25 April Thursday
പിന്നിൽ അപ്രൈസർ

കോളിച്ചാല്‍ ഗ്രാമീണ ബാങ്കില്‍ മുക്കുപണ്ടം വച്ച്‌ പണം തട്ടി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കോളിച്ചാൽ ഗ്രാമീണ ബാങ്കിൽ മുക്കുപണ്ടത്തട്ടിപ്പ്‌ അറിഞ്ഞ് ഇടപാടുകാർ എത്തിയപ്പോൾ.

രാജപുരം
കോളിച്ചാൽ ഗ്രാമീണ ബാങ്കിൽ  മുക്കുപണ്ടം വച്ചു പണം തട്ടിയ സംഭവത്തിൽ പരിശോധന തുടങ്ങി.  ഗ്രാമീണ ബാങ്ക് എജിഎം വി എം പ്രഭാകരൻ, ചീഫ് മാനേജർ ടി വി സുരേന്ദ്രൻ എന്നിവർ ബാങ്കിൽ എത്തി. ഇവരുടെ നിർദ്ദേശ പ്രകാരം രാജപുരം പൊലീസിൽ പരാതി നൽകി. ബാങ്കിലെ അപ്രൈസറാണ്‌ തട്ടിപ്പിന്‌ പിന്നിൽ. ഇയാൾ ഇടപാടുകാരിൽ നിന്ന്‌  വൻതുക തട്ടിയെന്നാണ്‌ കരുതുന്നത്‌. 
പണയമായി ലഭിച്ച ആഭരണത്തിൽ, ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയതാണ്‌ തട്ടിപ്പ്‌ ഒരാഴ്ച മുമ്പ്‌ പുറത്തെത്തിച്ചത്‌. ഈ ആഭരണം മറ്റൊരിടത്ത്‌ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന്‌ കണ്ടെത്തി. ഇതുപോലെ  നിരവധി ആൾക്കാരുടെ പേരിലും അപ്രൈസർ  പണം തട്ടിയെന്ന്‌ കരുതുന്നു.  ഇതിന് പുറമെ  സ്വർണം പണയം വെക്കാൻ വന്നവരുടെ പേരിൽ,  അവരറിയാതെ കൂടുതൽ പണം എഴുതി എടുത്തതായും  കണ്ടെത്തി. ബാങ്കിൽ സ്വർണം പണയം വെക്കാൻ വരുന്നവരുടെ  തിരക്ക് കണക്കിലെടുത്തു രേഖകളിൽ ഒപ്പുവാങ്ങി അപ്രൈസർ ഉടൻ പണം നൽകുകയായിരുന്നു പതിവ്‌. പിന്നീട്‌ കൂടുതൽ പണം എഴുതി എടുക്കും. തട്ടിപ്പ്‌ വ്യക്തമായതോടെ  ബാങ്ക് ജീവനക്കാർ രഹസ്യമായി പരിശോധന നടത്തുകയായിരുന്നു.   ഇതിനിടയിൽ സംഭവം പുറത്തറിഞ്ഞ്‌ നൂറുകണക്കിന് ഇടപാടുകാർ കഴിഞ്ഞ ദിവസം ബാങ്കിൽ എത്തി.  
തട്ടിപ്പ്‌ നടത്തിയ അപ്രൈസറെ ബാങ്കിൽ നിന്നും മാറ്റി നിർത്തിയാണ്‌  വിശദമായ പരിശോധന നടത്തുന്നത്‌. അതിനുശേഷം മാത്രമേ  വ്യക്തമായ വിവരം ലഭ്യമാകൂവെന്ന്‌  ബാങ്ക് മാനേജർ രാജൻ കാഞ്ഞങ്ങാട് പറഞ്ഞു. തട്ടിപ്പ്‌ വിശദമായി അന്വേഷിക്കുമെന്ന്‌  രാജപുരം സിഐ വി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top