18 April Thursday

കൊങ്കൺവഴിയുള്ള ട്രെയിനിൽ ജനറൽ ടിക്കറ്റുമില്ല ഒരാഴ്‌ച പരശുറാമില്ല; ബെസ്‌റ്റ്‌!

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

 

കാസർകോട്‌ 
പാളംപണിക്കായി പരശുറാം എക്‌സ്‌പ്രസ്‌ 20 മുതൽ 28വരെ ഓട്ടം നിർത്തുമ്പോൾ വടക്കേമലബാറിലെ യാത്രക്കാർ കുഴങ്ങും. കൊങ്കൺവഴി വരുന്ന ട്രെയിനുകൾക്കൊന്നും ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും അനുവദിക്കാത്ത റെയിൽവേ;  ഒരാഴ്‌ച പരശുരാം നിർത്തുമ്പോൾ കാസർകോട്‌ നിന്നും കണ്ണുരിൽ നിന്നുമുള്ള നിത്യയാത്രക്കാരെ തീർത്തും അവഗണിച്ചു. 
നേരം പുലർന്നാൽ ആദ്യം എത്തുന്ന നേത്രാവതിക്ക്‌ ടിക്കറ്റ്‌ നൽകാത്തതിനാൽ  കാസർകോടുള്ളവർക്ക്‌ കയറാൻ കഴിയില്ല. നിത്യയാത്രക്കാർക്ക്‌ ആശ്രയം 5.45ന്‌ കാസർകോട്‌ എത്തുന്ന പരശുറാമായിരുന്നു. 7.07ന്‌ കണ്ണൂരിൽ എത്താം. 
തിരിച്ചു കണ്ണൂരിൽ നിന്ന്‌ 6.45നാണ്‌  മംഗളുരു ഭാഗത്തേക്ക്‌ പരശുറാം. 7.54ന്‌ കാസർകോട്‌എത്തും. പരശുറാമിന്റെ സമയത്തിൽ അടുത്തകാലത്ത്‌ വരുത്തിയ മാറ്റം  നിത്യയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. 
 ഏറ്റുമാനൂർ മുതൽ ചിങ്ങവനം സ്‌റ്റേഷനുകൾക്കിടയിലാണ്‌ പാളം പണി നടക്കുന്നത്‌. പരശുറാം പൂർണമായും നിർത്തുന്നതിന്‌ പകരം എറണാകുളംവരെ ഓടിയിരുന്നെങ്കിൽ വടക്കൻ കേരളത്തിലെ യാത്രക്കാർക്ക്‌ ആശ്വാസമാകുമായിരുന്നു.  മുമ്പ്‌ പാളം പണി ഘട്ടത്തിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചു വണ്ടികൾ പൂർണമായി നിർത്താതെ  അത്തരം നീക്കുപോക്ക്‌ റെയിൽവേ നടത്തിയിരുന്നു. 
പരശുറാമിന്‌  പുറമേ രാവിലെ 4.50ന്‌ കണ്ണൂരിൽനിന്നുള്ള തിരുവനന്തപുരം ജനശതാബ്‌ദി 21,23,24,26,27,28 തീയതികളിലും തിരിച്ചുള്ള ജനശതാബ്‌ദി 22,23,25,26,27 തീയതികളിലും ഓടില്ല. കോഴിക്കോട്‌ വെസ്‌റ്റിഹില്ലിൽ പണിനടക്കുന്നതിനാൽ ആലപ്പുഴ–- കണ്ണൂർ എക്‌സിക്യുട്ടീവ്‌ 17,19,20 തീയതികളിൽ ഇല്ല. 
കോവിഡിന്റെ പേരിൽ നിർത്തിയ, ജനറൽ കംപാർട്ടുമെന്റുകൾ എല്ലാ ട്രെയിനുകളിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കൊങ്കൺവഴി പോകുന്ന ദീർഘദൂര വണ്ടികൾ മിക്കതും കാലിയായി പോയാലും  ടിക്കറ്റ്‌ ലഭിക്കില്ല. കാസർകോട്‌ നിന്ന്‌ കണ്ണൂരിലേക്ക്‌ പോകണമെങ്കിൽ പോലും മുമ്പേ റിസർവ്‌ ചെയ്യേണ്ട അവസ്ഥയുണ്ട്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top