24 April Wednesday
വീട്ടുവളപ്പിലെ മീൻ കൃഷി വ്യാപിക്കുന്നു

ഇനി കറിച്ചട്ടിയിൽ പിടയ്‌ക്കുന്ന മീൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കാസർകോട്‌

കറിച്ചട്ടിയിൽ പിടയ്ക്കുന്ന മീനുകൾ ഇനി വിദൂരത്തല്ല. സുഭിക്ഷ കേരളം പദ്ധതിയിൽ ജില്ലയിൽ 420 കർഷകരാണ് മീൻ കൃഷി ചെയ്യുന്നത്‌. 300 ടൺ  മത്സ്യ ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടമായ പ്രവാസികളും യുവജനങ്ങളും വീട്ടമ്മമാരും ഈ രംഗത്തേക്ക്‌ വന്നതാണ്‌ പ്രതീക്ഷ നൽകുന്നത്‌. വീട്ടുവളപ്പിൽ കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക്, കുളങ്ങളിലെ കരിമീൻ, ഓരുജല കൂട് കൃഷി എന്നിവയാണ്‌ സുഭിക്ഷ കേരളം പദ്ധതിയിൽ നടപ്പാക്കുന്നത്‌.  തദ്ദേശ  സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേർന്ന് 40 ശതമാനം സർക്കാർ സബ്‌സിഡി നൽകുന്നു.
ആസാം വാള, കരിമീൻ
പകുതിയോളം കർഷകരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് മത്സ്യകൃഷി ചെയ്യുന്നത്.  271 കർഷകർ പദ്ധതിയുടെ ഭാഗമാണ്.  2.19 ഹെക്ടർ പടുതാക്കുളം തയ്യാറാക്കി. എട്ട് മാസം കൊണ്ട് ഒരു കിലോയോളം ഭാരം വരുന്ന ആസാം വാള കൃഷി ചെയ്യാനാവും. ഒരു വർഷം  217 മുതൽ 271 ടൺ വരെ ആസാംവാള ലഭി ക്കും.  കുളത്തിലെ കരിമീൻ കൃഷിക്ക് 50 സെന്റ് കുളം മതി.  1500 മത്സ്യകുഞ്ഞുങ്ങളോടൊപ്പം ആറ് കിലോ വരുന്ന മത്സ്യങ്ങളും നിക്ഷേപിക്കുന്നു. പ്രജനനം നടന്ന് നല്ലയിനം കരിമീൻ കുഞ്ഞുങ്ങൾ സ്വന്തം കൃഷിയിടത്തിൽ നിന്നു തന്നെ കർഷകർ ഉണ്ടാക്കുന്നു.  
വീട്ടുമുറ്റത്തൊരു ബയോ ഫ്‌ളോക്ക്
സ്വന്തം വീട്ടുമുറ്റത്തെ ജലസ്രോതസിൽ ബയോ ഫ്‌ളോക്ക് കൃഷി ചെയ്യാം.  ജില്ലയിൽ 136 ബയോഫ്‌ളോക്ക് യൂണിറ്റുകളിൽ നിന്നായി ഒരു വർഷം കൊണ്ട് 80 മുതൽ 100 ടൺ വരെ മത്സ്യം ഉൽപാദിപ്പിക്കാം. മാർക്കറ്റിൽ കിലോയ്ക്ക് 120 മുതൽ 300 രൂപ വരെ ലഭിക്കുന്നുണ്ട്. കായലിലെ കൂട് കൃഷിയിലുടെ ആവശ്യക്കാർ ഏറെയുളള കാളാഞ്ചി (കൊളോൻ) ചെമ്പല്ലി, കരിമീനാണ് ഉൽപ്പാദിപ്പിക്കുന്നത്.
ചെലവ്‌ കുറയുന്നു 
വലിയ ചെലവ് വരുന്ന മത്സ്യത്തീറ്റയുടെ ഉപയോഗം ബയോഫ്‌ളോക്ക് ടെക്‌നിക്കിലൂടെ 30 ശതമാനത്തോളം കുറയ്ക്കാം. അധിക തീറ്റയിൽനിന്നും വെള്ളത്തിലേക്ക് വരുന്ന അമോണിയ, ഹ്രെട്രാട്രോഫിക്  ബാക്ടീരിയ കാർബോഹൈഡ്രേറ്റ് (കപ്പപ്പൊടി, പഞ്ചസാര, ശർക്കര) ഉപയോഗിച്ച് മൈക്രോബിയൽ പ്രോട്ടീനാക്കി മാറ്റുന്നു. ഇതുവഴി തീറ്റ ടാങ്കിൽതന്നെ ലഭിക്കും. 21 ഘന മീറ്റർ വരുന്ന ടാങ്കിൽ 1250 നൈൽ തിലാപ്പിയ (ഗിഫ്റ്റ/ചിത്രലാഡ) കുഞ്ഞുങ്ങളാണ്  നിക്ഷേപിക്കുന്നത്. ആറ് മാസം കൊണ്ട് 400 മുതൽ 500 ഗ്രാം വരെ തൂക്കമാവുന്നു. ഒരു വർഷം രണ്ട്  വിളവെടുപ്പ് സാധ്യമാകുന്നു.
 സുഭിക്ഷ കേരളം പദ്ധതിയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 136 ബയോ ഫ്‌ളോക്ക് കർഷകരെയും 271 വീട്ടുവളപ്പിൽ കുളങ്ങളിലെ മത്സ്യകൃഷി കർഷകരെയും രണ്ട് കുളങ്ങളിലെ കരിമീൻ കർഷകരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പദ്ധതിയിലും 95 ശതമാനത്തിലേറെ കർഷകർ  കൃഷി ആരംഭിച്ചു. ജനുവരി അവസാനത്തോടെ  കൃഷി അതിന്റെ പൂർണരൂപത്തിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top