19 April Friday

ആരവമില്ലാതെ തെയ്യക്കാലം

പി വിജിൻദാസ‌്Updated: Monday Oct 19, 2020
ചെറുവത്തൂർ
തെയ്യങ്ങൾക്ക് നിറശോഭ പകരാൻ അണിയറയിൽ അണിയലങ്ങൾ ഒരുങ്ങേണ്ട കാലമാണിത്. പക്ഷെ തെയ്യങ്ങളില്ലാത്ത കാലത്ത് ജീവിതവഴി കണ്ടെത്താൻ നിർമാണമേഖലയിൽ ഉൾപ്പെടെ തൊഴിലെടുക്കുകയാണ്  ഉറഞ്ഞാടിയവരും ചായില്യം കൊണ്ട് മുഖത്തെഴുതിയവരും ചെണ്ടമേളക്കാരും. പേരെടുത്ത തെയ്യം കലാകാരൻമാരിൽ ഒരാളാണ് കിണാവൂർ നേണിക്കമായ ടി കെ രാജീവൻ. മഹാമാരിക്കാലത്ത് കളിയാട്ടങ്ങളെല്ലാം മുടങ്ങിയപ്പോൾ നിർമാണമേഖലയിൽ തൊഴിലെടുക്കുകയാണ് അദ്ദേഹം.  കൊടക്കാട്ടെ പ്രിയേഷ് പണിക്കർ വാഹനങ്ങളിലെത്തി പഴവർഗങ്ങൾ വിൽക്കുന്നു. വലിയ മുടിയേന്തിയും മറ്റും ശാരീരിക വിഷമതകൾ വന്നു ചേർന്ന തെയ്യം കലാ കാരൻമാർ മറ്റുവഴികളില്ലാത്തതിനാൽ വീടുകളിൽ  കഴിയുന്നു. ചിങ്ങം ഒന്നിന്  കർഷകത്തെയ്യങ്ങൾ അരങ്ങിലെത്തുമെങ്കിലും തുലാം പത്തോടെയാണ് കളിയാട്ടങ്ങൾ സജീവമാകേണ്ടത്.
അസുരവാദ്യത്തിന്റെ മേളത്തിനൊത്തുള്ള കാൽചിലമ്പിന്റെ കിലുക്കവും  നിറയേണ്ട തുലാം നിശബ്ദമായി കടന്നു പോകുന്നു. ഒറ്റക്കോലങ്ങൾക്ക് മേലേരി ഒരുക്കണമെങ്കിൽ നാൾമരം മുറിക്കണം. 
കളിയാട്ടങ്ങൾ ഇല്ലാത്തതിനാൽ ഇക്കുറി ആ ചടങ്ങില്ല. തെയ്യം കെട്ടാനും നടത്താനും ഇരുപത് പേർക്ക് മാത്രം അവസരം നൽകിയിട്ടുണ്ട‌്. എന്നാൽ  ഈ നിബന്ധനകൾക്ക‌് വിധേയമായി കളിയാട്ടങ്ങൾ നടത്താൻ സാധിക്കില്ല. 
കോലധാരികൾ, സഹായികൾ, ക്ഷേത്ര സ്ഥാനികർ, ആചരക്കാർ, അന്തിത്തിരിയൻ, നോറ്റിരിക്കുന്നവർ, അടിച്ചുതെളി, കാരണവന്മാർ, കലശക്കാൻ, കമ്മിറ്റിക്കാർ, കോയ്മ, അകമ്പടി, വാല്യക്കാർ തുടങ്ങി നിരവധി പേർ അടങ്ങുമ്പോഴാണ‌് ഒരു ഉത്സവം പൂർത്തിയാകുന്നത‌്. നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ  ദോഷകരമായി ബാധിക്കും.
കാർഷിക ദേവതകൾ അരങ്ങിലെത്തുന്ന ദിവസമാണ്  തുലാം ഒന്ന‌്. പാടത്ത‌്  വിത്തെറിയാൻ മുറത്തിൽ നിറച്ച വിത്തുമായി തുലാം ഒന്നിന‌് തിമിരി വയലിൽ വലിയ വളപ്പിൽ ചാമുണ്ഡി എത്തി. ഇത്തവണ മറ്റു ചടങ്ങുകൾ ഒഴിവാക്കിയാണ‌് ചാമുണ്ഡി വയലിലെത്തി വിത്തെറിഞ്ഞത‌്. തിരിച്ച‌് ക്ഷേത്രത്തിലെത്തി തിരുമുടി അഴിച്ചു.വീടുകളിലെത്തി അനുഗ്രഹം ചൊരിയുന്ന ചടങ്ങുകൾ ഇത്തവണ ഉണ്ടായില്ല. കഴിഞ്ഞ ദിവസം ലഭിച്ച ഇളവാണ് തെയ്യം അരങ്ങിലെത്താൻ വഴി തുറന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top