18 December Thursday
ചിന്നയുടെ ഓർമയിലുണ്ട്‌

യാതനയും ഭാവനയും കോർത്ത്‌ നാടകമാടിയ കാലം

കെ സി ലൈജുമോൻUpdated: Thursday Sep 21, 2023

2005ൽ നീലേശ്വരംമുതൽ ബംഗളൂരുവരെ ലോറിയിൽ അവതരിപ്പിച്ച "നായിബാല' നാടകത്തിൽനിന്ന്‌

കാസർകോട്‌
നാടകത്തെ സ്വപ്നംകണ്ട്, സ്നേഹിച്ച്, കളിച്ചും കണ്ടും നടന്നവരുടെ നാടായിരുന്നു ഒരുകാലത്ത്‌ തുളുനാടും.  പ്രതികരണ ശേഷിയുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും അവരുടെ ആശയവിനിയമത്തിന് നാടകമെന്ന കലാരൂപത്തെ തെരഞ്ഞെടുത്ത കാലം. സാമൂഹ്യ–--സാംസ്‌കാരിക–- -രാഷ്‌ട്രീയ വിപ്ലവങ്ങള്‍ക്ക് വീര്യം പകരാന്‍ നാടകത്തിനു സാധിക്കുമെന്ന്‌ കാസർകോടും പരിസരവും മനസിലാക്കിയ നാടക കാലത്തെ ഓർമകളിലാണ്‌ മലയാളം, തുളു, കൊങ്ങിണി, കന്നട ഭാഷകളിലടക്കം  മുന്നൂറോളം നാടകങ്ങളിൽ അഭിനിയിച്ച പ്രശസ്‌ത കന്നഡ സിനിമാതാരം കൂടിയായ കാസർകോട്‌ ചിന്ന (എസ്‌ ശ്രീനിവാസ റാവു).  
ഒരുകാലത്ത്‌ നിരവധി അമേച്വർ നാടകങ്ങൾക്ക്‌ വേദിയൊരുക്കിയ പ്രദേശമാണ്‌ കാസർകോട്‌. ഇന്നാകട്ടെ നാടകം കാണാൻപോലും ആളുകൾ കുറയുന്ന സ്ഥിതി. എന്നാലും ജില്ലയുടെ മധ്യ, തെക്കൻ മേഖലകളിൽ ഇപ്പോഴും നാടകങ്ങൾ ഹൃദയത്തുടിപ്പായി നിലകൊള്ളുന്നുവെന്നത്‌ അഭിമാനകരമാണെന്നും ചിന്ന പറഞ്ഞു. 1963ൽ കാസർകോട്‌ കേന്ദ്രീകരിച്ച്‌ ആരംഭിച്ച ലളിതകലാസദനമാണ്‌ നാടകവേദികൾ ഒരുക്കിയത്‌. എൻ എൻ പിള്ളയും ചങ്ങനാശേരി ഗീതയുമെല്ലാം നിരവധി രാഷ്ട്രീയ നാടകങ്ങളുമായി ഇവിടെയെത്തി. നിറഞ്ഞ സദസാണ്‌ എല്ലാ നാടകങ്ങൾക്കുമുണ്ടായത്‌. മലയാളം നാടകങ്ങളുടെ വരവും വിജയവും കന്നഡ അമേച്വർ നാടകങ്ങൾക്ക്‌ ഉത്തേജനം പകർന്നു. മാസ്‌റ്റർ ഹിരണ്ണയ്യയുടെ നേതൃത്വത്തിൽ പ്രൊഫഷണൽ നാടകങ്ങളും ആരംഭിച്ചു. കാസർകോട്‌ നഗരത്തിൽ മാത്രം 15 അമേച്വർ ഗ്രൂപ്പുകളുണ്ടായി. ഇവരുടെയെല്ലാം നാടകങ്ങൾ കലാവേദികളെ ഉണർത്തി.
1979ൽ കാസർകോട്‌ ചിന്നയുടെ നേതൃത്വത്തിൽ 60 പേരടങ്ങിയ സംഘം ‘യവനിക’ എന്നപേരിൽ നാടക ട്രൂപ്പ്‌ ആരംഭിച്ചു. മഹാകവി ഗോവിന്ദ പൈയുടെ "മണ്ണിന ബൊംബൈ' (മണ്ണിന്റെ വിഗ്രഹം) നൃത്ത നാടകമാണ്‌ ആദ്യമായി അരങ്ങിലെത്തിച്ചത്‌. തുടർന്ന്‌ അമേച്വർ നാടകോത്സവം സംഘടിപ്പിച്ചു. ഇതിനനുഭവിച്ച യാതനകളുമേറെ. 1986ൽ സുകുമാർ കണ്ണൻസിന്റെ നേതൃത്വത്തിൽ "ഗഡിനാട്‌ കലാവിദറു', മുരഹരിയുടെ നേതൃത്വത്തിൽ "നടന കാസർകോട്‌', ഉമേഷ്‌ സാലിയാന്റെ നേതൃത്വത്തിൽ "അപൂർവ കലാവിദറു' തുടങ്ങിയ നാടക ട്രൂപ്പുകളുമുണ്ടായി. ഇവയെല്ലാം നിരവധി വേദികളിൽ നാടകങ്ങളുമായെത്തി.
നമ്മുടെ നാടകവേദികളെ ഉണർത്തുന്നതിനായി സ്‌കൂൾ കലോത്സവങ്ങളിലെ മികച്ച നാടകങ്ങൾ എല്ലാ സ്‌കൂളിലും അവതരിപ്പിക്കാനുള്ള വേദിയൊരുക്കണം. ഇതിന്‌ വിദ്യാഭ്യാസ വകുപ്പുതന്നെ മുന്നിട്ടിറങ്ങണം. 
ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരിടത്ത്‌ ഒറ്റമനസ്സോടെ എത്തിക്കുവാൻ കഴിയുന്നതാണ്‌ കലാവേദികൾ. വിഭാഗീയതകളുടെ ഭാഗമായി ഇന്ന്‌ കാസർകോട്‌ ഭാഗത്ത്‌ ഇവ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇവ തിരിച്ചുപിടിക്കാൻ ഈ നാടിനാകണമെന്നും ചിന്ന പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top