29 March Friday

പ്ലസ്‌ ടു 78.68 ശതമാനം വിജയം

കെ സി ലൈജുമോൻUpdated: Thursday Jul 16, 2020

കാസർകോട‌്

ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 78.68 ശതമാനം വിജയം. സംസ്ഥാനത്ത്‌ പിന്നിലാണെങ്കിലും കഴിഞ്ഞവർഷത്തേക്കാൾ 0.08 ശതമാനം കൂടുതലാണ‌് ഇത്തവണത്തെ വിജയം. 106 സ‌്കൂളിൽനിന്നായി 14,711 പേർ പരീക്ഷയെഴുതിയതിൽ 11,574 പേർ ഉപരിപഠനത്തിന‌് അർഹരായി. 16 കുട്ടികൾ മുഴുവൻ മാർക്കും സ്വന്തമാക്കി. 485 പേർക്ക‌് എല്ലാ വിഷയത്തിലും എ പ്ലസ‌് ലഭിച്ചു. ഇതിൽ സർക്കാർ സ‌്കൂളിൽനിന്നുള്ള 265 പേരും എയ‌്ഡഡ‌് സ‌്കൂളിൽനിന്നുള്ള 218 പേരുമാണുള്ളത‌്. കാഞ്ഞങ്ങാട്‌ ലിറ്റിൽഫ്‌ളവറിലെ രണ്ടുപേരാണ്‌ അൺഎയ‌്ഡഡ‌് സ‌്കൂളുകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ‌് സ്വന്തമാക്കിയത്‌. ഓപ്പൺ സ‌്കൂളിൽ 1643 പേർ പരീക്ഷയെഴുതിയതിൽ 832 പേർ വിജയിച്ചു. 50.64 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ 7.4 ശതമാനം വർധനയുണ്ട‌്.

കാഞ്ഞങ്ങാട‌് ലിറ്റിൽഫ‌്ളവർ ഇംഗ്ലീഷ‌് മീഡിയം സ‌്കൂൾ, കുനിൽ എഡ്യുക്കേഷൻ ട്രസ്‌റ്റ്‌ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മുഴുവൻ കുട്ടികളും ജേതാക്കളായി. ലിറ്റിൽ ഫ്‌ളവറിൽ പരീക്ഷയെഴുതിയ 45 പേരും കുനിൽ സ്‌കൂളിൽ പരീക്ഷയെഴുതിയ അഞ്ചുപേരും ഉപരിപഠനത്തിന്‌ അർഹരായി. ഇവ രണ്ടും അൺഎയ്‌ഡഡ്‌ മേഖലയിലുള്ളവയാണ്‌. സ‌്പെഷ്യൽ സ‌്കൂളായ ചെർക്കള മാർതോമ ബധിര വിദ്യാലയവും നൂറുമേനി സ്വന്തമാക്കി. എട്ട്‌ കുട്ടികളാണ‌് ഇവിടെ പരീക്ഷയെഴുതിയത‌്. രണ്ടുപേർ തോറ്റതിനാൽ പരവനടുക്കത്തെ ഉദുമ മോഡൽ റസിഡൻഷ്യൽ സ‌്കൂളിനും കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറിക്കും നൂറുമേനി നഷ്ടമായി. പരവനടുക്കത്ത്‌ 101 പേരും ദുർഗയിൽ 257 പേരും പരീക്ഷയെഴുതി. മൂന്നുപേർ തോറ്റതിനാൽ കുമ്പള ഗവ. ഹയർസെക്കൻഡറിക്കും നൂറുമേനി നഷ്ടമായി. 195 പേരാണ്‌ ഇവിടെ പരീക്ഷയ്‌ക്കിരുന്നത്‌. നാലുപേർ തോറ്റതിനാലാണ‌് ഇളമ്പച്ചിയിലെ സൗത്ത്‌ തൃക്കരിപ്പൂർ ഗവ. ഹയർസെക്കൻഡറിക്കും ചെറുവത്തൂർ ഗവ. ഫിഷറീസ്‌ ഹയർസെക്കൻഡറിക്കും നൂറുമേനി നഷ്ടമായത‌്. 

ഇളമ്പച്ചിയിൽ 128 പേരും ചെറുവത്തൂരിൽ 129 പേരുമാണ്‌ പരീക്ഷയെഴുതിയത‌്. 90 ശതമാനത്തിന‌് മുകളിൽ വിജയം സ്വന്തമാക്കിയ 25 സ‌്കൂളുകളാണുള്ളത‌്. ഇതിൽ 11 സർക്കാർ സ‌്കൂളും 11 എയ‌്ഡഡ‌് സ‌്കൂളും രണ്ട‌് അൺഎയ‌്ഡഡ‌് സ‌്കൂളും ഒരു സ‌്പെഷ്യൽ സ‌്കൂളുമാണുള്ളത‌്. അൺഎയ‌്ഡഡ‌് മേഖലയിലെ ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ ഹയർസെക്കൻഡറിയിലാണ‌് ഏറ്റവും കുറഞ്ഞ വിജയശതമാനം. 20 പേർ പരീക്ഷയെഴുതിയതിൽ മൂന്നുപേർ മാത്രമാണ‌് ഉപരിപഠനത്തിന‌് അർഹരായത‌്. 15 ശതമാനമാണ‌് വിജയം.

എസ‌്എസ‌്എൽസിക്ക‌് പിന്നാലെ പ്ലസ‌്ടു പരീക്ഷയിലും പൊതുവിദ്യാലയങ്ങൾ മികച്ച നിലവാരമാണ‌് പുലർത്തിയത‌്. മുഴുവൻ വിഷയത്തിലും എ പ്ലസ‌് നേടുന്നതിലേക്കുൾപ്പെടെ അൺഎയ‌്ഡഡ‌് സ‌്കൂളുകളെ നിഷ്‌പ്രഭമാക്കിയാണ‌് പൊതുവിദ്യാലയങ്ങളുടെ മുന്നേറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top