29 March Friday

കേന്ദ്രസർവകലാശാലയിൽ കേരളം ഔട്ട്‌; വിവാദം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കാസർകോട്‌

പെരിയ കേന്ദ്രസർവകലാശാലയിൽ 25ന്‌ നടക്കുന്ന ബിരുദ ദാനചടങ്ങിൽ സംസ്ഥാനത്തെ ജനപ്രതിനിധികൾക്ക്‌ ക്ഷണമില്ല. അക്കാദമിക പരിപാടിക്ക്‌ ജനപ്രതിനിധികളെ ക്ഷണിക്കുന്ന രീതിയില്ലെന്നാണ്‌ സർവകലാശാല രജിസ്‌ട്രാർ അവകാശപ്പെടുന്നത്‌. എന്നാൽ ബിരുദ ദാനചടങ്ങിൽ മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും വിദേശ കാര്യ സഹമന്ത്രിയുമായ വി മുരളീധരൻ മുഖ്യാതിഥിയായി എത്തുന്നുണ്ട്‌.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, സ്ഥലം എംപി, എംഎൽമാർ എന്നിവരടക്കം ആർക്കും പരിപാടിയിൽ പങ്കാളിത്തമില്ല. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ്‌ സർക്കാരാണ്‌ പങ്കെടുക്കുന്ന പ്രധാന അതിഥി. സർവകലാശാലയിൽ ആറാമത്തെ ബിരുദ ദാനചടങ്ങാണ്‌ നടക്കുന്നത്‌. മുമ്പ്‌ രാഷ്ട്രപതിയടക്കം പങ്കെടുത്ത്‌ നടത്തിയ ചടങ്ങിലും കേരളത്തിലെ ജനപ്രതിനിധികളെ അവഗണിച്ചിരുന്നു. അന്നും സംഗതി വിവാദമായതാണ്‌. എന്നിട്ടും തിരുത്തലില്ലാത്തത്‌, ബോധപൂർവമായ രാഷ്ട്രീയ ഇടപെടലായാണ്‌ വിലയിരുത്തുന്നത്‌.
ക്യാമ്പസിന്‌ അടിസ്ഥാന സൗകര്യമൊരുക്കിയത്‌ സംസ്ഥാന സർക്കാരാണ്‌. എക്കറുകണക്കിന്‌ സ്ഥലം പെരിയയിൽ വിട്ടു നൽകിയതും മൂന്നാംകടവ്‌ പുഴയിൽ നിന്നും കാമ്പസിലേക്ക്‌ കുടിവെള്ളമെത്തിച്ചതടക്കം സംസ്ഥാന സർക്കാരാണ്‌. പക്ഷെ, ഇവിടത്തെ പൊതുപരിപാടിയിൽ സംസ്ഥാനത്തെ ജനപ്രതിനിധികളുടെ പേരുപോലും വക്കാനുള്ള മര്യാദ പോലും കേന്ദ്ര സർവകലാശാല അധികൃതർ കാണിച്ചില്ല. അതേസമയം, മാസത്തിലൊരിക്കലെങ്കിലും പ്രമുഖ സംഘപരിവാർ നേതാക്കളെ ക്ഷണിച്ച്‌ കാമ്പസിൽ പരിപാടി വക്കുന്നുമുണ്ട്‌. 
ഇ എം എസ്‌ വിഭാഗീയത 
സൃഷ്ടിച്ചുവെന്ന്‌ 
ഗോവ ഗവർണർ
പെരിയ
ഇന്ത്യ സ്വതന്ത്രമായ സമയത്ത്‌ രാജ്യത്തിനെ 16 കഷണമാക്കാൻ ഒരുവിഭാഗം ആവശ്യപ്പെട്ടതായി ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ പി എസ്‌ ശ്രീധരൻ പിള്ള. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്‌തകം എഴുതിയയാൾ അതിന്റെ നേതാവായിരുന്നുവെന്നും ഇ എം എസിന്റെ പേര്‌ പറയാതെ ശ്രീധരൻ പിള്ള സൂചിപ്പിച്ചു. ‘ജി 20 നേതൃത്വം: വെല്ലുവിളിയും ആശങ്കയും’ എന്ന വിഷയത്തിൽ സർവകലാശാല നടത്തിയ സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഗവർണർ.
ഐക്യകേരളമെന്ന ജനാധിപത്യ ആശയത്തിന്‌ അലകും പിടിയും നൽകിയ പുസ്‌തകമായിരുന്നു ‘കേരളം മലയാളികളുടെ മാതൃഭൂമി’. ഒരുകാലത്തും വിഭാഗീയതയുടെ ആശയമായി ഈ പുസ്‌തകത്തെ ആരും കണ്ടിട്ടില്ല. 
സമാന രീതിയിൽ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും തയ്യാറാക്കുന്ന പച്ചനുണകൾ സെമിനാർ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ച്‌ പ്രചരിപ്പിക്കുന്നത്‌ സർവകലാശാലയിൽ പതിവാണ്‌. പുഷ്‌പക വിമാനത്തെ കുറിച്ച്‌ ഗവേഷണം നടത്തണമെന്ന ആഹ്വാനവും രണ്ടുമാസം മുമ്പ്‌ സർവകലാശാലയിൽ നടന്ന ശാസ്‌ത്രസെമിനാറിൽ നിന്നും ഉയർന്നു.
കാവിവൽക്കരണം 
അനുവദിക്കില്ല: സിപിഐ എം
കാസർകോട്‌
പെരിയ കേന്ദ്രസർവകലാശാലയിൽ ജനപ്രതിനികളെ പുറത്തുനിർത്തി നടത്തുന്ന കാവിവൽക്കരണം അനുവദിക്കാനാകില്ലെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. 25ന്‌ നടക്കുന്ന ബിരുദ ദാനസമ്മേളനം പൂർണമായും കാവിമേളയായി. ജില്ലയിലെ ജനപ്രതിനികളെ ക്ഷണിക്കാനുള്ള പ്രാഥമിക മര്യാദ പോലും ലംഘിച്ചു. സംസ്ഥാന സർക്കാർ എക്കറുകണക്കിന്‌ ഭൂമിയും അടിസ്ഥാന സൗകര്യവും ഒരുക്കിയ കാമ്പസിൽ ജില്ലയിലെ ജനങ്ങളുടെ പ്രതിനിധികളെ പുറത്തുനിർത്താൻ കാമ്പസ്‌ ഭരിക്കുന്ന സംഘപരിവാറുകാർക്ക്‌ എന്താണ്‌ യോഗ്യതയെന്നും എം വി ബാലകൃഷ്‌ണൻ ചോദിച്ചു.
സംഘപരിവാറിന്‌ ജനാധിപത്യത്തോട്‌ 
പുച്ഛം: സി എച്ച്‌ കുഞ്ഞമ്പു
പെരിയ കേന്ദ്ര സർവകലാശാലയിൽ സംസ്ഥാനത്തെ ജനപ്രതിനിധികളെ അവഗണിക്കുന്നത്‌ പതിവാണെന്ന്‌ സർവകലാശാലാ പരിധിയിലെ എംഎൽഎ കൂടിയായ സി എച്ച്‌ കുഞ്ഞമ്പു പറഞ്ഞു. ജനപ്രതിനിധികളെ സർവകലാശാല ഭരിക്കുന്ന സംഘപരിവാറുകാർക്ക്‌ പുച്ഛമാണ്‌. സർവകലാശാല പൂർണമായും കാവിവൽക്കരിച്ചു കഴിഞ്ഞു. ജനവിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾക്ക്‌ കാമ്പസിൽ വലിയ തോതിൽ പ്രചാരം നൽകുകയാണ്‌. 
ബിരുദ ദാനസമ്മേളനത്തിന്റെ അറിയിപ്പിൽ പോലും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെയും ജില്ലയിലെ ജനപ്രതിനികളുടെയും പേരുപോലും വക്കാതെ അവഗണിച്ചത്‌ സംസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും എംഎൽഎ പ്രസ്‌താവനയിൽ പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top