23 April Tuesday

വീട്ടിലാണെങ്കിലും അധ്യാപകർ ഒപ്പമുണ്ട്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂളിലെ കുട്ടികൾ വീട്ടിൽനിന്ന് ടീച്ചർമാരെ കണ്ട് 
പ്രവർത്തനങ്ങൾ ചെയ്യുന്നു

ചെറുവത്തൂർ

ടീച്ചർമാരെ കാണണം എന്ന് തോന്നിയാൽ ചന്തേരയിലെ കുട്ടികൾ തങ്ങളുടെ പുസ്തകമെടുത്ത് ക്യു ആർ കോഡ് സ്കാൻ ചെയ്യും. സ്കൂളിലുള്ളപ്പോഴുണ്ടായ പഠനത്തിന്റെ  രസച്ചരട് പൊട്ടാതെ ഓരോ ദിവസവും എന്തൊക്കെ പ്രവർത്തങ്ങൾ ചെയ്യണമെന്ന് വീഡിയോയിലൂടെ ടീച്ചർമാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും. 
കുട്ടികൾക്കായി വേറിട്ടൊരു പ്രവർത്തന പുസ്തകം ഒരുക്കി നൽകിയിരിക്കുകയാണ്ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂൾ. മൂന്നാം തരം വിദ്യാർഥികളാണ് ‘കൂടെ’ എന്ന പ്രവർത്തന പുസ്തകത്തിനൊപ്പം കൂട്ടുകൂടിത്തുടങ്ങിയത്. കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് 30 പേജുള്ള പുസ്തകത്തിൽ ഉൾപ്പെടുത്തിയത്.  ഓരോ പ്രവർത്തനവും എങ്ങിനെ ചെയ്യണമെന്ന്  ടീച്ചർമാർ തന്നെ പറഞ്ഞു കൊടുക്കും. അതിനായി ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതി. വ്യായാമം, സ്കൂൾ വീഡിയോ എന്നിവയെല്ലാം ഇങ്ങനെ കാണാം.  ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന് കുട്ടികൾ വിദ്യാലയങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികളെ എങ്ങിനെ പഠനത്തോട് ചേർത്ത് നിർത്താം എന്ന ചിന്തയിൽ നിന്നാണ് ടീച്ചർമാരെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന തരത്തിൽ ഇങ്ങനെയൊരു പ്രവർത്തന പുസ്തകം ഒരുക്കാൻ തീരുമാനിച്ചത്.  ഇതിനൊപ്പം പുസ്തകസഞ്ചിയും കുട്ടികൾക്ക് നൽകി. വീട്ടിലിരുന്ന് വായിക്കാൻ ലൈബ്രറി പുസ്തകങ്ങളാണ് സഞ്ചിയിലുള്ളത്. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പെഴുതാൻ കൂടെ പ്രവർത്തന പുസ്തകത്തിൽ പേജുകൾ ഉണ്ട്.  സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു. വിനയൻ പിലിക്കോട്, ടി റജിന, പി പി ധന്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top