18 April Thursday
ജാഥകൾ സംഗമിച്ചു

അമ്പലത്തുകര ചെമ്പട്ടുടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ അമ്പലത്തുകരയിൽ സംഗമിച്ചപ്പോൾ

 മടിക്കൈ

അമ്പലത്തുകര ചുവന്നു തുടുത്തു. കൊടി, കൊടിമര, ദീപശിഖാ ജാഥകൾ സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്ന കെ ബാലകൃഷ്‌ണൻ നഗറിൽ സംഗമിച്ചു. വെള്ളിയാഴ്‌ച സമ്മേളനത്തിന്‌ പതാക ഉയരും.  രാവിലെ 10ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള മൂന്നു ദിവസത്തെ സമ്മേളനം ഉദ്‌ഘാടനംചെയ്യും. 
ആവേശം അലതല്ലിയതായിരുന്നു ജാഥാ സംഗമം. മുദ്രാവാക്യങ്ങളും വാദ്യാഘോഷവും പ്രകമ്പനം കൊണ്ടു. ചെങ്കൊടിയുടെ കൊടിയേറ്റം വിളംബരം  ചെയ്‌ത്‌ കതിനാവെടികൾ. കോവിഡ്‌ മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു എല്ലാം. ആയിരങ്ങൾ സംഗമിക്കാറുള്ള ജാഥകളുടെ സമാപനത്തിൽ ആളുകളുടെ എണ്ണം ചുരുക്കിയിരുന്നു. രക്തസാക്ഷി സ്‌മൃതി മണ്ഡപങ്ങളിൽനിന്നെത്തിയ  ജാഥകൾ അമ്പലത്തുകരയിൽ  സമാപിക്കുമ്പോൾ സമ്മേളനത്തിന്റെ ആവേശത്തിന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല. കൊടിമരം സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം പി കരുണാകരനും ദീപശിഖ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പതാക സംസ്ഥാന കമ്മിറ്റിയം​ഗം കെ പി സതീഷ് ചന്ദ്രനും ഏറ്റുവാങ്ങി.
         സ്വീകരണങ്ങളും അകമ്പടി വാഹനങ്ങളും ചുവപ്പ്‌ വളണ്ടിയർമാരെയും ഒഴിവാക്കിയും ആളുകളുടെ എണ്ണം കുറച്ചുമായിരുന്നു ജാഥകളുടെ ഉദ്‌ഘാടനവും  പ്രയാണവും. ദീപശിഖാ ജാഥ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെയുള്ള സമരത്തിൽ കഴുമരത്തിലേറിയ കയ്യൂർ രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കാൽ അബൂബക്കർ എന്നിവരുടെ ധീരസ്‌മരണകൾ ജ്വലിക്കുന്ന തേജസ്വിനി പുഴക്കരയിലെ സ്‌മൃതി മണ്ഡപത്തിൽനിന്നാണ്‌ ആരംഭിച്ചത്‌. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ജാഥാ ലീഡറും ജില്ലാ സെക്രട്ടറിയറ്റംഗവുമായ വി പി പി മുസ്‌തഫക്ക്‌ ദീപശിഖ കൈമാറി. എം ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലൻ എംഎൽഎ,  ചെറുവത്തൂർ ഏരിയാസെക്രട്ടറി കെ സുധാകരൻ എന്നിവർ സംസാരിച്ചു. എം രാജീവൻ സ്വാഗതം പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ തുരുത്തി ഈസ്‌റ്റ്‌ വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വനിതാ വാദ്യസംഘം ജാഥക്ക്‌ അകമ്പടിയേകി. 
      പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള  കൊടിമരം  കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ ആലവളപ്പിൽ അമ്പു, സി കോരൻ, പി കുഞ്ഞപ്പൻ, എം കോരൻ, കെ വി കുഞ്ഞിക്കണ്ണൻ എന്നിവരുടെ ജന്മനാടായ ചീമേനിയിൽനിന്നാണ്‌ കൊണ്ടുവന്നത്‌. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ കൊടിമരം ജാഥാ ലീഡറും ജില്ലാ സെക്രട്ടറിയറ്റംഗവുമായ പി ജനാർദനന്‌ കൈമാറി. കെ ശകുന്തള അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി  ഗോവിന്ദൻ, കെ പി വത്സലൻ, ഏരിയാ സെക്രട്ടറി കെ സുധാകരൻ എന്നിവർ സംസാരിച്ചു എം കെ നളിനാക്ഷൻ സ്വാഗതം പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ തുരുത്തി ഈസ്‌റ്റ്‌ വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വനിതാ വാദ്യസംഘം അകമ്പടിയേകി.    
     പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ജന്മിത്വത്തിനെതിരെയുള്ള സമരത്തിൽ രക്തസാക്ഷികളായ  പൈവളിഗെ സഹോദരങ്ങൾ സുന്ദരഷെട്ടി, മഹാബല ഷെട്ടി, ചെന്നപ്പ ഷെട്ടി എന്നിവരുടെ മണ്ണിൽനിന്നാണ്‌ കൊണ്ടുവന്നത്‌. ബോളങ്കളയിലെ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു  ജാഥാ ലീഡറും ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ ആർ ജയാനന്ദന്‌ കൈമാറി. അബ്ദുറസാഖ്‌  ചിപ്പാർ അധ്യക്ഷനായി. എം സുമതി സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. കാറ്റാടി ജനശക്തി വാദ്യസംഘത്തിന്റെ അകമ്പടിയോടെയായിരുന്നു ജാഥാ പ്രയാണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top