23 April Tuesday

വരൻ ഡോക്ടറല്ലേ? 
ലക്ഷം വേണ്ടിവരും

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

അറസ്‌റ്റിലായ 
ബിനോയ് ഷെട്ടി

 കാസർകോട്‌

മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഡോക്ടറാണെന്ന്‌ വിശ്വസിപ്പിച്ച്‌ യുവതിയിൽ നിന്ന്‌ 7.57 ലക്ഷം രൂപ തട്ടിയ പ്രതിയെ കാസർകോട്‌ സൈബർ ക്രൈം പൊലീസ്‌ പിടികൂടി. മംഗളൂരു സുറത്ത്‌ക്കല്ലിലെ ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടി (33)യെയാണ്‌ കാസർകോട്‌ സൈബർ ക്രൈം ഇൻസ്‌പെക്ടർ  കെ പ്രേംസദന്റെ നേതൃത്വത്തിൽ പിടിച്ചത്‌. 
 
മാസങ്ങളായി പ്രതിയുടെ  സാമൂഹമാധ്യമ അക്കൗണ്ടകൾ നിരീക്ഷിച്ചും മുംബൈ, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുന്ന പ്രതിയുടെ ലൊക്കേഷൻ പിന്തുടർന്നുമാണ്‌ സുറത്ത്‌കല്ലിലെ വീട്ടിൽ നിന്ന്‌ വ്യാഴം പുലർച്ചെ  ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. 
സംഗമ.കോം എന്ന വെബ്‌സൈറ്റിൽ  ഡോക്ടറാണെന്ന്‌ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ്‌ കാസർകോട്ടെ 27 കാരിയായ യുവതിയുമായി ബന്ധം സ്ഥാപിച്ചത്‌. മംഗളൂരുവിലെ പ്രമുഖ സ്വകാര്യാശുപത്രിയിൽ ഡോക്ടറാണെന്ന്‌ വിശ്വസിപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴി ബന്ധം ശക്തമാക്കി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. മംഗളൂരുവിൽ സ്വന്തമായി ക്ലിനിക്ക്‌ തുടങ്ങാൻ ആലോചിക്കുന്നുവെന്നും സഹായിക്കണമെന്നും യുവാവ്‌ പറഞ്ഞു. കഴിഞ്ഞ എപ്രിലിൽ  യുവതി 7.57 ലക്ഷം രൂപ കൈമാറി. പിന്നീട്‌ സാമൂഹമാധ്യമ അക്കൗണ്ടുകൾ നശിപ്പിച്ച ബിനോയ്, യുവതിയുമായി ബന്ധപ്പെടുന്നത്‌ നിർത്തി. പിന്നീട്‌ നടന്ന അന്വേഷണത്തിലാണ്‌ തട്ടിപ്പാണെന്ന്‌ മനസിലായത്‌.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും മറ്റും ഇയാൾക്കായി മാസങ്ങളായി പൊലീസ്‌ അന്വേഷണത്തിലായിരുന്നു. പലയിടങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു. എംടെക്ക്‌ കഴിഞ്ഞ പ്രതി മംഗളൂരുവിൽ ഐടി മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു.  പ്രതിയെ കാസർകോട്‌ കോടതി റിമാൻഡ്‌ ചെയ്‌തു.  സമാനമായ രീതിയിൽ മറ്റാരെയെങ്കിലും ചതിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. എസ്ഐമാരായ പി കെ അജിത്‌, ചെറിയാൻ, പൊലീസുകാരായ കുഞ്ഞികൃഷ്ണൻ, മനോജ്‌ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top