കാസർകോട്
ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് മുഖ്യ ഓഫീസ് കെട്ടിടവും കർഷക സേവന കേന്ദ്രവും 23ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം വി ബാലകൃഷ്‌ണൻ മെയിൻ ബ്രാഞ്ചും കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ കെ പി സതീഷ്‌ചന്ദ്രൻ മീറ്റിങ് ഹാളും കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം സോളാർ സിസ്‌റ്റവും നബാർഡ് എജിഎം ദിവ്യ കർഷക പരിശീലന കേന്ദ്രവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി കോൾഡ് സ്‌റ്റോറേജും സഹകരണ സംഘം ജോയന്റ് രജിസ്‌ട്രാർ ലസിത ഡാറ്റാ സെന്ററും ഉദ്‌ഘാടനം ചെയ്യും.
കാർഷിക അടിസ്ഥാന വികസന നിധിയിൽ അനുവദിച്ച 1.20 കോടി രൂപ ഉപയോഗിച്ച് നിർമിച്ച കർഷക സേവാകേന്ദ്രം കെട്ടിടവും കേരള ബാങ്ക് സമഗ സ്കീം വഴി ലഭിച്ച 80 ലക്ഷം രൂപ വായ്പ ഉപയോഗിച്ച് നിർമിച്ച മുഖ്യ ഓഫീസ് കെട്ടിടവുമാണ് ഉദ്‌ഘാടനം ചെയ്യുന്നത്. കർഷക സേവാകേന്ദ്രത്തിൽ വളം വിത്ത്, നടീൽ വസ്തുക്കൾ, കൃഷി യന്ത്രങ്ങൾ എന്നിവ നൽകും. കർഷക പരിശീലന കേന്ദ്രവും സജ്ജമാണ്. ഇതോടൊപ്പം പച്ചക്കറി സംഭരണ കോൾഡ് സ്റ്റോറേജ് കൂടി ഒരുക്കിയിട്ടുണ്ട്. 1955ൽ ൽ രജിസ്റ്റർ ചെയ്‌ത ബാങ്കിന് നിലവിൽ മുന്നാടും കാഞ്ഞിരത്തിങ്കാലിലും വട്ടംതട്ടയിലും കുണ്ടംകുഴി ടൗണിലും മരുതടുക്കത്തും ശാഖയുണ്ട്.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം അനന്തൻ, ബാങ്ക് മാനേജിങ് ഡയറക്ടർ സുരേഷ് പായം, പ്രസിഡന്റ് കെ തമ്പാൻ, വൈസ് പ്രസിഡന്റ് കെ വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..