28 March Thursday

മലബാർ രാമൻ നായരുടെ സ്‌മരണകൾക്ക്‌ 60 ആ തുള്ളലിന്‌ കൈയടിച്ചു എ കെ ജിയും നെഹ്‌റുവും

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കാസർകോട്‌ 
തുള്ളൽകലയുടെ പ്രചാരകനും പരിഷ്‌കർത്താവുമായ മലബാർ രാമൻനായർ അരങ്ങൊഴിഞ്ഞിട്ട്‌ തിങ്കളാഴ്‌ച 60 ആണ്ട്‌.   കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കുട്ടമത്ത് എ കെ ജി മന്ദിരത്തിൽ 60ാം ചരമവാർഷികം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്ക്‌ മഹാമാരി തിരശീലയിട്ടെങ്കിലും ആ സ്‌മരണകൾ  നിത്യവസന്തം. 
എകെജിമന്ദിരത്തിൽ രാമൻനായരുടെ പേരിലുള്ള ഗ്രന്ഥാലയം  പുതുതലമുറയെ ഓർമിപ്പിക്കുന്നത്‌ എകെജിയും രാമൻനായരും തമ്മിലുള്ള ഹൃദയബന്ധം. മഹാകവി കുട്ടമത്തിന്റെ സംഗീത നാടകത്തിൽ രാമൻ നായരോടൊപ്പം എ കെ ജി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്‌.  അദ്ദേഹം ഹോസ് ദുർഗ്‌ പാർലമെന്റ്‌ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ചെറുവത്തൂർ ഭാഗങ്ങളിൽ വന്നാൽ താമസിക്കുക രാമൻ നായരുടെ വീട്ടിലാണ്. എ കെ ജി ഡൽഹിയിൽ താമസിക്കുമ്പോൾ  1952ൽ ഡൽഹി മലയാളി സമാജം ഒരുക്കിയ കലാവിരുന്നിന്റെ ഉദ്ഘാടനത്തിന്‌ രാഷ്ട്രപതി രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും വന്നിരുന്നു. എകെജിയുടെ നിർബന്ധത്തിന്‌ വഴങ്ങി മലബാർ രാമൻ നായരുടെ ഓട്ടൻതുള്ളലിന്‌ സാക്ഷികളാകാനും അവർ തയാറായി. പരിപാടി കഴിഞ്ഞേശേഷം രാമൻനായരെ കെട്ടിപ്പിടിച്ച്‌ അഭിനന്ദനം അറിയിച്ചശേഷം  തുള്ളൽകലയുടെ വളർച്ചയ്‌ക്ക്‌ സഹായം നൽകാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു. 
കലാമണ്ഡലത്തിൽ വള്ളത്തോളിന്‌ ഒപ്പം കഥകളി കാണുമ്പോൾ രാമൻനായരുടെ കലാരൂപം ഇവിടെ പഠിപ്പിക്കുന്നുണ്ടോ എന്ന്‌ നെഹ്‌റു ചോദിച്ചിരുന്നു. മഹാകവി  സാമ്പത്തികപ്രയാസം അറിയിച്ചപ്പോൾ കേരളകലാമണ്ഡലത്തിൽ  തുള്ളൽ പരിശീലനത്തിന്‌  ഫണ്ട്‌ അനുവദിക്കുകയും ചെയ്‌തു. 1956 ൽ ആരംഭിച്ച  തുള്ളൽ കളരിയിൽ മഹാകവി വള്ളത്തോൾ മലബാർ രാമൻ നായരെ നിയമിച്ചു. പിന്നീട്‌ ശിഷ്യൻ ദിവാകരൻ നായരെ ആ ചുമതല ഏൽപ്പിച്ച്‌ അദ്ദേഹം കളിയരങ്ങുകളിലേക്ക്‌ മടങ്ങുകയായിരുന്നു. 
വിശ്രമമില്ലാത്ത കലാപ്രവർത്തനങ്ങൾ രോഗിയാക്കിയ രാമൻനായർ കൊല്ലത്ത്‌ വച്ചു  1960 സെപ്തംബർ  20ന് ഓടുന്ന ബസിൽ വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടാണ്‌ അരങ്ങൊഴിഞ്ഞത്‌.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top