20 April Saturday

ചെങ്കള പഞ്ചായത്ത്‌ ഓഫീസിൽ ലീഗുകാർ തമ്മിൽതല്ലി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
ചെർക്കള
ചെങ്കള പഞ്ചായത്ത്‌ ഓഫീസിൽ മുസ്ലിംലീഗ്‌ നേതാക്കൾ തമ്മിൽതല്ലി. ലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ജലീലും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സഫിയയുടെ ഭർത്താവ്‌ ഹാഷിമുമാണ്‌ പരസ്യമായി ഏറ്റുമുട്ടിയത്‌. ബുധൻ പകലാണ്‌ സംഭവം. 
സഫിയ പ്രതിനിധീകരിക്കുന്ന 14–-ാം വാർഡ്‌ ചെർക്കള വെസ്‌റ്റിൽ ജില്ലാ–- ബ്ലോക്ക്‌–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന്‌ നിർമിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന്‌ ആശംസ അറിയിച്ച്‌ ബോർഡ്‌ വച്ചതിനെ ചൊല്ലിയായിരുന്നു  തർക്കം. ഒരു മാസത്തോളമായി പഞ്ചായത്തിലെ ലീഗുകാർ ഈ പ്രശ്‌നത്തിൽ ചേരിതിരിഞ്ഞു പോർവിളി നടത്തുകയാണ്‌.
സ്‌റ്റേഡിയത്തിന്‌ ഫണ്ട്‌ അനുവദിച്ചപ്പോൾ രണ്ടാഴ്‌ച മുമ്പ്‌ ജില്ലാപഞ്ചായത്ത്‌ അംഗം ഷാനവാസ്‌ പാദൂരിനും ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗത്തിനും അഭിവാദ്യമർപ്പിച്ച്‌ വലിയ ബോർഡ്‌ സ്ഥാപിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റിനും വാർഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗത്തിനും അഭിവാദ്യമർപ്പിച്ചു ബോർഡ്‌ വയ്‌ക്കാത്തതിനെ ചൊല്ലി  വാക്കേറ്റവും പോർവിളിയുമുണ്ടായി. തുടർന്ന്‌ സ്ഥാപിച്ച ബോർഡാകട്ടെ കഴിഞ്ഞ ഭരണസമിതി കാലയളവിലെ ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌കുഞ്ഞി ചായിന്റടിക്കും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലീമിനും അഭിവാദ്യമർപ്പിച്ചുള്ളതായിരുന്നു. വാർഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്റെ ഫോട്ടോയും അഭിവാദ്യവുമില്ല. 
ബോർഡിൽ സഫിയയെ ഒഴിവാക്കിയ കാര്യം ഭർത്താവ്‌ ഹാഷിം പഞ്ചായത്ത്‌ ഓഫീസിൽവച്ച്‌ ജലീലിനോട്‌ ചോദിച്ചു. തുടർന്ന്‌ ഇരുവരും വാക്‌തർക്കമായി. ജലീലിന്റെ തലയിൽ വെള്ളക്കുപ്പികൊണ്ട്‌ അടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഉന്തിലും തള്ളിലും തുടങ്ങിയ അടി പൊരിഞ്ഞ അടിയിലേക്ക്‌ മാറിയപ്പോൾ അവിടെയുണ്ടായിരുന്ന ലീഗ്‌ അംഗങ്ങളും നേതാക്കളും പിടിച്ചു മാറ്റാതെ കണ്ടു ആസ്വദിച്ചു. ഇതും ലീഗണികളിലും സാമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top