29 March Friday

വരുമാനം കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കാസർകോട്‌

ലോക്ക്‌ഡൗൺ ഇളവുകൾ വന്നതോടെ ജില്ലയിൽ കെഎസ്‌ആർടിസിക്ക്‌ വരുമാനം കൂടുന്നു. കാസർകോട്‌ ഡിപ്പോയിൽ ഒരാഴ്‌ചയായി ഏഴര ലക്ഷം രൂപയാണ്‌ ദിവസ വരുമാനം. കാഞ്ഞങ്ങാട്‌ മൂന്നര ലക്ഷം രൂപയും വരുമാനമുണ്ട്‌. 
കാസർകോട്‌ ഡിപ്പോയിൽ  നിന്നുള്ള ബസുകളിൽ ദിവസവും 30,000 പേർ യാത്ര ചെയ്യുന്നു. കാഞ്ഞങ്ങാട്‌ 15000 യാത്രക്കാരുണ്ട്‌.  ഞായറാഴ്‌ച നിയന്ത്രണം പിൻവലിച്ചതോടെയാണ് വരുമാനം വർധിച്ചത്‌. കാസർകോട്‌ 60 ബസും ഓടുന്നു. മംഗളൂരുവിലേക്കുള്ള  പ്രവേശനം അനുവദിക്കാത്തതിനാൽ കാസർകോട്‌ നിന്ന്‌ തലപ്പാടി വരെ 23 ബസുകൾ സർവീസ്‌ നടത്തുന്നുണ്ട്‌. ദിവസം 230 ട്രിപ്പുണ്ട്‌. ഓരോ ഏഴ്‌ മിനിറ്റിലും ബസുണ്ട്‌. കാസർകോട്‌ നിന്ന്‌ രാത്രി എട്ട്‌ വരേയും തലപ്പാടിയിൽ നിന്ന്‌ രാത്രി ഒമ്പത്‌ വരെയും ബസുണ്ട്‌.  സുള്ള്യ, പുത്തൂർ  ബസുകൾ കർണാടക അതിർത്തിയിൽ സർവീസ്‌ ചുരുക്കുകയാണ്‌. 

രാത്രിയിൽ യാത്രക്കാരില്ല 

കണ്ണൂരിലേക്ക്‌ ഏഴ്‌ ബസുകൾ പോകുന്നുണ്ട്‌. രാത്രി ഏഴുവരെ ബസുണ്ട്‌. കണ്ണൂരിൽ നിന്ന്‌ കാസർകോടേക്കും ഏഴുവരെ ബസുണ്ട്‌. ചന്ദ്രഗിരി പാലം വഴി കാഞ്ഞങ്ങാടേക്ക്‌ രാത്രി 7.45 വരെയും കാഞ്ഞങ്ങാട്‌ നിന്ന്‌ എട്ടുവരെയും ബസുണ്ട്‌. രാത്രിയിൽ  ആളില്ലാത്തതിനാൽ ദേശീയപാത വഴി ഓടുന്ന കോഴിക്കോട്‌ വിമാനത്താവളത്തിലേക്കും കണ്ണൂർ ഭാഗത്തേക്കുമുള്ള ബസുകളും നിർത്തി. രാത്രി ഒമ്പതിന്‌ കോട്ടയത്തേക്ക്‌ പോകുന്ന മിന്നൽ സർവീസും നഷ്ടത്തിലാണ്‌. കൂടുതൽ സ്‌റ്റോപ്പുകളിൽ നിർത്തിയിട്ടിട്ടും ഇന്ധന ചെലവിനുള്ള തുക ലഭിക്കുന്നില്ല.

ജീവനക്കാർ കൂടുതൽ വേണം

കാസർകോട്ട്‌ ബസിന്റെയും ജീവനക്കാരുടെയും കുറവ്‌ സർവീസ്‌ വർധിപ്പിക്കുന്നതിന്‌ തടസമാകുന്നുണ്ട്‌. നേരത്തെ 72 ബസുണ്ടായിരുന്നു. നിലവിൽ 62 ബസാണ്‌ പ്രവർത്തന സജ്ജം. 142 ഡ്രൈവറും 147 കണ്ടക്ടറുമാണുള്ളത്‌. കണ്ടക്ടർമാരിൽ 30 പേരെ കണ്ണൂരിലേക്ക്‌ മാറ്റി. കാസർകോട്‌ സർവീസ്‌ സുഗമമാക്കാനാണ്‌ നേരത്തെ 30 പേരെ കണ്ണൂരിൽ നിന്ന്‌ മാറ്റി നിയമിച്ചത്‌. ഇവരുടെ കുറവ്‌ ജില്ലയിലെ സർവീസിൽ പ്രതിസന്ധിയുണ്ടാക്കും. 

കാഞ്ഞങ്ങാട്‌ 32  സർവീസ്‌

കാഞ്ഞങ്ങാട്‌ 32  ബസുകൾ സർവീസ്‌ നടത്തുന്നു. നേരത്തെ 43 സർവീസുണ്ടായിരുന്നു. പത്തനംതിട്ട, മാനന്തവാടി, കോഴിക്കോട്‌, ഇരിട്ടി എന്നിവിടങ്ങളിലേക്ക്‌ സർവീസുണ്ട്‌. കണ്ണൂരിലേക്ക്‌ മൂന്നും കാസർകോടേക്ക്‌ അഞ്ചും ബസുണ്ട്‌. രാത്രിയിൽ പാണത്തൂർ, ബന്തടുക്ക എന്നിവിടങ്ങളിലേക്ക്‌ സർവീസില്ലെന്ന പരാതിയുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top