25 April Thursday
കെഎസ്ആർടിസി ബസിന്റെ താക്കോൽ ഊരി കടന്നു

സ്വകാര്യ ബസ്‌ ഡ്രൈവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

സ്വകാര്യ ബസ്‌ ഡ്രൈവർ താക്കോൽ ഊരിയെടുത്തതിനാൽ കുറ്റിക്കോലിൽ ട്രിപ്പ് മുടങ്ങിയ കെഎസ്ആർടിസി ബസ്

കുറ്റിക്കോൽ
ഓട്ടത്തിനിടയിൽ കെഎസ്ആർടിസി ബസ്സിന്റെ താക്കോൽ ഊരിയെടുത്ത് സ്ഥലംവിട്ട സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. കാസർകോട് നിന്നും പൊയിനാച്ചി വഴി ബന്തടുക്ക ബളാംതോട് പോകുന്ന സുജിത ബസ് ഡ്രൈവർ ബിജുവാണ്‌ പിടിയിലായത്‌. വെള്ളി വൈകിട്ട്‌ കുറ്റിക്കോലിലാണ് സംഭവം.  
4:35ന് കാസർകോട് നിന്നും പുറപ്പെട്ട് പൊയിനാച്ചി ബന്തടുക്ക - പാണത്തൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് പൊയിനാച്ചിയിൽ സുജിത ബസിന് മുന്നിലാണ്‌ ഓടിയത്‌. കെഎസ്ആർടിസിയെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന സുജിത ബസ് കുറ്റിക്കോലിൽ കുറുകെയിട്ടു.  ഡ്രൈവർ ബിജു ഇറങ്ങി വന്ന് റോഡിൽ നിന്നും കെഎസ്ആർടിസി ഡ്രൈവിങ് സീറ്റിലെ ഡോർ തുറന്ന് ബസ് ഡ്രൈവർ വി ബി സുരേഷ് ബാബുവിനോട്‌ തർക്കിച്ചു. തുടർന്നാണ്‌ താക്കോൽ ഊരിയെടുത്ത് കടന്നുകളഞ്ഞത്‌. ബിജുവിനെ  ബേഡകം പൊലീസ് ബളാംതോട് നിന്നാണ്‌ പിടിച്ചത്‌. 
ഓട്ടം മുടങ്ങിയതിനാൽ കെഎസ്ആർടിസി ബസിലെ ഇരുപതോളം യാത്രക്കാർക്കും ടിക്കറ്റ് തുക തിരിച്ചു നൽകി. സമീപ പ്രദേശങ്ങളിലേക്ക് എത്തേണ്ട യാത്രക്കാർ ടാക്സിയിലും അടുത്ത ബസിലും കയറിപോയി. പാണത്തൂരിലേക്ക് പോയ നാല് പേർക്ക് ഓട്ടോയിൽ പോകാൻ കെഎസ്ആർടിസി ബസ് ജീവനക്കാർ  പണം നൽകി.  
സ്വകാര്യ ബസ് ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ കെഎസ്ആർടിഇഎ  (സിഐടിയു) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top