26 April Friday
വൈദ്യുതി ക്ഷാമത്തിന്‌ വിട

ഇതാ വരുന്നു കാസര്‍കോട്– വയനാട് പവര്‍ ഹൈവേ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
കാസർകോട്‌ 
മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന 400 കെവി കാസർകോട്-– വയനാട് ഹരിത പവർ ഹൈവേയുടെ നിർമാണംആരംഭിക്കുന്നു. നിർമാണോദ്ഘാടനം  വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  23ന് രാവിലെ 10.30ന് കരിന്തളം തോളേനി അമ്മാറമ്മ ഹാളിൽ നിർവഹിക്കും.  
വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും,  വർദ്ധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് അന്തർസംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി. ഒപ്പം ജില്ലയിലെ ഊർജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് ലോഡ് സെന്ററിൽ എത്തിക്കുന്നതിനുമാണ് നോർത്ത് ഗ്രീൻ കോറിഡോർ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിൾ സർക്യൂട്ട് ലൈൻ എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
കരിന്തളം  400 കെവി സബ്സ്റ്റേഷനിൽ നിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈൻ വലിക്കുന്നത്. 125 കിലോമീറ്റർ വൈദ്യുതി ലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. 400 കെവി പ്രസരണ ശേഷിയുള്ള 380 ടവറുകളാണ്  ആവശ്യമായി വരിക. വയനാട്ടിൽ 200 എം വി എ ശേഷിയുള്ള ട്രാൻസ്‌ഫോർമറാണ് സ്ഥാപിക്കുന്നത്. 
180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാൻ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠാപുരം-,ഇരിട്ടി,- നെടുംപൊയിൽ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈൻ പോകുന്നത്. 436 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 
കെഎസ്ഇബിയുടെ തനതു ഫണ്ടിൽ നിന്നാണ്  തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിർമാണം പൂർത്തിയാക്കാനാണ്  ഉദ്ദേശിക്കുന്നത്. എൽ ആൻഡ് ടി കൺസ്ട്രക്ഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല.

ഉഡുപ്പി - കരിന്തളം 400 കെവി വൈദ്യുതി ലൈനും

ഇതോടൊപ്പം ഉഡുപ്പി - കരിന്തളം 400 കെവി വൈദ്യുതി ലൈൻ നിർമാണം നടക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസർകോട് ജില്ലയിൽ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.  ഉഡുപ്പിയിൽ നിന്ന് കരിന്തളത്തേക്ക് 115 കിലോമീറ്റർ നീളമുള്ള 400 കെ വി ലൈൻ, കരിന്തളത്ത് 400 കെവി സബ്‌സ്റ്റേഷൻ എന്നിവയുടെ നിർമാണം നടക്കുന്നുണ്ട്‌. സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡാണ് നിർമാണം നടത്തുന്നത്. കരിന്തളം കയനിയിൽ സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ 12 ഏക്കർ ഭൂമിയിലാണ് സബ്‌സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുന്നത്.

ട്രാൻസ്ഗ്രിഡ് പദ്ധതി

 ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് 2.0. 400 കെവി, 220 കെവി നിലവാരത്തിലുള്ള പ്രസരണ ശൃംഖല കേരളത്തിലുടനീളം സ്ഥാപിച്ച് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും പുഗളൂർ- മാടക്കത്തറ 2000 എച്ച് വി ഡി സി ലൈൻ യാഥാർത്ഥ്യമായതോടെ  ലഭ്യമായ വൈദ്യുതിയുടെ പ്രസരണം സുഗമമായി നടത്തുന്നതിനും സംസ്ഥാനത്തെ പ്രസരണ ശൃംഖലയെ അന്തർസംസ്ഥാന ലൈനുകളുമായി കൂടുതൽ ബന്ധിപ്പിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ആസൂത്രണ നിലവാരമനുസരിച്ച് അടുത്ത 25 വർഷത്തേക്കാവശ്യമായ പ്രസരണ ശൃംഖല സംസ്ഥാനത്ത് നിർമിക്കുന്നതിനുമാണ് ട്രാൻസ്ഗ്രിഡ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാൻസ്ഗിഡ് പദ്ധതിയിൽ  വരുന്നത്. ഇതുവരെ 400 കെവിയുടെ 178 സർക്യൂട്ട് കിലോമീറ്റർ ലൈനും, 220 കെ.വി യുടെ 566 സർക്യൂട്ട് കിലോമീറ്റർ ലൈനും, 110 കെവി 653 സർക്യൂട്ട് കിലോമീറ്റർ ലൈനും പൂർത്തീകരിച്ചു. ഈ ലൈനുകളുമായി ബന്ധപ്പെട്ട് എട്ട് പുതിയ 220 കെവി സബ്സ്റ്റേഷനുകൾ സ്ഥാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top