07 July Monday

വിദ്യാർഥികളുടെ മരണം: ചെർക്കപ്പാറ വിങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
പാക്കം
വിദ്യാർഥികളുടെ മുങ്ങി മരണത്തിൽ നാട്‌ വിറങ്ങലിച്ചു. എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു   മരിച്ച പാക്കം ചെർക്കപ്പാറയിലെ നന്ദഗോപനും  ദിൽജിത്തും.  അയൽവാസികളും  ബാലസംഘം പ്രവർത്തകരുമായിരുന്നു ഇവർ. പഠനത്തിനൊപ്പം  നാട്ടിലെ എല്ലാ കാര്യത്തിലും സജീവം.   ബുധൻ വൈകിട്ട്‌ ചെർക്കപ്പാറ സർഗം  ക്ലബിന്  സമീപത്തെ പഞ്ചായത്ത് കുളത്തിൽ  അഞ്ചുകുട്ടികളാണ്‌ കുളിക്കാനെത്തിയത്‌. കളിയും ചിരിയുമായി നീന്തിതുടിച്ച രണ്ട്‌ പേർ  വെള്ളത്തിൽ മുങ്ങിയതോടെ എല്ലാവരും പരിഭ്രാന്തിയിലായി. കൂടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞപ്പോഴാണ് അപകടത്തെക്കുറിച്ചു സമീപത്തുള്ളവർ അറിഞ്ഞത്.   ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി.  ഫയർഫോഴ്‌സും പൊലീസും എത്തി. സംഭവമറിഞ്ഞെത്തിയ  മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ എന്നിവരും രക്ഷാപ്രവർത്തനത്തിന്‌  നേതൃത്വം നൽകി 
വർഷങ്ങൾക്ക് മുൻപ് ആലകോടൻ ശങ്കരൻ മണിയാണിയാണ്‌ പൊതു സ്ഥലത്ത് കുളം നിർമിച്ചത്‌.പിന്നീട്‌ പള്ളിക്കര പഞ്ചായത്ത്‌ കുളം ഏറ്റെടുത്ത് വിപുലപ്പെടുത്തി നീന്തി കുളിക്കാൻ പറ്റുന്ന രീതിയിലാക്കി. മഴക്കാലത്ത് സമീപപ്രദേശത്തെ ഒരുപാട് ആളുകൾ നിത്യേന ഉപയോഗിക്കുന്നു. 
 
ജില്ലാ ആശുപത്രി 
കണ്ണീർ പുഴയായി
അപ്രതീക്ഷിത ദുരന്ത വാർത്ത അറിഞ്ഞതോടെ ജില്ലാ ആശുപത്രിയിൽ   എത്തിയവരാകെ വിതുമ്പി.  ദിൽജിത്തും നന്ദഗോപനും നിശ്ചലനായി കിടക്കുന്നത്‌ കണ്ടപ്പോൾ ഇവരുടെ ഫുട്‌ബോൾ കോച്ചായിരുന്ന കണ്ണന്‌ സങ്കടം അടക്കാൻ കഴിഞ്ഞില്ല.  ഒരു മാസം മുൻപാണ് മരിച്ച കുട്ടികളടക്കം 28 പേർക്ക് ഇദ്ദേഹം പരിശീലനം നൽകി തുടങ്ങിയത്. മഴയായതിനാൽ  പരിശീലനം ഉണ്ടായിരുന്നില്ല. വൈകുന്നേരം നാലഞ്ച് കുട്ടികൾ ബോൾ തട്ടുന്നത് കണ്ടിരുന്നു. പിന്നീടാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി, സബ്കലക്ടർ ഡി ആർ മേഘശ്രീ, എഡിഎം രാമചന്ദ്രൻ  എന്നിവർ ആശുപത്രിയിലെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top