07 December Thursday

അപകടക്കുഴികള്‍ 
അടച്ചു, ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കാഞ്ഞങ്ങാട്‌–- കാസർകോട്‌ സംസ്ഥാന പാതയിൽ മേൽപ്പറമ്പിലെ കുഴികൾ അടയ്ക്കുന്നു

 കാസർകോട്‌

ഒരാഴ്‌ചയായി ഇടവിട്ട്‌ പെയ്‌ത കനത്ത മഴയെത്തുടർന്ന്‌ ജില്ലയിലെ പ്രധാന റോഡുകളിൽ രൂപപ്പെട്ട കുഴികൾ  അടച്ചു.  കലക്ടർ കെ ഇമ്പശേഖറിന്റെ  നിർദ്ദേശത്തെ തുടർന്ന്‌ ബുധനാഴ്‌ച  മൂന്നുമണിക്കൂറിനകം കുഴികൾ നികത്തിയത്‌. ചെർക്കള ടൗണിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാരുടെ നേതൃത്വത്തിൽ  നികത്തി. ചെർക്കള –-കല്ലടുക്ക റോഡും  ഗതാഗത യോഗ്യമാക്കി. മേൽപ്പറമ്പ് ജങ്‌ഷന് സമീപം റീടാറിങ്‌  ഇളകി രൂപപ്പെട്ട കുഴി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അടച്ചു. ചെർക്കള - കല്ലടുക്ക റോഡിന്റെ നിർമ്മാണ പ്രവൃത്തി നടത്തിയ കരാറുകാരന്  കുഴികൾ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കളനാട് ജുമാ മസ്ജിദിന് സമീപത്തെ കുഴിയുമടച്ചു. ഈ റോഡിൽ മണ്ണ് ഉയർന്ന് നിൽക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗതയോഗ്യമാക്കി. കാസർകോട് പ്രസ് ക്ലബ് ജങ്‌ഷന്‌  സമീപം അപകടംനടന്ന് വിദ്യാർഥിനി മരിച്ച സ്ഥലത്തെ കുഴിയും അടച്ചു. മറ്റ് കുഴികൾ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാഞ്ഞങ്ങാട്–- - കാസർകോട് സംസ്ഥാന പാതയിലെ കുഴികൾ മഴയുടെ ശക്തി കുറയുന്നതോടെ പൂർണമായും അടയ്ക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പള്ളിക്കര മേൽപ്പാലത്തിനും ചന്ദ്രഗിരിപ്പാലത്തിനും മുകളിൽ രൂപപ്പെട്ട കുഴികൾ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചെർക്കള - ജാൽസൂർ പാതയിൽ ചെർക്കള മുതൽ കെ കെ പുരം വരെയുള്ള ഭാഗത്തുള്ള കുഴികൾ നികത്തുന്ന പ്രവൃത്തി അടുത്തദിവസം പൂർത്തീകരിക്കും.
പൊതുമരാമത്ത്‌ വകുപ്പ്‌  എക്‌സിക്യൂട്ടീവ് എൻജിനീയർമാരുടെ  അടിയന്തര യോഗം വിളിച്ചാൺ കുഴികളടക്കാൻ കലക്ടർ നിർദേശം നൽകിയത്‌ . യോഗത്തിൽ കേരള റോഡ്‌സ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എൻജിനീയർ പ്രദീപ്കുമാർ, തദ്ദേശ  വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ വി മിത്ര തുടങ്ങിയവർ  പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top