28 March Thursday

വാക്കാണ്‌ സത്യം സ്വരാജ്‌ മടങ്ങി വന്നു; എൻജിനിയറായി

പി വിജിൻദാസ‌്Updated: Sunday Sep 20, 2020
ചെറുവത്തൂർ
‘ഞാൻ ഒരു എൻജിനിയറായി മടങ്ങി വരും മാഷേ’. അന്ന‌് നിഷ‌്കളങ്കമായി ഈ വാക്ക‌് പറയുമ്പോൾ സ്വരാജിന്റെ കണ്ണിൽ പ്രതീക്ഷകളുടെ വെളിച്ചമുണ്ടായിരുന്നു. ആ വാക്ക‌് പാലിക്കപ്പെട്ടു.  ഇല്ലായ‌്മകളിൽ നിന്നും ജീവിത ലക്ഷ്യത്തിലേക്ക‌് നടന്നുകയറാൻ ഒപ്പം നിന്ന കെ പി ധനരാജൻ എന്ന അധ്യാപകനും  പ്രിയ ശിഷ്യനും ഒരിക്കൽ കൂടി കണ്ടുമുട്ടിയപ്പോൾ അത‌് അപൂർവ നിമിഷങ്ങളായി. 2011‐ 13 വർഷം അച്ചാംതുരുത്തിയിലെ എം സ്വരാജ‌് കാടങ്കോട‌് ജിഎഫ‌് വിഎച്ച‌്എസ‌്എസിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ‌് വിദ്യാർഥിയായിരുന്നു. കൊടക്കാടെ  കെ പി ധനരാജനും ഈ സ‌്കൂളിലെ അധ്യാപകനായിരുന്നു. ജോലി കഴിഞ്ഞ‌് വീട്ടിലേക്ക‌് തിരിച്ചു പോകുന്നതിനിടെ ചെറുവത്തൂരിലെ കടവത്ത‌് ഹാർഡ‌് വേഴ‌്സിൽ എത്തിയ അധ്യാപകൻ കണ്ടത‌് സ്വരാജ‌് അവിടെ സെയിൽസ‌്മാനായി ജോലി ചെയ്യുന്നതാണ‌്. തന്റെ വിദ്യാർഥിയെ കടയിൽ കണ്ട അധ്യാപകൻ കാര്യങ്ങൾ അന്വേഷിച്ചു. പഠനച്ചെലവ‌് സ്വരൂപിക്കാനായി ഒഴിവ‌് ദിവസങ്ങളിലും മറ്റും തൊഴിലെടുകകുകയാണെന്നും അധ്യാപകൻ മനസിലാക്കി. ഈ പ്രായത്തിൽ പഠനത്തിലാണ‌് ശ്രദ്ധിക്കേണ്ടതെന്നും പഠനത്തിനായി എല്ലാ സഹായവും താൻ വഹിക്കുമെന്നും ധനരാജൻ സ്വരാജിനോട‌് പറഞ്ഞു. ആ സ‌്നേഹത്തിന്റെ ആഴ‌ം അനുഭവിച്ചറിഞ്ഞ സ്വരാജ‌് അന്ന‌് ആ കടയിൽ വച്ച‌് പറഞ്ഞ വാക്കുകളാണ‌് പിന്നീട്‌ സത്യമായത്‌.  അധ്യാപകന്റെ സഹായത്തിനൊപ്പ് ചെറുവത്തൂർ ജീവൻ വിദ്യ ട്യൂഷൻ സെന്ററും സൗജന്യ ട്യൂഷനും ലഭ്യമാക്കി. സാമ്പത്തികവും മാനസികവുമായ  പിന്തുണയും ധനരാജ്‌ നൽകി.  പ്ലസ‌്ടു കഴിഞ്ഞ‌് എൻട്രൻസ‌് പരീക്ഷയിൽ 874 റാങ്ക‌് നേടി തിരുവനന്തപുരം എൻജിനിയറിങ്ങ‌് കോളേജിൽ നിന്ന‌് ബിടെക‌് ബിരുദവും ട്രിച്ചി എൻഐടിയിൽ നിന്ന‌് എംടെക്കും പൂർത്തിയാക്കി.  രാജസ്ഥാനിലെ സ്വകാര്യ കമ്പനിയിൽ എൻജിനിയറായി ജോലി  നേടി. കഴിഞ്ഞ ദിവസമാണ‌് വിദ്യാർഥിയായിരിക്കെ ജോലി ചെയ‌്ത ഹാർഡ‌് വേഴ‌്സിൽ അധ്യാപകനും പ്രിയ ശിഷ്യനും കണ്ടുമുട്ടിയത‌്. അച്ചാംതുരുത്തിയിലെ സി സുകുമാരന്റെയും എം ഷർമിളയുടെയും മകനാണ‌് സ്വരാജ‌്. കമ്പല്ലൂർ ജിഎച്ച‌്എസ‌്എസിലെ അധ്യാപകനാണ്‌ കെ പി ധനരാജൻ. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top