നീലേശ്വരം
തെങ്ങുകയറലാണ് പള്ളിക്കര പാക്കത്തെ വണ്ണാത്താൻ വളപ്പിൽ ചന്ദ്രന്റെ ലഹരി. നിമിഷ നേരംകൊണ്ട് എത്ര ഉയരമുള്ള തെങ്ങിൻ മുകളിലും ആയാസമില്ലാതെ കയറുന്ന ചന്ദ്രൻ ഓട്ടമത്സര വേദിയിലെത്തിയാലും ഇരട്ടി വേഗത്തിലോടി മുന്നിലെത്തും. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അടുത്ത വർഷം 44 കിലോമീറ്റർ ഓട്ടത്തിനുള്ള പരിശീലനത്തിലാണ്ചന്ദ്രനിപ്പോൾ.
18 ന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ 10,000 മീറ്ററിൽ ഒന്നാംസ്ഥാനം നേടി. ഒമ്പതുപേർ പങ്കെടുത്ത മത്സരത്തിൽ ഓട്ടം മുഴുമിപ്പിക്കാൻ സാധിച്ചതും ഇദ്ദേഹത്തിനുമാത്രം. തെങ്ങുകയറ്റം വഴിയുള്ള കായികക്ഷമത ദീർഘദൂര ഓട്ടത്തിൽ 43കാരന് കരുത്തായി. രാവിലെ മുതലുള്ള ജോലിതീർത്ത് വൈകിട്ട് പള്ളിക്കര ബീച്ചിലാണ് ഓട്ട പരിശീലനം. പാക്കം ഹൈ സ്കൂളിൽ എസ്എസ്എൽസി പഠനത്തിനുശേഷം 16ാം വയസ്സിൽ തെങ്ങുകയറ്റത്തിനിറങ്ങി. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലും 5000, 10,000 മീറ്ററിൽ ഒന്നാംസ്ഥാനം നേടി. കബഡി പരിശീലകൻ കൂടിയാണ്.പരേതനായ കെ വി കണ്ണന്റെയും ടി വി നാരായണിയുടെയും മകനാണ്. ഭാര്യ: പ്രജിന മക്കൾ: സച്ചിൻ ചന്ദ്രൻ, ശിവനന്ദിത ചന്ദ്രൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..