26 April Friday
കുഡ്‌ലു ബാങ്ക്‌ കൊള്ള

15.86 കിലോ സ്വർണം ഇടപാടുകാർക്ക്‌ കിട്ടും

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കുഡ്‌ലു സഹകരണ ബാങ്കിൽനിന്ന്‌ കൊള്ളയടിച്ച സ്വർണാഭരണം 
പൊലീസ് കണ്ടെടുത്തപ്പോൾ (ഫയൽ ചിത്രം)

കാസർകോട്‌
കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന്‌ കൊള്ളയടിച്ച സ്വർണാഭരണങ്ങൾ ഉടൻ ഇടപാടുകാർക്ക്‌ തിരികെ ലഭിക്കും. ബാങ്ക്‌ നൽകിയ സ്വർണാഭരണങ്ങളുടെ  ഫോട്ടോ ആൽബം ബുധനാഴ്‌ച ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതി (ഒന്ന്‌) പരിശോധിക്കും. കോടതിയിലുള്ള സ്വർണാഭരണവുമായി ഇത്‌ ഒത്തുനോക്കി കൃത്യത ഉറപ്പാക്കും. തുടർന്നാണ്‌ ആഭരണം കൈമാറുക. രണ്ടാഴ്‌ചക്കകം  കോടതിയിലെ നടപടിക്രമം പൂർത്തിയാകും. തുടർന്ന്‌  വായ്‌പ തുക അടക്കുന്ന മുറക്ക്‌ വേഗത്തിൽ ഇടപാടുകാർക്ക്‌  സ്വർണം കൈമാറും. 
 2017 സെപ്‌തംബർ ഏഴിന്‌  പകൽ രണ്ടിനാണ്‌ എരിയാലിലെ കുഡ്‌ലു സഹകരണ ബാങ്കിൽ 17.685 കിലോ സ്വർണാഭരണവും 12.50 ലക്ഷം രൂപയും കൊള്ളയടിച്ചത്‌.  ഹെൽമെറ്റും മുഖംമൂടിയും ധരിച്ചെത്തിയ സംഘം കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തി രണ്ട്‌ വനിതാ ജീവനക്കാരെ കെട്ടിയിട്ടാണ്‌ കൊള്ള നടത്തിയത്‌. 
എട്ട്‌ പ്രതികളുള്ള കേസിൽ കൊള്ള നടന്ന്‌ രണ്ടാഴ്‌ചക്കകം പൊലീസ്‌ 15.860 കിലോഗ്രാം സ്വർണാഭരണവും 12.50 ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണവും പണവും കേസിന്റെ വിചാരണ നടക്കുന്ന ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതി (ഒന്ന്‌)യിലാണ്‌.  
 
ഹൈക്കോടതി ഇടപെട്ടു
ഇടപാടുകാർ പ്രയാസത്തിലായപ്പോഴാണ്‌ സ്വർണവും പണവും വിട്ടുകിട്ടാൻ ബാങ്ക്‌ ഹൈക്കോടതിയെ സമീപിച്ചത്‌. വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.  905 ഇടപാടുകാരുടെതായി 1030 പണയ ഉരുപ്പടികളാണുള്ളത്‌. സ്വർണാഭരണങ്ങൾക്ക്‌ പകരം ഫോട്ടോ ആൽബം കോടതിയിൽ സൂക്ഷിക്കും. കേസിൽ ഉടൻ വിധി  വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പ്രതികൾ ജാമ്യം ലഭിച്ച്‌ പുറത്താണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top