19 April Friday
പുതുക്കിയ വോട്ടർപട്ടിക അശാസ്‌ത്രീയമെന്ന്‌ പരാതി

ഒരേ വീട്ടുകാർ പലയിടത്ത്

കെ സി ലൈജുമോൻUpdated: Sunday Jan 16, 2022
കാസർകോട്‌
കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തിറക്കിയ അന്തിമ വോട്ടർപട്ടിക അശാസ്‌ത്രീയമെന്ന പരാതി വ്യാപകം. ഒരു കുടുംബത്തിലുള്ളവർ അടുത്തടുത്ത ക്രമനമ്പറുകളിലാണ്‌ മുമ്പ്‌ പട്ടികയിലുണ്ടായിരുന്നത്‌. ഇപ്പോഴാകട്ടെ പട്ടികയുടെ പല ഭാഗത്ത്‌ പല ക്രമനമ്പറുകളിലായാണുള്ളത്‌. പട്ടിക പരിശോധിക്കുമ്പോൾ ഏതൊക്കെ വീട്ടിൽ ആരൊക്കെ വോട്ടർമാരായുണ്ടെന്ന്‌ കണ്ടെത്തുകയാണ്‌ ഏറ്റവും പ്രയാസം. ഒരു ബൂത്തിൽ 900 വോട്ടറെങ്കിലുമുണ്ടാകുമെന്നിരിക്കെ ഒരു വീട്ടിലുള്ള വോട്ടർമാർ പട്ടികയുടെ പല ഭാഗത്തായി വരുന്നത്‌ ബൂത്ത്‌ ലെവൽ ഓഫീസർമാരെയും രാഷ്ട്രീയപാർടി പ്രവർത്തകരെയും വലയ്‌ക്കുമെന്നുറപ്പ്‌. 
കഴിഞ്ഞവർഷം നവംബർ ഒന്നിന്‌ കരട്‌ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രാഷ്ട്രീയപാർടികളും ജനപ്രതിനിധികളും  ഈ പിശക്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ശ്രദ്ധയിൽപെടുത്തിയതാണ്‌. എന്നാൽ മാറ്റംവരുത്താതെ 2022 ജനുവരി അഞ്ചിന്‌ അന്തിമ വോട്ടർപട്ടിക പുറത്തിറക്കി. പേര്‌ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ കണ്ടെത്താനായി വോട്ടർപട്ടിക പൂർണമായും പരിശോധിക്കേണ്ട അവസ്ഥയാണ്‌ ഇപ്പോൾ. 
കാസർകോട്‌ അസംബ്ലി മണ്ഡലത്തിലെ 156–-ാം നമ്പർ വോട്ടെടുപ്പ്‌ കേന്ദ്രത്തിലെ 509 ക്രമനമ്പറിലാണ്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ പേരുള്ളത്‌. ഭാര്യ എം സുമതിയുടെ പേരുള്ളത്‌ ക്രനമ്പർ 550ലും. മകൾ ശ്രുതി പട്ടികയുടെ ആദ്യഭാഗത്ത്‌ ക്രമനമ്പർ 13ലും. സിപിഐ എം കാസർകോട്‌ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫയുടെ വീട്ടിലുള്ളവരുടെ പേരും പല ഭാഗത്തായാണുള്ളത്‌. അമ്മ ബീഫാത്തിമയുടെ പേര്‌ ആദ്യ പേജിൽ ക്രമനമ്പർ 19, ഭാര്യ ആയിഷയുടെ പേരുള്ളത്‌ ക്രമനമ്പർ 150,  ഹനീഫയുടെ പേരാകട്ടെ 429 ക്രമനമ്പറിലുമാണുള്ളത്‌.
പട്ടിക തയ്യാറാക്കുമ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നമാണ്‌ ഇതിന്‌ കാരണമെന്ന്‌ അധികാരികൾ പറഞ്ഞു. 
 
ചെയ്‌തത്‌ പുതിയ ഏജൻസി
വോട്ടർപട്ടിക തയ്യാറാക്കുന്ന ചുമതലയിൽനിന്നും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ കെൽട്രോണിനെ ഒഴിവാക്കി മറ്റൊരു ഏജൻസിയെ ഏൽപിച്ചു. പുതിയ പട്ടികയുടെ കരട്‌ തയ്യാറാക്കുമ്പോൾ ഇവർ ചുമതല ഏൽക്കാത്തതിനാൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതാണ്‌ അന്തിമ പട്ടിക പുറത്തിറങ്ങിയപ്പോൾ പിശക്‌ വരാനിടയാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top