20 April Saturday

ഇന്തോനേഷ്യയിലെ ‘മക്കോട്ടദേവ’ നാട്ടിലുമെത്തി

ടി കെ നാരായണൻUpdated: Monday Sep 20, 2021

മക്കോട്ടോ ദേവ പഴം

കാഞ്ഞങ്ങാട്‌ 
ഇന്തോനേഷ്യയിൽ നിന്നെത്തിയ മക്കോട്ടദേവ ചെടികൾ ജില്ലയിൽ വ്യാപകമാവുന്നു. മണ്ണിന്റെ കാവലാൾ കർഷകൂട്ടായ്‌മയാണ്‌ കൃഷിയുടെ പ്രചാരകർ. ബിരിക്കുളത്തെ ജോസ്‌ ടി വർഗീസും മടിക്കൈയിലെ പി ഗോപാലകൃഷ്‌ണ പണിക്കരും കൃഷി ചെയ്യുന്നുണ്ട്‌. ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന പഴമാണിത്‌. നിരവധി ഗുണങ്ങളുണ്ടന്ന്‌ ശാസ്ത്രലോകം പറയുന്നു. പലേറിയ മാക്രോ കാർപ്പ എന്നാണ് ശാസ്ത്രനാമം. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കാണുന്നു. ചെടികൾ നട്ട് രണ്ടു വർഷത്തിനകം കായ്‌ക്കും. 
ചാമ്പക്കയുടെ വലിപ്പത്തിലും അധികം ഉയരമില്ലാതെയുമുള്ള ചെടിയുടെ തണ്ടിനോട് ചേർന്നാണ് കായ്കൾ ഉണ്ടാകുക. ആദ്യം പച്ചയും പഴുക്കുമ്പോൾ മഞ്ഞ കലർന്ന മജന്ത ചുവപ്പുനിറത്തിലും ആകുന്നു. കായ്ച്ചുനിൽക്കുന്ന മക്കോട്ടദേവ കാണാൻ മനോഹരമാണ്‌. പഴുത്താൽ നേരിട്ട് കഴിക്കാറില്ല. സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. മാർച്ച്‌ മുതൽ ആഗസ്‌ത്‌ വരെയാണ് പൂവിടുന്നത്. നാലുമാസം കൊണ്ട് പറിക്കാം. ആഗസ്‌ത്‌ മുതൽ ഡിസംബർ വരെയാണ് വിളവെടുപ്പ്‌. 
 
നല്ല ചൂടുള്ള കാലാവസ്ഥയിലാണ് മക്കോട്ടദേവ നന്നായി വളരുക. ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തുദിവസം കൊണ്ട് വിത്തുകൾ മുളയ്‌ക്കും. നന്നായി വേര്‌ പിടിച്ചതിനുശേഷമേ മാറ്റി നടാവൂ. ഒന്നര അടി നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ രണ്ടര മീറ്റർ ഇടവിട്ട് നടാം. തണൽ ലഭിക്കുമെന്ന് ഉറപ്പാക്കണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്‌ കൂട്ടിക്കൊടുക്കണം. ചുവട്ടിൽ വെള്ളം കെട്ടി നിന്നാൽ ചീഞ്ഞു പോവും. വേനൽക്കാലത്ത് ആഴ്‌ചയിലൊരിക്കൽ നനച്ച്‌ കൊടുക്കണം.
ജോസ്‌ ടി വർഗീസ്‌
ബിരിക്കുളത്തെ മക്കോട്ടദേവ കർഷകൻ 
 
വീട്ടുമുറ്റത്ത്‌ നട്ട ചെടികൾക്ക്‌ രണ്ടുവർഷമായപ്പോൾ കായ്‌ച്ചുതുടങ്ങി.  ഗുണവിശേഷങ്ങളുള്ള കനിയാണിതെന്നറിയുന്നു. പ്രമേഹം, ട്യൂമർ എന്നിവർക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാൻസറിനെയും ശക്തമായി പ്രതിരോധിക്കാനും കഴിയുമെന്നാണ് പറയുന്നത്‌.  ഉയർന്ന രക്തസമ്മർദം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ലിവർസീറോസിസിന്റെ കടുപ്പം കുറയ്ക്കാനും യൂറിക്കാസിഡിന്റെ നില ശരിയായി കാക്കാനും മക്കോട്ടയ്ക്ക് കഴിയും. വാതം, വൃക്ക സംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ എന്നിവയെ തടയാൻ കഴിയും. 
പി ഗോപാലകൃഷ്‌ണ പണിക്കർ 
മടിക്കൈയിലെ  മക്കോട്ടദേവ കർഷകൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top