26 April Friday

തെരുവുനായകളുടെ 
വാക്‌സിനേഷന് പ്രത്യേക ടീം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

കാസർകോട്‌

തെരുവുനായകളുടെ വാക്സിനേഷന് ജില്ലയിൽ പ്രത്യേക ടീം രൂപീകരിക്കും. സ്പെഷ്യൽ ട്രെയിനിങ്‌ ഫോർ ആനിമൽ റെസ്‌ക്യൂ ടീം (സ്‌റ്റാർട്ട്‌) പദ്ധതിക്ക് കീഴിൽ മിഷൻ വാരിയേഴ്സ് എന്ന പേരിൽ വളണ്ടിയേഴ്സിനെ അണിനിരത്തും. തെരുവുനായ്‌ക്കളുടെ വാക്സിനേഷൻ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ടീമിൽ ഉൾപ്പെടാൻ താൽപര്യമുള്ളവർക്കായി അപേക്ഷ ക്ഷണിക്കും. പഞ്ചായത്തിലെ സർക്കാർ മൃഗാശുപത്രിയിലോ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷനും ഏർപ്പെടുത്തും. 30നുള്ളിൽ അപേക്ഷ സ്വീകരിച്ച് ഒക്ടോബർ പത്തിനുള്ളിൽ പരിശീലനം നടത്തും. കണ്ണൂരിലുള്ള ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ്‌ സെന്ററിലായിരിക്കും പരിശീലനം. ഇവരെ പഞ്ചായത്തുകളിൽ വിന്യസിക്കും. ഇവർക്കുള്ള വാഹനം, ജീവൻ രക്ഷാ മാർഗങ്ങൾ, മരുന്നുകൾ, യൂണിഫോം, തിരിച്ചറിയൽ കാർഡ്, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് നൽകും. ഒരുനായയെ പിടിച്ച് വാക്സിനേഷൻ കേന്ദ്രത്തിലെത്തിക്കുന്നതിന് വളണ്ടിയർക്ക് അഞ്ഞൂറ് രൂപ ലഭിക്കും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.
സമൂഹ അടുക്കള
 തെരുവുനായകൾക്ക് ഭക്ഷണം ലഭ്യമാക്കാൻ സാമൂഹ്യ അടുക്കള മാതൃക പഞ്ചായത്തിൽ പരീക്ഷിക്കും. പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും വീടുകളിലും അവശേഷിക്കുന്ന ഭക്ഷണം ശേഖരിച്ച് തെരുവുനായകൾക്ക് നൽകും. ചർച്ച ചെയ്യാൻ പഞ്ചായത്തിൽ യോഗം വിളിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി സുരേഷ്,  ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എ അഷ്റഫ്, സീനിയർ വെറ്ററിനറി സർജൻ ഡോ. എ മുരളീധരൻ, വെറ്ററിനറി സർജൻ ഡോ. ബി കെ പ്രമോദ്, പി വി ഭാസ്‌കരൻ, കെ സൂസി മോൾ, ജ്യോതി സ്മിത, കിഷൻ ശർമ, നിസാർ, എ എസ് പർവീസ്, ബി കെ പ്രജീഷ് എന്നിവർ സംസാരിച്ചു. 
വളർത്തുനായകൾക്ക്‌ 
വാക്‌സിനേഷൻ തുടങ്ങി
കാസർകോട്‌
വളർത്തുനായകൾക്കുള്ള വാക്സിനേഷന്റെ ജില്ലാ ഉദ്ഘാടനം പാറക്കട്ടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി നിർവഹിച്ചു. 25 മുതൽ ഒക്ടോബർ 26 വരെയാണ് വാക്സിനേഷൻ. വളർത്തുനായകൾക്കുള്ള ലൈസൻസും ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ,  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി സുരേഷ്, ഡോ. എ മുരളീധരൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top