19 April Friday

നമ്മൾ സ്‌മാർട്ടാകും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

ജില്ലാ പഞ്ചായത്ത് ബജറ്റ്‌ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിക്കുന്നു

കാസർകോട് 
അതിദാരിദ്ര്യ മുക്ത ജില്ലയാക്കി മാറ്റാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന്‌ ഇത്‌ നടപ്പാക്കുമെന്ന്‌ വൈസ്‌ പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞു.
അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുനിർത്തി സമഗ്ര വികസനം സാധ്യമാക്കും. ഉൽപാദന മേഖലയിൽ 10,30,34,000 രൂപ വകയിരുത്തി. ലോക ചെറുധാന്യ വർഷത്തിൽ ജില്ലയിൽ ചെറുധാന്യകൃഷി ആരംഭിക്കും. മില്ലറ്റ് മില്ല് സ്ഥാപിക്കും. കാർബൺ സന്തുലിത ഫാമുകളാക്കി സീഡ് ഫാമുകളെ മാറ്റും. ജലസേചനം ജലസംരക്ഷണം ഉറപ്പാക്കാൻ പുതിയ ചെക്ക് ഡാമുകളും വിസിബികളും നിർമിക്കും. 
എരുമക്കയം ചെക്ക്ഡാം  കാസർകോട്  വികസന പാക്കേജിൽ ഏറ്റെടുക്കും. കാർഷിക രംഗത്ത് വിപണന സൗകര്യം മെച്ചപ്പെടുത്താൻ പെരിയയിൽ അഗ്രിമാൾ സജ്ജമാക്കും. ക്ഷീര കർഷകർക്ക് ഇൻസന്റീവ്‌  ഈ വർഷവും തുടരും. പാലിൽ നിന്നും മുല്യവർധിത  ഉൽപന്നങ്ങളുണ്ടാക്കുന്ന യൂണിറ്റും പഴച്ചാർ യൂണിറ്റും ആരംഭിക്കും. 
യുവതയുടെ നൈപുണ്യ വികസനത്തിനും വിജ്ഞാന വിനിമയം  മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും യൂത്ത് ബ്രിഗേഡുകൾ രൂപീകരിക്കും.
 
മാലിന്യമില്ലാതാക്കാൻ 
45 ലക്ഷം
കാലാവസ്ഥ വ്യതിയാനത്തെ സമഗ്രമായി നേരിടുന്നതിന്‌ നെറ്റ് സിറോ കാർബൺ എമിഷൻ പദ്ധതി. മാലിന്യ നിർമാർജനം  ജനകീയമായി പൂർത്തിയാക്കി ജില്ലയെ വലിച്ചറിയൽ മുക്തമാക്കുന്നതിന് സീറോ വേയ്‌സ്റ്റ് കാസർകോട് പദ്ധതി നടപ്പാക്കും. 45 ലക്ഷം രൂപ വകയിരുത്തി. ക്ലീൻ സിവിൽസ്‌റ്റേഷൻ ഗ്രീൻ സിവിൽ സ്റ്റേഷൻ പദ്ധതിയുമണ്ട്‌. 
 
വനിതാ
സൗഹൃദ
ബജറ്റ് 
വനിതകളെ സ്വയം പര്യപ്തമാക്കാൻ പ്രത്യേക പദ്ധതികളുണ്ട്‌. വിധവകൾക്ക്‌ സ്വയം തൊഴിൽ പരിശീലനം നൽകും. കുടുംബശ്രീ യൂണിറ്റിന് 50 ലക്ഷം രൂപയുടെ ധനസഹായം നൽകും. ഷീജിം പദ്ധതി ആവിഷ്‌കരിക്കും. വിവാഹമോചനം ഒഴിവാക്കാൻ പ്രീമാരിറ്റൽ കൗൺസിലും കോഴ്‌സും. വനിതകൾക്ക് അതിക്രമങ്ങൾ ഒഴിവാക്കാൻ ക്രൈമാപ്പിങ്‌ നടത്തും. 
 
ജില്ലാ ആശുപത്രിക്ക്‌ 2കോടി
ജില്ലാ ആശുപത്രി നവീകരിക്കാൻ ഒരു കോടിയും മരുന്നിനും സാമഗ്രികൾക്കും ഒരു കോടിയും  മാറ്റിവെച്ചു. കാത്ത്‌ലാബ്‌ കൂടുതലാളുകൾക്ക്‌ പ്രയോജനപ്പെടുത്താൻ  വിപുലീകരിക്കും. ഓൺലൈനിൽ ടോക്കൺ വരും. അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാരെ നിയമിച്ച്‌ 24 മണിക്കൂറും സേവനം നൽകും. വൃക്ക, കരൾ മാറ്റിവെച്ചവർക്ക്‌ മരുന്ന്‌ നൽകാൻ 60 ലക്ഷം രൂപ നീക്കിവക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡയാലിസിസ്‌ കേന്ദ്രങ്ങൾക്ക്‌ സാഹായം.   
 
സ്‌കൂളുകൾ സ്‌മാർട്ടാകും 
സ്‌കൂൾ കെട്ടിടങ്ങൾ,  പാചകപുര,  ഭക്ഷണ ശാല, ചുറ്റുമതിൽ, ഫർണിച്ചർ, മികച്ച ലാബുകൾ, മെച്ചപ്പെട്ട ശുചുമുറികൾ, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കുന്നതിന്‌ മ;ന്തിയ പരിഗണന. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 54 എൽപി സ്‌കൂൾ ക്ലാസ്‌ മുറികൾ സ്‌മാർട്ടാക്കും. സ്‌മാർട്ട്‌ കിച്ചൻ പദ്ധതിയിൽ സ്‌റ്റീം കുക്കർ സ്ഥാപിക്കും. ലാബ്‌ നവീകരണത്തിനും ഫർണിച്ചറിനും ഒരു കോടി രൂപ വീതം നീക്കിവച്ചു. 
 
കുട്ടികൾ കുതിക്കും 
പുതിയ തലമുറയിൽ കായികാഭിരുചി വളർത്താൻ സ്‌കൂളുകളിൽ ഗെയിംസ്‌ കോർട്ടുകൾ സ്ഥാപിക്കും. നിലവിലുള്ള കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാന കായിക മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്‌ പ്രത്യേക പരിശീലനം നൽകും. സ്‌കൂളുകൾക്ക്‌ കായിക ഉപകരണം നൽകും. പട്ടികവർഗ മേഖലയിൽ നന്തൻകുഴിയിൽ ഇൻഡോർ കോർട്ട്‌ സ്ഥാപിക്കും. സ്‌കൂളുകളിൽ യോഗ ക്ലാസ്‌ ആരംഭിക്കും. എല്ലാ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലും ഒരോ യോഗ പരിശീലകനെ നിയമിക്കും.
 
ഗ്രന്ഥാലയങ്ങൾക്ക്‌ 
കെട്ടിടത്തിന്‌ 10 ലക്ഷം
സ്വന്തമായി സ്ഥലമുള്ള അഞ്ച്‌  ഗ്രന്ഥാലയങ്ങൾക്ക്‌ കെട്ടിടം നിർമിക്കാൻ 10 ലക്ഷം രൂപ വീതം നൽകും. എ പ്ലസ്‌, എ  ഗ്രേഡുള്ളവർക്ക്‌ പ്രൊജക്ടർ. സമം സാംസ്‌ക്കാരികോത്സവം,  സപ്തഭാഷോത്സവം, കേരളോത്സവം സംഘടിപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top