26 April Friday

വേനലെത്തി; അരയിക്ക് വെള്ളം കിട്ടിയേ തീരൂ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

അരയിയിൽ കഴിഞ്ഞവർഷം ടാങ്കറിലെത്തിച്ച കുടിവെള്ളം വിതരണം ചെയ്യുന്ന ഡിവെെഎഫ്ഐ പ്രവർത്തകർ

കാഞ്ഞങ്ങാട്
മഴയും മഞ്ഞും പോയി വേനൽക്കാലം വരുന്നതോടെ അരയിക്കാർ വീണ്ടും ആശങ്കയിൽ. കുടിവെള്ളത്തിനായി അയൽവാസികളുടെ കിണറിലേക്കും വെയിൽ മൂക്കുമ്പോൾ ടാങ്കർ ലോറിയിലേക്കും ഈ വർഷവും ഓടണോ എന്നാണ് ഇവരുടെ ചോദ്യം. 
കാഞ്ഞങ്ങാട് ന​ഗരസഭാ പരിധിയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായതിനാൽ ഫെബ്രുവരി മുതൽ ഇവിടെ കുടിവെള്ളത്തിന് ക്ഷാമമാകുമെന്ന് നാട്ടുകാരനായ പി കെ നി​ഗേഷ് പറഞ്ഞു. അരയി സ്കൂൾ പരിസരത്ത് ഇരുന്നൂറോളം കുടുംബങ്ങൾ മറ്റുള്ളവരുടെ കിണറിനെ  ആശ്രയിച്ചാണ് കഴിയുന്നത്. എല്ലാവരും വെള്ളം കൊണ്ടുപോകുന്നതോടെ കിണറുകൾ വറ്റി വരളും. പിന്നെ ഈ വീട്ടുകാരും ടാങ്കർ ലോറി കാത്തിരിക്കണം.
എല്ലാ വർഷവും കാഞ്ഞങ്ങാട്ടെ നന്മ മരം കൂട്ടായ്മ, ന​ഗരസഭ, പള്ളിക്കമ്മിറ്റി, ഡിവൈഎഫ്ഐ എന്നിവരാണ് വെള്ളം നൽകുന്നത്. അതേസമയം ഇതിനൊരു ശാശ്വത പരിഹാരം കാണാനും കഴിഞ്ഞിട്ടില്ല. കാർത്തിക കോളനിയിലെ പൈപ്പ് ലൈനിൽ നിന്ന് പുതുക്കൈ, മോനാച്ച എന്നിവിടങ്ങളിലും അരയി സ്കൂൾ പരിസരവും വരെ വെള്ളമെത്തുന്നുണ്ട്. റോഡരികിൽ മാത്രം എത്തുന്ന പൈപ്പ് ലൈൻ വീടുകളിലേക്കും എത്തിച്ചാൽ ആശ്വാസമാകും. 
നീരോട്, വട്ടത്തോട് മേഖലയൊക്കെ കർഷകരും ബീഡി തൊഴിലാളികളുമൊക്കെ താമസിക്കുന്ന മേഖലകളാണ്. കുന്നിൻ മുകളിലെ ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അരയിഞ്ച് വ്യാസമുള്ള പൈപ്പ് ലൈൻ വലിച്ചാണ് മറ്റ് ആവശ്യങ്ങൾക്കായി ഇവർ വെള്ളം ഉപയോ​ഗിക്കുന്നത്. സമീപത്തെ മടിക്കൈ പഞ്ചായത്ത് അയ്യപ്പൻ മഠത്തിനടുത്ത് ടാങ്ക് സ്ഥാപിച്ച് കുടിവെള്ള പ്രശ്നം പരിഹരിച്ചിട്ടുണ്ട്. കടവുംകാൽ പുഴയിൽ മോട്ടോർ സ്ഥാപിച്ച് മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് ടാങ്ക് സ്ഥാപിച്ചാൽ ന​ഗരസഭ ഇരുപതാം വാർഡിലേയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top