത്‌.
മൂവായിരത്തോളം വിദ്യാർഥി പാസും പൊതുജനങ്ങളുടെ അനുബന്ധ സേവനങ്ങളും ലഭിക്കുന്നത്‌ കാസർകോട്‌ ഡിപ്പോയിൽനിന്നാണ്‌. ഉദുമ, കാസർകോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളിലുള്ളവരാണ്‌ പാസ്‌ നേടിയ വിദ്യാർഥികളിൽ 75 ശതമാനവും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top