25 April Thursday

റാകിപ്പറക്കുന്ന ചെമ്പരുന്തേ പൊല്ലാപ്പായല്ലോ!

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പുല്ലൂർ കേളോത്തെ ഷാജിയുടെ വീട്ടിലെത്തിയ പരുന്ത്

കാഞ്ഞങ്ങാട് 
കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച  പരുന്തിനെ കൊണ്ട് പൊല്ലാപ്പിൽ പെട്ടിരിക്കുകയാണ്‌ പുല്ലൂർ കേളോത്ത്‌ കാവുങ്കാലിലെ ഷാജിയും വീട്ടുകാരും. ശല്യക്കാരനായ പരുന്തിനെ വനംവകുപ്പ് അധികൃതർ നീലേശ്വരത്തും റാണിപുരത്തും കൊണ്ടുപോയി വിട്ടെങ്കിലും അതേ വേഗതയിൽ തിരിച്ച്‌ ഷാജിയുടെ വീട്ടിൽ എത്തുകയാണ്‌. 
 ആറുമാസം മുമ്പാണ്  പരുന്തിനെ ഷാജിക്ക്‌ അവശനിലയിൽ കിട്ടിയത്‌. ഇദ്ദേഹവും സഹോദരൻ സത്യനും ചേർന്ന് പരുന്തിനെ പരിപാലിച്ചു.  ആരോഗ്യം വീണ്ടെടുത്ത പരുന്തിനെ  പറത്തി വിട്ടുവെങ്കിലും ഉടൻ തിരിച്ചെത്തി. ദയ തോന്നിയ വീട്ടുകാർ വീണ്ടും ഭക്ഷണം നൽകി. പരുന്ത്‌ ഇത്‌ അവസരമായി കണ്ട്‌, എങ്ങും പോകാതായി. അൽപം കുസൃതിയും തുടങ്ങി. മറ്റുള്ള വീടുകളിലെ കളിപ്പാട്ടവും മറ്റും റാഞ്ചാൻ തുടങ്ങി. പരുന്തിനെ പേടിച്ച് കുട്ടികൾ  പുറത്തു ഇറങ്ങാനും ഭയന്നു. പരാതി കൂടിയതോടെ,  ഷാജി കാഞ്ഞങ്ങാട് വനം  അധികൃതരെ  അറിയിച്ചു. അവർ പരുന്തിനെ ഏറ്റെടുത്ത്‌  നീലേശ്വരം മാർക്കറ്റിലെ മറ്റു പരുന്തുകൾക്കൊപ്പം വിട്ടു. രണ്ടു ദിവസത്തിനുള്ളിൽ പരുന്ത് ഷാജിയുടെ വീട്ടിൽ ഹാജർ. വീണ്ടും കുട്ടികളെ ഭയപ്പെടുത്താൻ തുടങ്ങിയതോടെ, വീണ്ടും വനംവകുപ്പുകാരെത്തി, പരുന്തിനെ റാണിപുരത്തേക്ക്‌ കൊണ്ടുപോയി.  
സമാധാനമായെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ പരുന്ത്‌ പതിവുപോലെ ഷാജിയുടെ വീട്ടിൽ തിരിച്ചെത്തിയത്‌.  ഇനിയെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഷാജിയും കുടുംബവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top