19 April Friday

പ്ലാസ്റ്റിക് തരംതിരിക്കാൻ ‘ടീച്ചറും കുട്ട്യോളും’

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കാസർകോട്‌ 

മാലിന്യസംസ്‌ക്കരണത്തിന്റെ പുതിയ പാഠവുമായി ടീച്ചറും കുട്ട്യോളും വരുന്നു. ഹരിത കേരളം മിഷനാണ്‌ ജില്ലയിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ വിപുലമായ പദ്ധതി തയ്യാറാക്കുന്നത്‌. 
ഹരിതകർമസേന  വീടുകളിൽ നിന്നും മറ്റും  ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരം തിരിക്കുന്നതിനാണ്‌  കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്‌.  പ്ലാസ്‌റ്റിക്‌ മാലിന്യം ഒരുമിച്ചാണ്‌ വീട്ടുകാർ നൽകുന്നതെങ്കിലും അവ ചുരുങ്ങിയത്‌ പത്തതരമായെങ്കിലും വേർതിരിച്ചാണ്‌ സംസ്‌ക്കരിക്കാൻ നൽകുന്നത്‌.  മാലിന്യം ശേഖരിക്കുന്നതുപോലെ  ശ്രമകരമാണ്‌ വേർതിരിക്കൽ. ഇതിനുള്ള പരിഹാരമായാണ്‌ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്‌.  
ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലുള്ള ഹരിതകർമസേനാംഗങ്ങൾ  അതത്‌ പ്രദേശങ്ങളിലെ കുട്ടികളെ പ്ലാസ്‌റ്റിക്‌  മാലിന്യങ്ങൾ എങ്ങിനെയാണ്‌ വേർതിരിക്കേണ്ടത്‌ എന്ന്‌ പരിശീലിപ്പിക്കും. ഒരോ വാർഡിൽ നിന്നും താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്തായിരിക്കും പരിശീലനം. അവരെ മാലിന്യപരിപാലനവും  വേർതിരിച്ചു നൽകുന്നതും എങ്ങിനെയെന്ന്‌  പഠിപ്പിക്കും. ഈ കുട്ടികൾ വഴി വീടുകളിലും വേർതിരിക്കൽ നടക്കുമെന്നാണ്‌ പ്രതീക്ഷ. 
ജില്ലയിൽ ആയിരത്തിൽ പരം  ഹരിതകർമസേനാംഗങ്ങളുണ്ട്‌. ഒരംഗം പത്ത്‌ കുട്ടികളെ  പരിശീലിപ്പിച്ചാൽ  മാലിന്യം വേർതിരിക്കാനറിയുന്ന  പതിനായിരം കുട്ടികളുണ്ടാകും. അതിന്‌ പുറമേ ഹരിതകർമസേന പങ്കാളിയാവുന്ന സ്വന്തം പച്ചതുരുത്ത്‌, പച്ചക്കറി കൃഷി, ബദൽ ഉൽപന്ന നിർമാണം തുടങ്ങിയ മാതൃകാ പ്രവർത്തനങ്ങളിലും  താൽപര്യമുള്ള കുട്ടികൾക്ക്‌ പങ്കാളിയാവാനാവും. 
ജില്ലാതല ഉദ്‌ഘാടനം വ്യാഴാഴ്‌ച രാവിലെ 9ന്‌ അജാനൂർ പഞ്ചായത്ത്‌ പരിസരത്ത്‌   ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി നിർവഹിക്കും.

വിറ്റ്‌ കിട്ടിയത്‌ 8 ലക്ഷം രൂപ 

കാസർകോട്
ജില്ലയിൽ നിന്ന്‌ ക്ലീൻ കേരള കമ്പനി സംസ്‌കരിക്കാനായി അയച്ചത്‌ 108.5 ടൺ അജൈവ മാലിന്യം. അതുവഴി ഹരിതകർമസേനക്ക്‌ ഈ വർഷം ലഭിച്ചത്‌ 8,03,014.44 രൂപ.  വീടുകളിൽ നിന്നും മറ്റും ഹരിതകർമസേനയും ഓഫീസുകളിൽ നിന്ന്‌ ക്ലീൻ കേരള നേരിട്ടുമാണ്‌  ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ അടക്കം കൂടിക്കലർന്ന മാലിന്യമാണ്‌ കൂടുതൽ. അത്‌ 1,281.4 ടൺവരും.  വീടുകളിൽ നിന്ന്‌ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ നിക്ഷേപ കേന്ദ്രത്തിൽ വച്ചു വേർതിരിച്ചാണ്‌ ക്ലീൻ കേരളക്ക്‌ നൽകുന്നത്‌.
12ഓളം ഇനങ്ങൾ വേർതിരിച്ചു പ്രത്യേക കെട്ടുകളാക്കിയാണ്‌ സംസ്‌ക്കരിക്കാൻ അയക്കുന്നത്‌.  21.4  ടൺ ചില്ല്‌ മാലിന്യവും 1059 കിലോ കംപ്യൂട്ടർ അടക്കമുള്ള ഇ മാലിന്യങ്ങളും ലഭിച്ചു. 42,580 ബിയർ കുപ്പികളുണ്ടായിരുന്നു. 310 കിലോ മണ്ണ്‌ വിഷലിപ്‌തമാക്കുന്ന രാസവസ്‌തുക്കളടങ്ങുന്ന മാലിന്യമായിരുന്നു.  സിഎഫ്‌എൽ വിളക്കുകളും അതിൽ പെടും.  മണ്ണിന്‌ അപകടമുണ്ടാക്കാത്ത മാലിന്യങ്ങൾക്കെല്ലാം  ക്ലീൻ കേരള വിപണിവിലയനുസരിച്ചു തദ്ദേശസ്ഥാപനങ്ങൾക്ക്‌ പണം നൽകുന്നു. മണ്ണ്‌ വിഷലിപ്‌തമാക്കുന്നവ  ശേഖരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരളക്ക്‌ പണം നൽകണം.  ഇവ കൊച്ചിയിൽ കൊണ്ടുപോയാണ്‌ സംസ്‌കരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top