26 April Friday

ആന, കുരങ്ങ്, പന്നി... കഷ്ടമാണവസ്ഥ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

 ഇരിയണ്ണി 

കാറഡുക്ക വനം മേഖലയായ കൊട്ടംകുഴി, കാനത്തൂർ, കുണ്ടൂച്ചി മേഖലകളിലായി 21 കാട്ടാനകൾ തമ്പടിച്ച് കൃഷി നശിപ്പിക്കുന്നു. ഇതിൽ ആറ് ആന  കുണ്ടംകുഴി പ്രദേശത്തേക്ക് പോയി കൃഷി നശിപ്പിച്ചു. നാട്ടുകാരും വനംവകുപ്പും ചേർന്ന് തിരിച്ചയച്ചതോടെ വീണ്ടും മുളിയാറിലെത്തി. എരിഞ്ഞിപ്പുഴ പുഴയോരം ചേർന്ന് രണ്ട് ആനകൾ കൂടി കൂട്ടത്തിൽ ചേർന്നതോടെ എട്ട് ആനകളാണ് ഒന്നിച്ചെത്തി കൃഷി നശിപ്പിക്കുന്നത്. 
ഒരു കാട്ടാന തെക്കൻകൊച്ചിയിലും ആറെണ്ണം നെയ്യങ്കയം, കാനത്തൂർ പ്രദേശങ്ങളിലും റോന്ത് ചുറ്റുന്നുണ്ട്. കൊട്ടംകുഴി നെയ്യങ്കയം പ്രദേശങ്ങളിലാണ് ആറ് ആനകൾ കറങ്ങി നടക്കുന്നത്.
 
30 കുരങ്ങിനെ കൂട്ടിലാക്കി; 
കൈയോടെ തുറന്നുംവിട്ടു
കാടകം
കുരങ്ങുകളുടെ ശല്യം പൊറുതിമുട്ടിയ കർഷകർ സ്ഥാപിച്ച കെണിയിൽ നിന്ന് 30 കുരങ്ങുകളെ തുറന്നുവിട്ടു. കാറഡുക്ക പഞ്ചായത്തിലെ കാടകം കൊട്ടംകുഴിയിലാണ് സംഭവം. 
കർഷകർ ഏറെയുള്ള കൊട്ടംകുഴി പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായപ്പോൾ കുരങ്ങു കെണി സ്ഥാപിക്കാൻ പദ്ധതിയിട്ടു. പിടിച്ച കുരങ്ങുകളെ ഉൾവനത്തിൽ കൊണ്ട് വിടാൻ വനംവകുപ്പും തയ്യാറായതോടെ ദേലംപാടി പാണ്ടിയിൽ നിന്ന് കെണികളെത്തി. പതിനഞ്ചായിരം രൂപയാണ് നിലവാടക. ജനവാസകേന്ദ്രങ്ങളിൽ കെണി സ്ഥാപിച്ച ശേഷം ദൂരെ ഒരാൾ കാവലുമിരിക്കും. കെണിയുടെ കവാടത്തിന്റെ നിയന്ത്രണം കാവൽക്കാരന്റെ കൈയിലാണ്. പഴവും തേങ്ങയും വച്ച് കുരങ്ങിനെ കൂട്ടിനകത്താക്കും. പിന്നീട് വനംവകുപ്പ് ജീവനക്കാരെത്തി കൊണ്ട് പോകും. ഒരു ശബ്ദവുമുണ്ടാക്കാതെ കവലിരിക്കുന്നയാളിനും കൊടുക്കണം 2000 രൂപ. കൂട്ടിൽ പെട്ട കുരങ്ങന്മാർക്ക് ഭക്ഷണത്തിന് നൽകുന്ന പഴങ്ങളുടെ ചെലവും വേറെ. അങ്ങനെ 30 കുരങ്ങുകൾ പെട്ടിയിൽ വീണു. പകൽ ഡ്യൂട്ടി കഴിഞ്ഞ് വനം വകുപ്പുകാരെയും അറിയിച്ച് ശനിയാഴ്ച രാവിലെ കെണിയുടെ അരികത്ത് എത്തിയ നാട്ടുകാരും കാവൽക്കാരനും ഞെട്ടി. മുഴുവൻ കുരങ്ങുകളെയും തുറന്നുവിട്ടിരിക്കുന്നു. 
സുരേഷ് കുമാർ കൺവീനറും പഞ്ചായത്ത് അംഗം സത്യവതി ചെയർമാനായുള്ള കമ്മിറ്റിയാണ് കുരങ്ങുകളിൽ നിന്ന് രക്ഷ നേടാനുള്ള സംവിധാനവുമായി ഇറങ്ങിയത്. ഒരു വീടിൽ നിന്ന് 500 രൂപ സ്വരൂപിച്ചാണ് കുരങ്ങുകളെ ‘പിടിക്കാൻ' ഇറങ്ങിയത്. 
നാട്ടുകാരിൽ തന്നെ ചിലർ ഒപ്പിച്ച പണിയെന്നാണ് കമ്മിറ്റിക്കാരുടെ അഭിപ്രായം. എന്തായാലും വീണ്ടും കുരങ്ങുകളെ കെണിയിൽ വീഴ്ത്തിയാലെ കൃഷി തുടങ്ങാനാകൂ എന്ന അഭിപ്രായത്തിലാണ് കർഷകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top