29 November Wednesday

മാലക്കള്ളന്മാരെ 
അടപടലം പൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

 കാഞ്ഞങ്ങാട്‌

നാട്ടിടവഴികളിൽ തനിച്ചു നടന്നുപോകുന്ന സ്‌ത്രീകളുടെ മാലപൊട്ടിക്കുന്ന മറ്റൊരു സംഘത്തെയും  പൊലീസ്‌ പൊക്കി. ബൈക്കിൽ കറങ്ങി  മാല  പൊട്ടിക്കുന്ന  പാലക്കുന്ന് വെടിത്തറക്കാൽ എച്ച് എം മുഹമ്മദ് ഇജാസ് (24), പനയാൽ ചെർക്കാപ്പാറ ഇബ്രാഹിം ബാദുഷ (25), കൂട്ടാളി കുണിയയിലെ അബ്ദുൾ നാസർ (24) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി  പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന്‌ ഇത്തരത്തിൽ മാല പൊട്ടിക്കുന്ന കള്ളനെ ബേക്കൽ പൊലീസ്‌ കുടുക്കിയിരുന്നു.  
    കഴിഞ്ഞ പത്തിന് മടിക്കൈ ചതുരകിണർ മടിക്കൈ ബാങ്കിന്‌ സമീപത്ത് അനാദിക്കട നടത്തുന്ന സി പി സുരേഷിന്റെ ഭാര്യ ബേബി (50) യുടെ കഴുത്തിൽനിന്ന് മൂന്നു പവൻ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. കുപ്പിവെളളം ആവശ്യപ്പെട്ട് കടയിൽ എത്തിയ ഇവർ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവർ ജില്ലയിലെ ചെറുവത്തൂർ മുതൽ തളങ്കര വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും ഇത്തരം കേസുകളിൽ സംശയിക്കുന്ന ആളുകളെയും തുടർച്ചയായി നിരീക്ഷിച്ചു.  കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ൽ അധികം സിസിടിവി ക്യാമറകൾ സംഘം പരിശോധിച്ചു.  സംഭവം നടന്നു പത്തുദിവസത്തിനകം പ്രതികളെ പിടികൂടാൻ പൊലീസിനായി. 
    കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായർ, ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈൻ, എസ്ഐ രാജീവൻ, എഎസ്ഐ അബൂബക്കർ കല്ലായി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ഷൈജു മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവർ  പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായി.
കുറ്റിക്കോലിലെ കേസും തെളിഞ്ഞു
പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റിക്കോൽ കരുവിഞ്ചിയം എന്ന സ്ഥലത്തു ഫെബ്രുവരി രണ്ടിന് റോഡിൽ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിൽ തുമ്പായി. ഇതോടൊപ്പം മാർച്ച് 26ന് ബന്തടുക്ക പടുപ്പിൽ ആയുർവേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ച സംഭവം, കഴിഞ്ഞ ആറിന് ചേരിപ്പാടി നാഗത്തിങ്കാലിൽ നടന്ന  മാല പൊട്ടിക്കൽ എന്നിവയിലും ഈ പ്രതികൾ ഉണ്ടെന്ന്‌ മനസ്സിലായി. മംഗളൂരു, ബന്ദർ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക്ക് മോഷണം. കോഴിക്കോട് കസബയിൽ ബൈക്ക് മോഷണം എന്നിവ ചെയ്തതും ഇതേ പ്രതികൾ ആണെന്ന് തെളിഞ്ഞു. 
17ാം വയസ്സിൽ തുടങ്ങി
പതിനേഴാം വയസിൽ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്റെ പേരിൽ എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലായി മയക്കുമരുന്ന് വിതരണം ഉൾപ്പെടെ ആറു കേസുണ്ട്. ഇബ്രാഹിം ബാദുഷയുടെ പേരിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മംഗളൂരുവിലുമായി 12 മോഷണ കേസുമുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top