29 March Friday

കുഞ്ഞു ഫഹദിനുനേരെ കത്തിയെടുപ്പിച്ചതും ആർഎസ്‌എസ്‌ കളരി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

ആർഎസ്‌എസുകാരൻ കൊലപ്പെടുത്തിയ മുഹമ്മദ്‌ ഫഹദിന്റെ 
ഉപ്പ അബ്ബാസ്‌. സഹോദരി മെഹ്‌റ സമീപം.

കാസർകോട്‌ > റമദാൻ വ്രതം 22 -ാം ദിനം. മഴയുണ്ടായിരുന്നു അന്ന്‌. കുട നിവർത്തി നടക്കുകയായിരുന്നു ഫഹദ്‌. തോളിൽ സ്‌കൂൾ ബാഗുണ്ട്‌. എൻഡോസൾഫാൻ ദുരിതബാധിതനായ ഫഹദ്‌ കാലിന്‌ സ്വാധീനക്കുറവുള്ളതിനാൽ സാവധാനത്തിലായിരുന്നു നടത്തം. മുമ്പിൽ  ജ്യേഷ്‌ഠത്തി ഷഹലയുണ്ട്‌. അകലെ നിന്ന്‌ ബന്ധു അനസ്‌ നടന്നുവരുന്നുണ്ടായിരുന്നു. വീട്ടിനടുത്തുള്ള കല്യോട്ട്‌ ഗവ. ഹൈസ്‌കൂളിലേക്കാണ്‌ രാവിലെ യാത്ര. ഫഹദ്‌ മൂന്നിലും ഷഹല ആറിലും അനസ്‌ പത്തിലുമാണ്‌. ചാന്തമുള്ളിൽ എത്തിയപ്പോഴാണ്‌ ആർഎസ്‌എസ്‌ പ്രവർത്തകനായ വിജയകുമാർ പ്രത്യക്ഷപ്പെട്ടത്‌. അയാൾ കൈയിൽ കരുതിയ വാക്കത്തികൊണ്ട്‌ ആദ്യം ഫഹദിന്റെ കഴുത്തിന്‌ വെട്ടി. കാര്യമെന്തന്നറിയാതെ ആ പിഞ്ചുകുഞ്ഞ്‌ ചോരയൊലിച്ച്‌ നിലത്തുവീണ്‌ പിടഞ്ഞു. വീണ്ടും വെട്ടിക്കീറി. കുഞ്ഞുശരീരം നിശ്ചലമായെന്ന്‌ ഉറപ്പാക്കിയാണ്‌ കൊലയാളി സ്ഥലം വിട്ടത്‌. 
 
‘‘ഒരു വിരോധവും വിജയനുമായോ അവന്റെ കുടുംബവുമായോ ഉണ്ടായിരുന്നില്ല. അയൽക്കാരായിരുന്നു ഞങ്ങൾ. വിജയന്റെ അമ്മ വെള്ളച്ചിയെ ഞങ്ങളും അമ്മേട്ടിയെന്നാണ്‌ വിളിച്ചിരുന്നത്‌. ചെറുപ്പം മുതലേ ഒന്നിച്ചാണ്‌ വിജയനും സഹോദരങ്ങളും ഞങ്ങളും കളിച്ച്‌ വളർന്നത്‌. 2015 ജൂലായ്‌ ഒമ്പതിന്‌ പെരിയക്കടുത്ത ഇരിയ ചാന്തമുള്ളിൽ നടന്ന മകൻ മുഹമ്മദ്‌ ഹഫദിന്റെ അരുംകൊല വീണ്ടും ഓർക്കുകയാണ്‌  കണ്ണോത്തെ അബ്ബാസ്‌. അരികിൽ അഞ്ചിൽ പഠിക്കുന്ന ഫഹദിന്റെ കുഞ്ഞനുജത്തി മെഹ്‌റയുണ്ട്‌. വീട്ടിനകത്തുണ്ട്‌ കണ്ണീർ ഉറവയുമായി ഉമ്മ ആയിഷയും കൊലയ്‌ക്ക്‌ നേർസാക്ഷിയായ ജ്യേഷ്‌ഠത്തി ഷഹ്‌ലയും.   
 
കണ്ണോത്ത്‌ പ്രദേശത്ത്‌ സിപിഐ എം പ്രവർത്തനം ശക്തിപ്പെടുത്താനായി ബ്രാഞ്ച്‌ രൂപീകരിക്കാൻ പലതവണ യോഗം ചേർന്നിരുന്നു. വിജയനെ വിളിച്ചുവെങ്കിലും സഹകരിച്ചില്ല. പിന്നീടാണ്‌ അറിഞ്ഞത്‌ അവൻ ആർഎസ്‌എസ്‌ ക്ലാസുകളിൽ പങ്കെടുത്തിരുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ്‌ ശശികലയുടെ ആരാധകനാണെന്നും. അന്ധമായ മുസ്ലീം വിരോധം പ്രകടിപ്പിക്കുന്ന  പ്രസംഗങ്ങൾ മൊബൈലിൽ കേൾക്കുന്നത്‌ ഹരമായിരുന്നു വിജയന്‌. രണ്ട്‌ പൂച്ചക്കുഞ്ഞുങ്ങളെ കൊല്ലുമെന്ന്‌ അവൻ പറഞ്ഞതായി പിന്നീട്‌ അറിഞ്ഞു. ഫഹദിനെയും അനസിനേയുമാണ്‌ അവൻ ഉദ്ദേശിച്ചതെന്ന്‌ പിന്നീടാണ്‌ മനസിലായത്‌. മറന്നുപോയ പുസ്‌തകം എടുക്കാൻ വീട്ടിലേക്ക്‌ മടങ്ങിയതിനാലാണ്‌ അനസ്‌ വിജയന്റെ വാക്കത്തിയിൽനിന്ന്‌ രക്ഷപ്പെട്ടത്‌. അബ്ബാസ്‌ പറഞ്ഞു.
 
എൻഡോസൾഫാൻ ദുരിതബാധിതനായ ഫഹദിനെ ഒന്നും രണ്ട്‌ ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഓട്ടോയിൽ തന്നെയാണ്‌ അബ്ബാസ്‌  സ്‌കൂളിൽ എത്തിച്ചിരുന്നത്‌. ഡോക്ടറുടെ നിർദേശപ്രകാരമാണ്‌ മൂന്നാം ക്ലാസിലെത്തിയപ്പോൾ സഹോദരങ്ങൾക്കൊപ്പം നടന്നുപോകാൻ അനുവദിച്ചത്‌. സിപിഐ എം കണ്ണോത്ത്‌ തട്ടുമ്മൽ ബ്രാഞ്ചംഗമായ അബ്ബാസ്‌ ഓട്ടോ ഡ്രൈവറാണ്‌. ആർഎസ്‌എസ്‌ പരിശീലന കളരിയിൽനിന്നുള്ള ഉപദേശങ്ങളും പ്രഭാഷണങ്ങളുമാണ്‌ വിജയനെ അന്ധനായ മുസ്ലീം വിരോധിയും സിപിഐ എം വിരോധിയുമാക്കിയത്‌. 
 
വിജയൻ ഇടയ്‌ക്ക്‌ നാട്ടിൽ നിന്ന്‌ അപ്രത്യക്ഷമാകാറുണ്ടായിരുന്നു. തലശേരിയിലും മറ്റും കണ്ടതായി പരിചയക്കാർ പറഞ്ഞിട്ടുണ്ട്‌. ആർഎസ്‌എസിന്റെ പരിശീലന കളരിയിൽ പങ്കെടുക്കാനായിരുന്നു ദുരൂഹ യാത്രകളെന്ന്‌ പിന്നീട്‌ വ്യക്തമായി. ഫഹദിന്റെ കൊലപാതകത്തോടെയാണ്‌ വിജയന്റെ അധോമനസിലെ ആർഎസ്‌എസ്‌ ഭീകരത വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞത്‌. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട വിജയകുമാർ കണ്ണൂർ സെൻട്രൽ ജയിലിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top