28 March Thursday

നൂറിൽ ജില്ലയും ഹിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
കാസർകോട് 
ജില്ലയുടെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടി സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതികൾ. ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത, ഭവന  മേഖകളിൽ കൂടുതൽ പദ്ധതികളും തുകയും അനുവദിച്ചു. ഭൂമിയില്ലാത്തവർക്ക്‌ ഭൂമിയും വീടില്ലാത്തവർക്ക്‌ വീടും നൽകി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽ അവകാശം ഉറപ്പാക്കി പട്ടയം നൽകി.  
 
മെഡിക്കൽ കോളേജിന്‌  160 കോടി
നിർമാണം നടക്കുന്ന ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജിന് 160 കോടി രൂപ അനുവദിച്ചു. ആശുപത്രി കെട്ടിടത്തിൽ വൈദയൂതി സംവിധാനമടക്കമുള്ള ഉപകരണങ്ങൾ, ഹോസ്‌റ്റൽ, ക്വാർട്ടേഴ്സ്, അനുബന്ധ കെട്ടിടങ്ങൾക്കാണ്‌ തുക. ടാറ്റ ഗവ.  കോവിഡ് ആശുപത്രിയിൽ മാലിന്യ നിർമാജന സംവിധാനത്തിന്‌ 1.10 കോടി നൽകി. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും. 
 
2 അന്തർ സംസ്ഥാന റോഡ്‌ 
സംസ്ഥാനത്ത് ഭാരത് മാല പദ്ധതിയിൽ 11 റോഡുകൾ പ്രഖ്യാപിച്ചപ്പോൾ രണ്ടെണ്ണം ജില്ലയിലാണ്‌. ഹൊസ്ദുർഗ് -പാണത്തൂർ -ബാഗമണ്ഡല -മടിക്കേരി, ചെർക്ക -കല്ലടുക്ക അന്തർസംസ്ഥാന പാതകളാണ്‌ ഇവ. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ പ്രവൃത്തിക്ക്‌  ചെർക്കള മുതൽ ഉക്കിനടുക്ക വരെ 39.76 കോടിയുടെയും ഉക്കിനടുക്ക മുതൽ കല്ലടുക്ക വരെ 27.5 കോടിയുമാണ്‌ ചെലവിടുന്നത്‌. ചെർക്കള ജാൽസൂർ സംസ്ഥാന പാത വികസനത്തിനുള്ള 100 കോടിയുടെ പദ്ധതി സമർപ്പിച്ചു.
പെരിയ ഒടയംചാൽ റോഡ്, പെരിയ- ആയംകടവ് റോഡ്, ബേക്കൽ സൗത്ത് പാർക്ക് ബീച്ച് വികസനം എന്നിവക്ക് ഭരണാനുമതിയായി. തൃക്കരിപ്പൂരിലെ പെരുമ്പട്ട പാലം തുറന്നു. കാഞ്ഞങ്ങാട്ടെ 2.74 കോടിയുടെ തടിയൻവളപ്പ് പാലം സജ്ജമായി. രണ്ടരക്കോടി ചെലവിൽ മാലക്കല്ല് പൂക്കയം റോഡ്, 15.80 കോടിയുടെ ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലെ മുണ്ടോളിൽ നിന്നുള്ള 10 കിലോമീറ്റർ, കള്ളാർ ചുള്ളിത്തട്ട് റോഡ് പദ്ധതികൾ ആരംഭിക്കുകയാണ്‌. 
 
ഉദുമയിൽ മാരി ടൈം അക്കാദമി
ജീവനക്കാരുടെ കുറവ് സാരമായി ബാധിച്ചിരുന്ന ജില്ലയിൽ ഒഴിവുള്ള തസ്തികകൾ ഭൂരിഭാഗവും നൂറുദിവസത്തിനിടയിൽ നികത്തി. മഞ്ചേശ്വരത്ത് ഫോറസ്റ്റ് ചെക്ക്‌പോസ്‌റ്റ്‌ പ്രവർത്തനമാരംഭിച്ചു. കുറ്റിക്കോൽ 110 കെ വി സബ് സ്‌റ്റേഷൻ നിർമാണ പ്രവൃത്തിക്ക്‌ നടപടിയായി. ഉദുമയിൽ മാരിടൈം അക്കാദമിയും നീലേശ്വരത്ത് പുരാവസ്തു മ്യൂസിയവും പ്രഖ്യാപിച്ചു. പിലിക്കോട് ആയുർവേദ ആശുപത്രി കെട്ടിടം, എളേരിത്തട്ട് കോളേജ്  സ്‌റ്റാഫ്‌ ക്വാർട്ടേഴ്സ് കെട്ടിടം, അഞ്ചു കോടി രൂപ ചെലവിൽ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്  പുതിയ ബ്ലോക്ക്  എന്നിവ യാഥാർഥ്യമായി. 
 
ഭെൽ ഇഎംഎൽ 
ഏറ്റെടുത്തു
കാസർകോട് ബെദ്രടുക്കയിലെ നവരത്‌ന കമ്പനിയായ ഭെൽ ഇഎംഎൽ കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന്റെ 51 ശതമാനം ഓഹരിയാണ് സംസ്ഥാന സർക്കാർ വാങ്ങിയത്. കോടികൾ നഷ്ടത്തിലായ സ്ഥാപനത്തിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി പൂട്ടിയതിനെ തുടർന്നാണ്‌ ഏറ്റെടുത്തത്. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ്‌ സിറാമിക്‌സിന്റെ കരിന്തളം യുണിറ്റിൽ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉൽപാദന  കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമായി. 
 
404 കുടുംബങ്ങൾക്ക് 
കൂടി വീട്‌
ലൈഫ് പദ്ധതിയിൽ  404 വീടുകൾ കൂടി പൂർത്തീകരിച്ചു.  ഇതുവരെ പണി തീർന്നത്‌ 9727  വീടുകളാണ്‌. ഒന്നാം ഘട്ടത്തിൽ 2876, രണ്ടാം ഘട്ടത്തിൽ 3450, മൂന്നാം ഘട്ടത്തിൽ 416 വീടുകളാണ്‌ നിർമിച്ചത്‌. 
 
589 കുടുംബത്തിന്‌ പട്ടയം
ജില്ലയിൽ 589 കുടുംബങ്ങൾക്കാണ്‌ പട്ടയമേളയിൽ പുതുതായി പട്ടയം നൽകിയത്‌. കാസർകോട് താലൂക്കിൽ 86, മഞ്ചേശ്വരത്ത്‌ 17, വെള്ളരിക്കുണ്ടിൽ 47, ഹൊസ്ദുർഗിൽ 52 പട്ടയങ്ങൾ നൽകി. കാസർകോട് നഗരസഭയിൽ 11 പട്ടയം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top