27 April Saturday

കാത്തിരിപ്പിനൊടുവിൽ വിരിഞ്ഞു
15 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

 കാസർകോട് 

ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാമ്പിന്റെ മുട്ടകൾ  വിരിഞ്ഞു. 15 പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തെത്തി. ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക്‌ നിർമിക്കുമ്പോഴാണ്‌  പെരുമ്പാമ്പ്‌ അടയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. 24 മുട്ടകൾ ഉണ്ടായിരുന്നു. ഇവിടെനിന്ന്‌ പാമ്പിനെ മാറ്റിയാൽ മുട്ടകൾ നശിച്ചുപോകുന്നതിനാൽ  വിരിയുന്നതുവരെ കാത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി  നിർമാണ പ്രവൃത്തികൾ നിർത്തുകയും ചെയ്‌തു. 
അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ധനേഷ്കുമാറിന്റെ നേതൃത്വത്തിലാണ്‌  മുട്ട വിരിയുന്നതുവരെയുള്ള  കാര്യങ്ങൾ ചെയ്‌തത്‌. മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാനും ദുബായ്‌ ജോൺസൂസ് അക്വാടിക് സൊല്യൂഷൻ ചീഫ് സുവോളജിസ്റ്റുമായ മവീഷ് കുമാർ ആവശ്യമായ സഹായങ്ങൾ ചെയ്‌തു.   ഇടയ്‌ക്കിടെ സ്ഥിഗതികൾ പരിശോധിച്ചു. 
   വിരിഞ്ഞാൽ പാമ്പിൻകുഞ്ഞുങ്ങൾ റോഡിലേക്ക്‌ പോകുമെന്നുകണ്ട്‌ എല്ലാ മുട്ടകളും പെട്ടികളിലാക്കി വനം വകുപ്പ്‌  റെസ്‌ക്യൂവർ അടുക്കത്ത്‌ബയലിലെ അമീന്റെ വീട്ടിലേക്ക് മാറ്റി. മുട്ട വിരിഞ്ഞതോടെ വനം വകുപ്പ് റാപിഡ് റെസ്‌പോൺസ് ടീം (ആർആർടി) പാമ്പിൻകുഞ്ഞുങ്ങളെ ബോവിക്കാനം വനത്തിൽ വിട്ടു. ബാക്കിയുള്ള ഒമ്പതെണ്ണം രണ്ട്‌ ദിവസത്തിനകം വിരിയുമെന്നാണ്‌ പ്രതീക്ഷ.  
സാധാരണ  62 മുതൽ - 75 ദിവസമാണ്‌ മുട്ട വിരിയാൻ വേണ്ട സമയം.  ഷെഡ്യൂൾഡ് ഒന്ന് വിഭാഗത്തിൽപ്പെടുന്ന ഇനമായതിനാൽ ഏറെ ജാഗ്രതയോടെയായിരുന്നു പരിചരണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top