25 April Thursday

കൂടെയുണ്ട്‌ സർക്കാർ ആര്യശ്രീക്ക്‌ വീടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
നീലേശ്വരം
ആര്യശ്രീയുടെ സ്വപ്നം യാഥാർഥ്യമാകുന്നു, ഗൃഹപ്രവേശം ഈ മാസം അവസാനം നടക്കും. ഇടിത്തീപോലെ എതിരാളികളുടെ വലയിലേക്ക് ഗോളുകൾ പായിക്കുമെങ്കിലും ആര്യശ്രീക്ക് ഇടിയെയും മഴയെയും പേടിയായിരുന്നു. ചോർന്നൊലിക്കുന്ന ചെറിയ ഷെഡിലായിരുന്നു ഈ ദേശീയ വനിതാ ഫുട്ബോളറുടെ  താമസം. ഇന്ന്  സൗകര്യങ്ങളോടു കൂടിയ വീടുപണി  പൂർത്തിയാകുന്നു. 
നീലേശ്വരം രാങ്കണ്ടത്തെ ലോട്ടറി വിൽപ്പനക്കാരൻ എ കെ ഷാജുവിന്റെയും പി വി ശാലിനിയുടെയും മകളാണ് കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ എസ് ആര്യശ്രീ. ആറാം തരം മുതൽ ഫുട്‌ബോൾ കളിക്കുന്നു. കായികാധ്യാപിക പ്രീതിമോളുടെയും നിധീഷ് ബങ്കളത്തിന്റെയും ശിക്ഷണത്തിൽ ജില്ല, സംസ്ഥാന ടീമിലെത്തുകയും സബ് ജൂനിയർ വനിതാ വിഭാഗം ഇന്ത്യൻ കുപ്പായവുമണിഞ്ഞ് മംഗോളിയ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ കളിച്ചു. ഭൂട്ടാൻ സാഫ് ഗെയിംസിൽ ഇന്ത്യ ജേതാക്കളാകുമ്പോൾ പ്രതിരോധ നിരയിൽ ആര്യശ്രീയുടെ മിന്നുന്ന പ്രകടനമുണ്ടായിരുന്നു.  
സിപിഐ എം നീലേശ്വരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഇവർക്ക് വീട്  നൽകാനുള്ള തീരുമാനമെടുക്കുകയും പണി ആരംഭിക്കുകയും ചെയ്തു. അതിന് ശേഷം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ടി കെ രവി, ലോക്കൽ സെക്രട്ടറി എ വി സുരേന്ദ്രൻ എന്നിവർ കായിക മന്ത്രി ഇ പി ജയരാജനെ  കണ്ട് കുടുംബത്തിന്റെ വിഷമത വിവരിച്ചു.  ഇതോടെ മന്ത്രി വീട് നിർമാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു.
 ലോക്കൽ സെക്രട്ടറി എ വി സുരേന്ദ്രൻ ചെയർമാനും സ്പോട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം കൺവീനറുമായ  കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top